മാറുന്ന സിനിമാ ലോകം

Date:

spot_img

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്… കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന് വർണ്ണക്കാഴ്ചകളിലേക്ക്… കാഴ്ചയുടെ ഇത്തിരിവെട്ടത്തിൽ നിന്ന് സിനിമാ സ്‌കോപ്പിന്റെ വിശാലതയിലേക്ക്… കെട്ടുകാഴ്ചകളിൽ നിന്ന് യാഥാർത്ഥ്യങ്ങളിലേക്ക്… ത്രീഡിയും ആനിമേഷനും പോലെയുള്ള സാങ്കേതികതയിലേക്ക്… വൻവിസ്മയം തീർത്ത അഭ്രപാളികളിലെ വിവിധ കാഴ്ചകൾ. എല്ലാറ്റിനും സാക്ഷ്യം വഹിച്ചത് തീയറ്റർ എന്ന വിശാല ലോകമായിരുന്നു.

മലയാളത്തിലെ ആദ്യ സിനിമസ്‌കോപ്പ് സിനിമയും ത്രീഡി സിനിമയും മുതൽ ഹോളിവുഡിലെ ജൂറാസിക് പാർക്കും ടൈറ്റാനിക്കും അവതാറും തമിഴിലെ ബ്രഹ്മാണ്ഡൻ സിനിമകളായ ജന്റിൽമാനും യന്തിരനും ഇങ്ങേയറ്റം ബഹുഭാഷാ സിനിമയായ ബാഹുബലി വരെയുള്ള എത്രയോ സിനിമകളാണ് നാം കാഴ്ചയുടെ ഉത്സവമായി തീയറ്ററിലിരുന്ന് സകടുംബം ആസ്വദിച്ചത്. അച്ഛനും അമ്മയും മക്കളും ചേർന്ന് കൈയടിച്ച് ആസ്വദിച്ച കിലുക്കവും അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കരഞ്ഞ ആകാശദൂതും പോലെയുളള എത്രയെത്ര ഓർമ്മകൾ. സ്ഫടികത്തിലെ മുണ്ട് പറിച്ചുള്ള ആടുതോമായുടെ അടികൾക്ക് തീയറ്ററിൽ എണീറ്റുനിന്ന് കൈയടിച്ച് ആവേശം കൊണ്ട നാളുകൾ. ആറേഴുമാസമായി അടഞ്ഞു കിടക്കുന്ന  വാച്ച്മാൻമാർ മാത്രമുള്ള തീയറ്ററുകൾ കാണുമ്പോൾ ഉള്ളിലുണ്ടായ ചിന്തകളാണ് അതെല്ലാം.  ആരാധനാലയങ്ങൾ ഉൾപ്പടെ പലതും നിയന്ത്രണങ്ങളോടെ തുറന്നുകൊടുത്തിട്ടും തീയറ്ററുകൾ ഇതെഴുതുന്നതുവരെ  അടഞ്ഞുകിടക്കുകയാണ്. ഇനി എന്ന് തുറക്കുമെന്ന് അറിയില്ല. തുറന്നാൽ തന്നെ പഴയതുപോലെ ഒരു ആൾക്കൂട്ടം അവിടെ പ്രതീക്ഷിക്കാനും വകയില്ല. കാരണം സാമൂഹികാകലം പോലെയുള്ള കാര്യങ്ങൾ പല  പ്രായോഗികബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു.

തീയറ്ററുകൾക്ക്  സംഭവിച്ച ഈ മാറ്റം കോവിഡ് കാലത്ത് മാത്രം തുടങ്ങിയതല്ല എന്നതാണ് വാസ്തവം. എത്രയോ നാളു കൾക്ക് മുമ്പുതന്നെ വലിയ തീയറ്ററുകൾ അകാലചരമം പ്രാപിച്ചുതുടങ്ങിയിരുന്നു. പല തീയറ്ററുകളും ഇതിനകം കല്യാണ മണ്ഡപങ്ങളോ ഹാളുകളോ ആയി മാറി. കാരണം പഴയതുപോലെ തീയറ്ററുകളിലേക്ക് ആളുകൾ വരുന്നില്ല. ഈ മാറ്റത്തിന്റെ അനുബന്ധമായിരുന്നു മൾട്ടിപ്ലക്സുകൾ.  കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങുന്ന കാഴ്ചയുടെ ലോകമാണ് അവ തീർത്തത്.
സിനിമകൾ റീലിസ് ചെയ്യുന്ന കാര്യത്തിലും മൾട്ടിപ്ലക്സുകൾ വിപ്ലവം തന്നെയാണ് തീർത്തത്. ബി, സി  തീയറ്ററുകളിലേക്ക് പുതിയ സിനിമകൾ എത്താൻ കാലങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നപ്പോൾ ആ കാലത്തെയും ഒറ്റയടിക്കടിക്ക് മൾട്ടിപ്ലക്സുകൾ മറികടന്നു. ഇപ്പോഴിതാ കോവിഡ് കാലം സിനിമകളുടെ വിപണകാര്യത്തിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്നു.

