വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള ഇത്തരം വിരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമായി മാറാറുണ്ട്. ഇതിന് പുറമെയാണ് വീടിന് വെളിയിൽ നിന്നുള്ള ഭക്ഷണം. പലപ്പോഴും മധുവിധുയാത്രകളിൽ ഹോട്ടലുകളിൽ നിന്നായിരിക്കും ഭക്ഷണം കഴിക്കുന്നത്.
സന്തോഷങ്ങളുടെ നിമിഷങ്ങളിൽ ജീവിക്കുമ്പോൾ കൂടുതൽ ഭക്ഷണവും കഴിച്ചുപോകും. ഇങ്ങനെ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ പലതും തൂക്കം വർദ്ധിപ്പിക്കുന്നവയാണെന്ന് ഓർക്കാറുമില്ല. ഇതിന് പുറമെ വ്യായാമക്കുറവും തൂക്കം വർദ്ധിപ്പിക്കും. അതുവരെ ബോഡി മെയ്‌ന്റെയ്ൻ ചെയ്തു പോന്നിരുന്നവരാണെങ്കിലും യാത്രകളിലും ജീവിതത്തിന്റെ മറ്റ് സന്തോഷങ്ങളിലും മുഴുകുന്നതുകൊണ്ട് വർക്കൗട്ടുകൾ മുടങ്ങിപ്പോകാറുമുണ്ട്. ഇതും തൂക്കം വർദ്ധിപ്പിക്കും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഗർഭിണികൾ ആകുന്നതും തൂക്കം വർദ്ധിക്കാൻ കാരണമാകാറുണ്ട്.