വളർച്ച മുരടിച്ച അവസ്ഥയാണ് വാർദ്ധക്യം. അതായത് ഇനി വളരാൻ ബാക്കിയില്ലാത്ത അവസ്ഥ. വൃദ്ധരെ നോക്കൂ ജരയും നരയും ബാധിച്ചവർ. അവരുടെ ഭാവിയിൽ ഇനി യൗവനത്തിന്റെ വസന്തങ്ങളില്ല. വളർച്ചയുടെ കുരുന്നിലകൾ പൊട്ടിമുളയ്ക്കാനുമില്ല.
ലോക വയോജന ദിനമാണ് ഒക്ടോബർ രണ്ടിന്. വൃദ്ധരുടെ അന്തസിനെ ആദരിക്കാനും വാർദ്ധക്യത്തോട് കരുതലുള്ളവരാകാനും ഓർമ്മിപ്പിക്കുന്ന ദിനം. ശാരീരികമായ ജരാനരകളെ നമുക്ക് ഇല്ലാതാക്കാനാവില്ല. നമ്മൾ മനുഷ്യരാണ് എന്നതിന്റെ അടയാളം കൂടിയാണ് അത്. ജീവിതത്തിലെ ഒരു ഘട്ടമാണ് അത്. അതിനെ സ്വീകരിക്കാതിരിക്കാനാവില്ല.
പക്ഷേ ഭയപ്പെടുത്തുന്നത് മനസ്സിന്റെ വളർച്ച മുരടിച്ച അവസ്ഥയാണ്. ഇന്ന് ലോകം മുഴുവൻ സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതങ്ങളിൽ അത്രമേൽ ആഘാതമാണ് വരുത്തിവച്ചിരിക്കുന്നത്. കാലം മുഴുവൻ സ്തംഭിച്ചുപോയതുപോലെ… പഴയതുപോലെയുള്ള ഒരു ചുറ്റുപാടിലേക്ക് നമുക്ക് എന്നു മാറാൻ കഴിയും എന്നറിയില്ല. ജീവിതം സാധാരണനിലയിലേക്ക് എങ്ങനെയെത്തിച്ചേരും എന്നതിനെക്കുറിച്ചും ആർക്കും ഉറപ്പൊന്നുമില്ല.
ശാസ്ത്രം മുഴുവൻ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുപോലും പൂർണ്ണമായും വിജയിച്ചുവെന്ന അവസ്ഥയിൽ നമുക്കിനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അതാണ് യാഥാർത്ഥ്യമെന്നിരിക്കെ നമുക്ക് ചെയ്യാവുന്നത് ഒന്നേയുള്ളൂ. മനസ്സിലെ പ്രതീക്ഷകളെ കെടുത്താതിരിക്കുക, മനസ്സിനെ മുരടിക്കാൻ അനുവദിക്കാതിരിക്കുക. ഇതും കടന്നുപോകുമെന്ന ശുഭാപ്തിവിശ്വാസത്തിൽ പിടിമുറുക്കുക.
പലരുടെയും സാമ്പത്തിക മേഖല താറുമാറായിട്ടുണ്ട്. ഭാഗികമോ പൂർണ്ണമോ ആയ തൊഴിൽ നഷ്ടങ്ങൾ. അപൂർവ്വം ചിലർക്ക് മാത്രമേ പിടിച്ചുനില്ക്കാൻ പോലും കഴിയുന്നുള്ളൂ. അതുകൊണ്ട് കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കാവലാളായി മാറുക. പ്രതീക്ഷകളുടെ വാക്കുകൾ പരസ്പരം സംസാരിക്കുക. മനസ്സ് തളരുന്നതുകൊണ്ടാണ് ശരീരം പോലും തളർന്നുപോകുന്നത്. മനസ്സിന് കരുത്തുണ്ടെങ്കിൽ ശരീരം അതിനോട് പ്രതികരിക്കും. ശാരീരികമായ വാർ്ദ്ധക്യത്തെ നമുക്ക് പിടിച്ചുകെട്ടാൻ കഴിയില്ല. പക്ഷേ മാനസികമായി വൃദ്ധരാകാതിരിക്കാൻ നമുക്ക് ബോധപൂർവ്വം ശ്രമിക്കാം.
ശുഭപ്രതീക്ഷകൾ
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്