വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ആ വാക്കിന് വലിയ പ്രാധാന്യമുണ്ട്. രാജി. രാജിക്ക് ഇംഗ്ലീഷിലെ റെസിഗ്നേഷൻ എന്നത് മാത്രമല്ല അർത്ഥമെന്ന് തോന്നുന്നു. സന്ധിയാവുക, രമ്യതയിലാവുക, ഒത്തുതീർപ്പാകുക എന്നെല്ലാം കൂടി അതിന് അർത്ഥമുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള വാഗ്വാദങ്ങൾക്കും അഭിപ്രായഭിന്നതകൾക്കും ശേഷം കൈ കൊടുക്കുമ്പോൾ രാജിയായി എന്ന് ചില നാട്ടിൻപ്പുറ ഭാഷയുണ്ട്. വിഷയം അതല്ല രാജിയെക്കുറിച്ചുള്ള ചില മനോഭാവങ്ങളാണ്. രാജിയെക്കുറിച്ചു ചിന്തിക്കുമ്പോൾ പലതരം ആൾക്കാരെ കാണാൻ കഴിയും. തങ്ങളുടെ ആദർശത്തിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടിവരുമ്പോഴോ തന്റെ നിലപാടിന് ചേരാത്ത നടപടികൾ ഉണ്ടാകുമ്പോഴോ താൻ വഹിക്കുന്ന പദവികളിൽ നിന്ന് സ്വമേധയാ പുറത്തുപോകാൻ ഒരാൾ കാണിക്കുന്ന സന്നദ്ധതയും തന്റേടവുമാണ് അത്. ചില അപകടങ്ങൾ ഉണ്ടാകുമ്പോൾ, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചില ഭരണാധികാരികൾ രാജിവയ്ക്കാറുണ്ട്.
മറ്റൊരു കൂട്ടർ തന്റെ ഭാഗത്ത് തെറ്റുണ്ടായാലും തന്നോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടാലും രാജിവച്ചു പോകാൻ സന്നദ്ധത ഇല്ലാത്തവരാണ്. സ്വയം ന്യായീകരിക്കുന്നവരാണ്. നീതികരിക്കപ്പെടാൻ വേണ്ടി അവർ തന്റെ തെറ്റുമറച്ചുവയ്ക്കുകയും മറ്റുള്ളവരെ കൂട്ടുപ്രതികളാക്കുകയും ചെയ്യും അധികാരത്തിന്റെ സുഖം തലയ്ക്കു പിടിച്ചവരുംഅധികാരത്തിൽ നിന്ന് പിരിഞ്ഞുപോകാൻ മനസ്സില്ലാത്തവരുമാണ് അവർ.
വേറെ ചിലരുണ്ട് രാജിവച്ച് മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കും. ഞാൻ രാജിവയ്ക്കും, ഞാൻ രാജിവയ്ക്കും എന്ന് ഭീഷണി മുഴക്കിക്കൊണ്ടിരിക്കും. ചില സഹപ്രവർത്തകരെ അങ്ങനെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും കൂടുതൽ ശമ്പളത്തിനും വേണ്ടിയാണ് അവർ അപ്രകാരം ചെയ്യുന്നത്. അയാൾക്ക് പകരം മറ്റൊരാളില്ലാത്തതുകൊണ്ടോ അതോ അയാൾ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടോ മാനേജ്മെന്റ് ഭാഗത്ത് നിന്ന് രാജി പിൻവലിപ്പി്ക്കാനുള്ള ശ്രമം നടക്കും.
രാജിക്കൊരു വിലയുണ്ട്. ഒരു പദവിയിൽ ഇരിക്കുന്ന വ്യക്തിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ രാജിവയ്ക്കാൻ മടിവിചാരിക്കരുത്. രാജിവച്ചതിന് ശേഷം വിചാരണ നേരിടുകയും സത്യം തെളിയുകയും ചെയ്തുകഴിയുമ്പോൾ ആവശ്യമെങ്കിൽ തിരികെ പദവിയിലെത്താമല്ലോ? രാജി ആവശ്യപ്പെടുന്നത് നിങ്ങൾ കുറ്റക്കാരനാണെന്ന് അതുമായി ബന്ധപ്പെട്ടവർക്ക് തോന്നുന്നതുകൊണ്ടാണ്. നിങ്ങളെ ആ പദവിയിൽ തുടരാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ്. മാന്യമായ മറുപടിയാണ് രാജി. സമാധാനപൂർവ്വമായ തീരുമാനമാണ് രാജി. ഒരു രാജിക്കുവേണ്ടി അവിടവിടെയായി എത്രയോ നിലവിളികളാണ് ഉയർന്നുകേൾക്കുന്നത്. എത്രയോ പേരുടെ ഊർജ്ജമാണ് പാഴായി പോകുന്നത്. എത്രയോ അനാവശ്യമായ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ല കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ട സമയവും ധനവും വ്യക്തിപരമായ കഴിവുകളുമാണ് ഇവിടെ പാഴായിപോകുന്നത്. എന്തു കഷ്ടമാണ് അതെന്ന് നോക്കൂ.
ജീവിതത്തിൽ നിന്നുള്ള രാജിയാണ് മരണം എന്നും കൂടി പറഞ്ഞുകൊളളട്ടെ. ഇനി മനുഷ്യൻ എന്ന സ്ഥാനവും പദവിയും അലങ്കരിക്കാൻ അവസരമില്ല. ആ അവസ്ഥയിൽ തുടരുന്നുമില്ല ജീവിതത്തിന് കൊടുക്കുന്ന രാജിക്കത്ത്. അതാണ് മരണം.