ആൺ മനസ്സുകളിലെ അലിവുകൾ

Date:

spot_img

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും കൊണ്ട് പുഷ്പഗന്ധം പടർത്തുന്ന ആൺമനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്.

അനുഭവങ്ങളുടെ ചെറുതോണിയിൽ 1985 മുതൽ കൂടെത്തുഴഞ്ഞ ചെറുജീവിതങ്ങൾ ഒക്കെയും ഇപ്പോൾ കട്ടിമീശക്കാരും, കുടുംബസ്ഥരും, വൈദികവൃത്തിയിലുള്ളവരും, അങ്ങനെ ഇതരമേഖലകളിൽ കഴിവുതെളിയിച്ച് തുടരുന്നവരുമൊക്കെയാണ്. കാൽപ്പനികതയുടെ ചെറുവസന്തത്തിൽ സ്വപ്‌നം തിരഞ്ഞവർ… അക്ഷരങ്ങളെ പ്രയോഗസാധനയുടെ രുചിക്കൂട്ട് ചേർത്ത് വായനക്കാരെ പിടിച്ചിരുത്തിയവർ… ചെറുതും വലുതുമായ ജോലികളാൽ അതിജീവനത്തിന്റെ നാൾവഴികളെ സ്‌നേഹിച്ചും, വെറുത്തും,  ആധിപൂണ്ടും, കലഹിച്ചും എനിക്കും നമുക്കും ഒപ്പമുള്ളവർ…

അതെ, കാഴ്ചകളും അനുഭവങ്ങളും തരുന്ന സ്വസ്ഥതകളിലും അസ്വസ്ഥതകളിലും  ആണ്ടിറങ്ങുമ്പോൾ ചിലതൊക്കെ പതിവ് കേൾവികളിൽനിന്നും  വ്യത്യസ്തമായി നനുത്ത്  ഹൃദയത്തിൽ വന്ന് നിറയുന്നു… അങ്ങനെയൊരു അനുഭവത്തിന്റെ  വെളിച്ചത്തിൽ നിന്നാണ് ഇനിയുള്ളത്…

സുനിലാപ്പിയും, ബിജുവും തമ്മിൽ….

കാൽ നൂറ്റാണ്ട് പിന്നിട്ട കളങ്കമില്ലാത്ത കൂട്ട്! സ്വകാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന സുനിലിന് ബിജു കൂട്ടുമാത്രമല്ല കൂടപ്പിറപ്പുമാണ്. അന്ന് ഭൂമി കുലുങ്ങിയപ്പോഴും  ഇന്നലെ പ്രളയം വന്നപ്പോഴും, പെങ്ങന്മാരുടെ വിവാഹങ്ങളിലും ഒക്കെ അവർ വെള്ളംചേർക്കാത്ത സൗഹൃദം കൊണ്ട് രണ്ട് ആൺപൂവുകളാകുന്നത് അതിശയമില്ലാതെ ഞാൻ കണ്ടിട്ടുണ്ട്.

കഴിവുകളുടെ കാര്യത്തിലും, ഉന്നതവിദ്യാഭ്യാസത്തിലും ഏറെ മുന്നിലുള്ള ബിജുവിന് സുനിൽ ‘സുനിലാപ്പി’ ആകുന്നതും ഹൃദയം തൊട്ടവനാകുന്നതും സുനിലിന്റെ അമ്മയുടെയും ചേട്ടന്റെയും വേർപാടിൽ  അവനോടൊപ്പം വ്യസനിച്ചതിനും കാരണം  സുനിൽ ബഹുമുഖപ്രതിഭയായതിനാലല്ല! കൊടുക്കൽ വാങ്ങലുകളിൽ കളങ്കവും കലാപവുമില്ലാത്ത നാൾവഴികളിലായിരുന്നു അവർ എന്നതാണ് വാസ്തവം.  ഇങ്ങനെയുള്ള തുടർച്ചയിൽ അവർക്കൊപ്പം ഞാനുമുണ്ടെന്നത് അതിശയമാണ്!
ചീത്തപറഞ്ഞും ഇടക്കൊക്കെ സൈ്വര്യം കെടുത്തിയും  ഞാനെന്നെ തുറന്നിടുമ്പോൾ വിരസമാകുന്ന നിമിഷങ്ങളിൽപോലും എന്നെയും ചേർത്തതിന്റെ പേരാണല്ലോ സൗഹൃദം!


