ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്ന് പഠിക്കേണ്ട ദൗർഭാഗ്യം (അതോ ഭാഗ്യമോ?) എനിക്കുണ്ടായിട്ടുണ്ട്. വിലപിടിച്ച വീട്ടുപകരണങ്ങളുടെ പട്ടികയിലായിരുന്നു അന്നൊക്കെ മണ്ണെണ്ണ വിളക്കിന്റെ സ്ഥാനം. എല്ലാ ആഴ്ചയും അച്ഛൻ റേഷൻകടയിൽ നിന്ന് സെർവോയുടെ തകരപ്പാത്രത്തിൽ വാങ്ങിക്കൊണ്ടു വന്നിരുന്ന മണ്ണെണ്ണ അമൂല്യവസ്തുവായിരുന്നു. വൈകുന്നേരങ്ങളിൽ കുളികഴിഞ്ഞു വരുന്ന അമ്മ പിന്നീട് ചെയ്തിരുന്നത് വിളക്കുകളിൽ എണ്ണ നിറയ്ക്കലായിരുന്നു. ചെറിയ ചോർപ്പ് ഉപയോഗിച്ച് ഒരു തുള്ളിപോലും നിലത്തുവീഴാതെ വിളക്കുകളെല്ലാം നിറച്ചുകഴിയുമ്പോഴേക്ക് സൂര്യനും മറഞ്ഞിട്ടുണ്ടാകും.
ആളിപ്പടരുന്ന തീയണയ്ക്കാൻ പച്ചവെള്ളം കോരിയൊഴിച്ചാൽ മതിയാകുമെങ്കിലും കാഴ്ചയിൽ വെള്ളത്തോട് സാമ്യമുള്ള മണ്ണെണ്ണ എങ്ങനെയാണ് തീ കത്താൻ സഹായിക്കുന്നത് എന്നോർത്ത് പോയിട്ടുണ്ട്. (ലാഭേച്ഛ മനുഷ്യമനസ്സിനെ ഇത്രകണ്ട് കീഴ്‌പ്പെടുത്താത്തതിനാൽ മണ്ണെണ്ണയ്ക്ക് അന്ന് ഇന്നത്തെ നീലനിറം ഉണ്ടായിരുന്നില്ല). വീടുകളിലെ മണ്ണെണ്ണ വിളക്കിന്റെ എണ്ണം സൗകര്യത്തിന്റെയും ആർഭാടത്തിന്റെയും അളവുകോലായി കണക്കാക്കപ്പെട്ടിരുന്ന കാലം!
വായനാമുറിയിലും സ്വീകരണമുറിയിലും ഓരോ വിളക്ക് വീതം. ഒന്ന് അമ്മയുടെ കൈയിൽത്തന്നെ. പാത്രം കഴുകാനായി അടുക്കളയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും പശുവിന്റെ ചാരെ നിന്ന് കിടാവിനെ മാറ്റിക്കെട്ടാൻ തൊഴുത്തിലേക്ക് പോകുമ്പോഴും മുന്നിൽ നീട്ടിപ്പിടിച്ച ആ വിളക്ക് ഇപ്പോഴും മനസ്സിലുണ്ട്.
ചുമയ്ക്കുള്ള മരുന്നുകുപ്പിയുടെ അടപ്പിൽ ദ്വാരമിട്ട് റബർ മരത്തിൽ തറയ്ക്കുന്ന ചില്ല് ചുരുട്ടിവെച്ച് ഒരിക്കൽ ഞാനുമൊരു വിളക്ക് ഉണ്ടാക്കിയതോർക്കുന്നു. അന്ന് അതിന്റെ വെളിച്ചത്തിൽ പാഠപുസ്തകത്തിലെ അക്ഷരങ്ങൾ വേർതിരിച്ച് അറിഞ്ഞപ്പോഴുണ്ടായ നിർവൃതി എത്രയോ വലുതായിരുന്നു. പഠിക്കാനിരിക്കുമ്പോൾ വിളക്കിന് ചുറ്റും ചെറുപ്രാണികൾ പറന്നുനടക്കും. ഇടയ്ക്കല്പ സമയം അവയുടെ നടനവും ശ്രദ്ധിച്ചങ്ങനെ ഇരിക്കുമായിരുന്നു. സ്‌കൂളിൽച്ചെന്ന് പകൽവെളിച്ചത്തിൽ പുസ്തകം തുറക്കുമ്പോൾ അവയ്ക്കിടയിൽ ചതഞ്ഞരഞ്ഞുപോയ മൂന്നുനാലു പ്രാണികൾ.
ചില കർക്കടകസന്ധ്യകളിൽ കടയിലോ മറ്റോ പോയി തിരികെ വരുന്ന വഴിക്ക്, തവളകളുടെ കരച്ചിൽ കൊണ്ട് മുഖരിതമായ വഴുവഴുപ്പുള്ള പാടവരമ്പത്ത് എത്തുമ്പോഴേ വീടിന്റെ ഉമ്മറത്തെ മുട്ടവിളക്കിന്റെ പ്രകാശം കാണാം. വീട് തരുന്ന സുരക്ഷിതത്വത്തിന്റെ ഓർമപ്പെടുത്തലായിരിക്കും ആ നേരങ്ങളിൽ വിളക്ക് ചെയ്യുക.
ഉപ്പിലിട്ട കണ്ണിമാങ്ങയുടെ തീക്കനൽച്ചുവപ്പും ചുട്ടരച്ച ചമ്മന്തിയുടെ കറുപ്പും കാച്ചിയ മോരിന്റെ കടും മഞ്ഞനിറവുമെല്ലാം വ്യത്യസ്തമാക്കിയിരുന്നത് ഈ വിളക്കുകൾ തരുന്ന വെളിച്ചമായിരുന്നു.
വിളക്കുകൾ ഒന്നിലേറെ ഉണ്ടായിരുന്നെങ്കിലും ഓട്ടിൽത്തീർത്ത ഒരു മണ്ണെണ്ണ വിളക്ക് അന്ന് വേറിട്ട് നിന്നിരുന്നു. എൽ.ഇ.ഡി, സി.എഫ്.എൽ ലാമ്പുകളും ട്യൂബ്‌ലൈറ്റുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് ക്ലാവ് പിടിച്ച, പൊടിപിടിച്ച ആ ഓട്ട്‌വിളക്ക് തട്ടിൻമുകളിൽ ഒരിടത്ത് അനാഥമായിക്കിടന്നിരുന്നു, ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പ് പോലെ…
വെളിച്ചം ഇന്ന് ഏറെയാണെങ്കിലും മനസ്സിലെവിടെയോ ഇരുൾ മൂടിയതുപോലെ. സ്‌കൂളും അവധിദിവസങ്ങളിലെ കൂട്ടുകാരൊത്തുള്ള കളികളും കുളത്തിലെ നീന്തലും മാത്രം ചിന്തിച്ചിരുന്ന ഒരു കുട്ടിയിൽ നിന്ന് ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിയുന്ന ഒരുവനിലേക്ക് വളർന്നുപോയതിനാലാവാം. സ്വിച്ചിട്ടാൽ പകൽ സൃഷ്ടിക്കാമെങ്കിലും പഴയ മണ്ണെണ്ണ വിളക്കുകൾ തന്നിരുന്ന ആ വെളിച്ചം…
പ്രകാശം എവിടെയാണ്?
പി ഹരികൃഷ്ണൻ