അതെ കോവിഡ്കാലം സിനിമയുടെ നവീകരണ കാലമാണ്. പുതിയ പുതിയ സാധ്യതകൾ അന്വേഷിക്കുന്ന കാലം. സിനിമ അടിസ്ഥാനപരമായി ഒരു കലാരൂപം തന്നെയാകുമ്പോഴും അത് കച്ചവടം കൂടിയാണ്. എത്ര നല്ല വിഭവമാണെങ്കിലും വച്ചുവിളമ്പാതെ കാത്തുസൂക്ഷിച്ചാൽ പഴകിയും പാഴാകിയും പോകുന്നതുപോലെയാണ് സിനിമയുടെ കാര്യവും. നല്ല രീതിയിൽ എടുത്തിട്ടും പ്രേക്ഷകരിലേക്കെത്തുന്നില്ലെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം? കോവിഡ്  വ്യാപനത്തിൽ സിനിമാ ലോകം അന്തിച്ചുനില്ക്കുകയും നിർമ്മാണപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകുകയും തീയറ്ററുകൾ അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയായ ചിത്രങ്ങളെ അനുവാചകരിലേക്ക് എത്തിക്കാൻ നിർമ്മാതാക്കൾ പല നൂതനരീതികളും സ്വീകരിക്കുകയുണ്ടായി.
ഒടിടി പ്ലാറ്റ് ഫോമായിരുന്നു അത്തരമൊരുസാധ്യത. ഈ സാധ്യത പ്രയോജനപ്പെടുത്തി  മലയാളത്തിൽ റീലിസ് ചെയ്ത ആദ്യസിനിമയായിരുന്നു സൂഫിയും സുജാതയും.  തുടർന്ന് മണിയറയിലെ അശോകൻ, സിയൂ സൂൺ. പിന്നെ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടെലിവിഷൻ സ്‌ക്രീനിലൂടെ റീലീസ് ചെയ്ത കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സും. തീയറ്ററുകളുടെ അസ്തിത്വത്തെയും  നിലനില്പിനെയും തന്നെ ചോദ്യം ചെയ്യുന്നവയാണ് ഈ മാറ്റം. തീയറ്ററുകൾ ഇല്ലാതെയും സിനിമകൾ റീലീസ് ചെയ്യാമെന്ന് നമ്മെ പഠിപ്പിക്കാൻ കോവിഡിന് കഴിഞ്ഞു. അതുപോലെ ബിഗ് ബഡ്ജറ്റിൽ അല്ലാതെയും സിനിമകൾ എടുക്കാമെന്നും.  

ഉടുത്തൊരുങ്ങിയും  വണ്ടിയോടിച്ചും തീയറ്ററിൽ എത്താതെ  റീലീസ് ദിവസം തന്നെ സിനിമ കാണാനും ആസ്വദിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടതോടെ തീയറ്ററുകളെ പലർക്കും വേണ്ടാതായി. സിനിമയുടെ മേക്കിംങ് രീതികൾ മാറിയതും പുതിയ പ്രതിഭകൾ സിനിമയിലേക്ക് കടന്നുവന്നതും ചലച്ചിത്രങ്ങളുടെ നിർമ്മാണചെലവു തന്നെ ഭേദപ്പെട്ട രീതിയിൽ കുറച്ചു. ഫിലിം റോളുകളിൽ നിന്ന് സിനിമ മോചനം പ്രാപിച്ചതുപോലെ തീയറ്ററുകളിൽ നിന്ന് സിനിമയും  വൈകാതെ ചിലപ്പോൾ മുക്തമായേക്കാം. അത്കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. ഒരു ദുരന്തത്തിന് ശേഷം ചിലതൊക്കെ ഇല്ലാതായി പോകുന്ന സ്വഭാവികമായ മാറ്റം പോലെയാണ് അത്. പക്ഷേ തീയറ്ററുകൾ ഇല്ലാതായാലും സിനിമയുണ്ടാവും ഇവിടെ. കാരണം സിനിമയിൽ ജീവിതമുണ്ട് സിനിമ സ്വപ്നം കാണുന്ന അനേകരുണ്ട് ഇവിടെ. അവർക്ക്സിനിമയെടുത്തേ മതിയാവൂ. അവരുടെ ജീവിതത്തിന് അർത്ഥം കൊടുക്കുന്നത് സിനിമയാണ്. അതുകൊണ്ടുതന്നെ സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഇനിയും പുതിയ മാറ്റങ്ങൾക്കായി കാത്തിരിക്കുന്നു.

More like this
Related

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട്...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...
error: Content is protected !!