ചില മുയലുകൾ ഇങ്ങനെയാണ്
പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരും
ഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽ
പ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകും
പുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലും
പോകുവാൻ മുയലിന് മനസ്സില്ല
തൊട്ടുതൊട്ടങ്ങനെ വന്ന്
പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കും
മൂരി നിവർന്ന്
മൂകതപറ്റി
മരച്ചുവടു മാറിക്കിടന്നാലും
മുയൽ പോവുകയില്ല
അവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്
അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്
അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്
കാടിനെ നടുക്കുന്ന ഗർ്ജ്ജനമാകുന്ന
ഒരു നിമിഷത്തെപ്പറ്റി പ്രഭാഷണം നടത്തും
ഭയം സാത്വികമാണെന്ന നാട്ടുനടപ്പിൽ
അവിശ്വാസിയായി നടിക്കും
സംയമത്തിന്റെ ശാന്തതയിൽ
കാറ്റുപിടിക്കുമ്പോൾ
ചില്ലകളുലഞ്ഞ്
അസ്തിത്വത്തിന്റെ അടിവേരുകൾ
ഇളകുമ്പോൾ
അവൻ മുയലിന് നേരെ
അരുമയോടെ കൈനീട്ടും
എന്നാൽ
തൊട്ടുണർത്തിയ രജോഗുണത്തിന്
മുന്നിൽ നിന്നും
നാട്ടുനടപ്പ് തെറ്റിക്കാതെ
പാഴിലകൾക്ക് മുകളിലൂടെ
മുയൽ ഓടിയോടിപ്പോകും
ഉണർന്നു മുറ്റിയ ശൗര്യം ശമനം കൊള്ളാതെ
പുലിയുടെ കോമ്പല്ലുകൾ രാകി മിനുക്കും
തുറന്ന വായിൽ
നിലയ്ക്കാത്ത ഗർജ്ജനം തൊടുത്തുവെക്കും
കാണുന്ന മാളങ്ങളിലൊക്കെയും
അവൻ നഖങ്ങൾ കൊണ്ട്
ശൗര്യത്തിന്റെ മുദ്രകൾ ചാർത്തും
അങ്ങനെയാണത്രെ ചില പുലികൾ
അക്രമാസക്തരാകുന്നത്.