ചോദ്യങ്ങളെ ഭയപ്പെടുമ്പോൾ…

Date:

spot_img

ചോദ്യങ്ങളെ പൊതുവെ എല്ലാവർക്കും പേടിയാണ്. ചെറിയ ക്ലാസുകളിലെ മുതൽ വലിയ ക്ലാസുകളിലെ വരെ അധ്യാപകരുടെ ചോദ്യങ്ങളെ പേടിച്ചുകഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥിക്കാലം പലരുടെയും ഓർമ്മയിലുണ്ടാവും. ഉത്തരങ്ങൾ അറിയാവുന്നവരെയാകട്ടെ ഇത്തരം പേടികളൊന്നും ബാധിക്കുകയേയില്ല. കാരണം അവരുടെ മനസ്സിൽ ഉത്തരങ്ങളുണ്ട്. ശരിയായ ഉത്തരങ്ങൾ. വിഷയത്തെക്കുറിച്ചുള്ള നീതികരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. വിശദീകരണങ്ങളുമുണ്ട്.
സാർ ഞാൻ പറയാം എന്ന് കൈ ഉയർത്തി അവർ തങ്ങളുടെ അറിവിനെ തുറന്നുപറയാൻ സന്നദ്ധരാകുകയും ചെയ്യും. ചോദ്യങ്ങളിൽ നിന്ന് രക്ഷ നേടാൻ അധ്യാപകർക്ക് മുഖം കൊടുക്കാതിരിക്കുന്നവരുമുണ്ട്. മുഖം കുനിഞ്ഞിരിക്കുന്നവർ. അവർ തങ്ങളിൽ നിന്ന് തന്നെ ഒളിച്ചോടുകയാണ്. സത്യത്തിൽ ചോദ്യങ്ങളാണ് നമ്മെ വളർത്തുന്നത്. ചോദ്യങ്ങൾക്ക് മുമ്പിൽ നിന്ന് ഒളിച്ചോടുന്നവർ അവനവരിൽ നിന്ന് തന്നെ ഓടിയൊളിക്കുകയാണ്. തങ്ങളുടെ അറിവുകേട് വെളിച്ചത്തുവരുമോയെന്ന് അവർ ഭയക്കുന്നു. പല ഗുരുക്കന്മാരും ചോദ്യങ്ങൾ ചോദിക്കുന്നവരായിരുന്നു. ചോദ്യങ്ങൾ വഴിയാണ് അവർ ശിഷ്യരെ വളർത്തിയത്. സോക്രട്ടീസു മുതല്ക്കുള്ള ഗുരുപാരമ്പര്യങ്ങളെ അനുസ്മരിക്കുക. അവർ ചോദ്യങ്ങൾ ചോദിച്ചുവെന്ന് മാത്രമല്ല അവരോടു ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ടായിരുന്നു, അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയുമില്ല.

 പക്ഷേ പുതിയ കാലത്തെ ഭരണാധികാരികൾ പലരും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരാണ്. ചോദ്യങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ്. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകുന്നവരാണ്. പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള തീരുമാനം  ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണല്ലോ? എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം അധികാരികൾ എടുത്തിരിക്കുന്നത്? ചോദ്യങ്ങൾ ചോദിക്കുക എന്നത് ജനാധിപത്യം അനുശാസിക്കുന്ന സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ രാജ്യം ഒരുതരത്തിലുള്ള സേ്വച്ഛാധിപത്യത്തിന്റെ വഴിയെയാണ് സഞ്ചരിക്കുന്നതെന്ന് നാം ഭയക്കേണ്ടിയിരിക്കുന്നു.

 ചില കുടുംബങ്ങളിലും  ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാറുണ്ട്. പണം എന്തു ചെയ്യുന്നുവെന്നോ ഇ്ത്രയും ചെലവുകൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നോ പരസ്പരം ചോദ്യം ചോദിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ദമ്പതികൾ ധാരാളമുണ്ട്. ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് ബന്ധങ്ങളിൽ അടുപ്പം ഇ്ല്ലാത്തതുകൊണ്ടാണ്.

 ഇനി വേറൊരു തരത്തിലുളള ചോദ്യങ്ങളുമുണ്ട്. കുട്ടികളുടെ ചോദ്യങ്ങളാണ് അവ. തീരെ കൊച്ചുകുട്ടികളുടെ ചില ചോദ്യങ്ങൾ മാതാപിതാക്കളെ ഉത്തരംമുട്ടിക്കാറുണ്ട്. പ്രത്യേകിച്ച് തന്റെ ജനനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക. മിണ്ടാതിരിക്ക് എന്ന മട്ടിൽ ചോദ്യങ്ങളെ അടിച്ചമർത്തുകയാണ് പല മാതാപിതാക്കളും ചെയ്യുന്നത്. കു്ട്ടികളെ ചോദ്യം ചെയ്യാൻ അനുവദിക്കുക. അവർ ചോദ്യം ചോദിച്ച് വളരട്ടെ.
 നാം നമ്മോട് തന്നെ ചോദ്യങ്ങൾ ചോദിക്കുകയാണ് മറ്റൊരു മാർഗ്ഗം. നാം സ്വയം വളരാനുള്ള വഴി കൂടിയാണ് അത്. ഉള്ളിൽ പിറവിയെടുക്കുന്ന ചോദ്യങ്ങളെ വളരാൻ അനുവദിക്കുക. ആ ചോദ്യങ്ങൾക്ക് പിന്നാലെ പോകുക. ഉത്തരം കിട്ടും വരെ ചോദ്യം ചോദിക്കുക. ചോദ്യങ്ങൾക്കൊപ്പം നാം വളരുക തന്നെ ചെയ്യും.

More like this
Related

ചേക്കേറാൻ നമുക്ക് എത്ര എത്ര ചില്ലകൾ

എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം,...

സത്യത്തിന്റെയും നുണയുടെയും മുഖങ്ങൾ

എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന്...
error: Content is protected !!