‘എന്റെ സൂര്യപുത്രിക്ക് ‘ എന്ന സിനിമയും,  അവൻ തന്ന റെയ്ക്കി ഹീലിംഗും


വർഷം 1991 ലെന്നാണ് ഓർമ്മ!  മഹാറാണി തീയേറ്ററിൽ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കണ്ടിറങ്ങി കടലയും കൊറിച്ച് സിനിമ തന്ന ഹാങ്ങ് ഓവറിൽ ഞാൻ ബസ് സ്റ്റാന്റിൽ എത്തുന്നു. വല്ലാത്ത അസ്വസ്ഥതയിൽ നെഞ്ച് തിരുമി നിൽക്കുമ്പോളാണ് അവന്റെ വരവ്.  

സിനിമയെക്കുറിച്ചും ഞങ്ങളെക്കുറിച്ചും മിണ്ടുന്നതിനിടയിൽ നെഞ്ചു തിരുമുന്ന എന്നോട് അവൻ കാരണം ചോദിക്കുകയും,  അങ്ങുമിങ്ങും പോകുന്നവർക്കിടയിൽനിന്ന് മെല്ലെ ഷർട്ടിന് പുറത്ത് കൈപ്പടം ചേർത്ത് അവൻ നിമിഷങ്ങളോളം ‘റെയ്ക്കി’യുടെ ചികിത്സകനായി.  

വളരെ വേഗത്തിൽ  ഒരു ഇളം ചൂട്  വ്യാപരിച്ച എന്നിലേയ്ക്ക്  സ്വസ്ഥതവന്നുനിറയുകയും അനന്തരം ഏറെ പ്രകടനപരതകളില്ലാതെ എന്തൊക്കെയോ മിണ്ടിപ്പറഞ്ഞ് സെന്റ്ജൂഡ് ബസ്സിന്റെ ബാക്ക്‌ഡോറിലൂടെ ഞങ്ങൾ അകത്തേയ്ക്കു കയറുകയും ചെയ്തു. ശരിക്കും അകത്തേക്കു കയറിയ സ്‌നേഹത്തിന്റെ സുഗന്ധം  ഒന്നുകൂടി ഞാൻ ഓർത്ത് എടുക്കുന്നതിനിടയിൽ എനിക്കിറങ്ങേണ്ട സ്ഥലം എത്തിയിരുന്നു…

കുടുംബപുരാണം

ഞങ്ങളിലൂടെ വളർന്ന സ്‌നേഹത്തിന്റെ വിഹിതം കിട്ടിത്തുടങ്ങിയ കുടുംബങ്ങൾ ജാതിമതവ്യത്യാസമില്ലാതെ ഒരുമിക്കുകയും  എന്റെയും, നിന്റെയുമെന്നില്ലാത്തവിധം സ്വന്തങ്ങളായി. കാലുഷ്യങ്ങളുടെ ചവർപ്പുകളും, ആഘോഷങ്ങളുടെ നിമിഷങ്ങളും, അനാരോഗ്യങ്ങളും,  ആശുപത്രിവാസങ്ങളും, അനിവാര്യമായ മരണങ്ങളും ഒക്കെ തൊട്ടുതലോടിയ നാൾവഴികളിലും സ്‌നേഹമാപിനിയിലെ അളവുകൾക്ക് ഇറക്കംവന്നതേയില്ല!

വിഷയത്തിലേയ്ക്ക്…!

ഞാനെന്നും, ഞങ്ങളെന്നും, സുനിലെന്നും, ബിജുവെന്നും പരാമർശിച്ചതും അനുബന്ധസംഭവങ്ങളുമൊക്കെ ഓർമ്മകൾ കെട്ടഴിച്ചിട്ടതല്ല. ബോദ്ധ്യങ്ങളുടെ വേരുകൾ  ഈവിധമൊക്കെ ബലപ്പെടുമ്പോൾ  ആൺമനസ്സുകളുടെ അലിവുകൾ ഓർക്കേണ്ടതും വർത്തമാനകാലത്തിൽ പറയേണ്ടതുമാണ്.

ക്ലീഷേകൾ മാത്രമാകരുത്…!

‘ആൺ’ എന്നു ചിന്തിച്ചുതുടങ്ങുമ്പോൾതന്നെ സാഹിത്യത്തിലും കലയിലും, സിനിമയിലും ഒക്കെ കട്ടിമീശയും പ്രമാണിത്തവും ആണധികാരങ്ങളും കള്ളും, പെണ്ണും, കഞ്ചാവും, തല്ലും, പിടിയും ഒക്കെയായി തുടരുന്നവരും മരണം കണ്ടാൽ കരയാത്തവരും, ഏങ്ങലടിച്ച് നിലവിളിച്ചുപോയാൽ ‘മോഴ’യെന്നുവിധിക്കപ്പെട്ടവരും ഒക്കെയാണ്.

അടുക്കളപ്പണിക്കുകൂടിയാൽ അടിമ…. ഭാര്യയെ അനുസരിച്ചാൽ പെൺകോന്തൻ… അങ്ങനെ പലതുമാണ് ഏറെക്കുറെ നാട്ടുവർത്തമാനങ്ങൾ. അലിവുള്ള  ആൺ മനസ്സുകൾ ഇവിടെ അനേകമുണ്ട്.  ആഘോഷിക്കപ്പെടുന്ന ക്ലീഷേകൾക്കുമപ്പുറം താൻപോരിമയും ഡക്കറേഷനുകളും  അധികമില്ലാതെ കുടുംബത്തോടും, സഹജീവികളോടും സ്‌നേഹം പങ്കിട്ട് ഇതാണ് പൗരുഷം എന്ന ബ്രാക്കറ്റിൽ ഒതുങ്ങാതെ തുടരുന്നവരായിരിക്കണം എല്ലാവരും.

ലഭ്യമായ ഒരോർമ്മ കൂടി

ചുംബനസമരം കണ്ട ജനതയാണ് നാം. ചില സിനിമകൾക്കും, ചുംബനരംഗം വിജയത്തിന് അനിവാര്യതയാകുന്നുമുണ്ട്. എതിർ ലിംഗത്തിൽ ഉള്ളവർക്ക് കൊടുക്കുന്ന ചുംബനങ്ങൾ ഹൈലൈറ്റ് ചെയ്യുകയും സാഹിത്യവർണ്ണനകൾകൊണ്ട് അനുഭവിപ്പിക്കുകയുമാണ് പലപ്പോഴും.

സ്വവർഗ്ഗരതിയുടെ മാനങ്ങളില്ലാതെ മനസ്സിലുദിച്ച സ്‌നേഹനിമിഷങ്ങളിൽ ഒരു പുരുഷൻ  മറ്റൊരു പുരുഷസുഹൃത്തിന് ഉമ്മ കൊടുത്താൽ കാപട്യമെന്ന് കരുതി വ്യാഖ്യാനിക്കാനോ, ശ്ശേ…ഇതൊക്കെയെന്ത്? എന്നു ചോദിക്കാനോ മിനക്കെടരുത് നാം. ഡിവൈനിറ്റിയുള്ള ഇഷ്ടത്തിന്റെ സ്ഫുടം ചെയ്‌തെടുത്ത  ഒരുസത്പ്രവൃത്തിയായി കാണണം അതിനെ.  

ഒരു കുഞ്ഞുകാര്യം കൂടി

നമുക്കിടയിൽ അവശേഷിക്കുന്ന വിവേചനങ്ങളും  ആപൽക്കരമായ നശീകരണചിന്തകളും ഒക്കെ അവസാനിപ്പിക്കുകയും, സമൃദ്ധികളുടെ സംഗമസ്ഥലമായ ഈ ഭൂമിയെ ഇനിയുള്ള തലമുറയ്ക്ക് വൃത്തിയായി സമർപ്പിക്കേണ്ടതും അനിവാര്യതയാണ്. പുരോഗമന ചിന്തകളുടെ പുത്തനാശയങ്ങൾ ഇവിടെ തുയിലുണരുകതന്നെ വേണം. അറിവും, ആത്മീയതയും, സ്‌നേഹവും സമജ്ജസമായി സമ്മേളിച്ചാൽ അതിരുകളും വിടവുകളും ഇല്ലാതാകും.
ആൺ മനസ്സുകളിൽ അലിവും, സ്‌നേഹവും ഇനിയും ഏറെ നിറയണം. അപക്വമായ ചിന്താധാരകളുടെ നിഴലുകളെ ബോദ്ധ്യങ്ങളിലൂടെ ഇല്ലാതാക്കാൻ നമുക്ക് കഴിയണം. ഓർക്കുക….! സൂര്യന്റെ ചുംബനം കൊണ്ടാണ് ചന്ദ്രൻ തെളിയുന്നത്. നമുക്കിടയിൽ നിലാവ് വേണമല്ലോ!

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....
error: Content is protected !!