കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

Date:

spot_img

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി നമുക്ക് മുന്നിലുണ്ട്. പക്ഷെ ഇവയിൽ പലതും വൻ സാമ്പത്തിക ബാധ്യതകൾ വരുന്നതും സാധാരണക്കാരന് ആലോചിക്കാൻ കഴിയാത്ത കാര്യങ്ങളുമാണ്. ഇവിടെയാണ് സർക്കാരിന്റെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ പ്രസക്തമാകുന്നത്. വളരെ തുച്ഛമായ തുകയ്ക്ക് വലിയ ഇൻഷൂറൻസ് കവറേജ് നൽകുന്ന ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ നമുക്കതിനായി പരിചയപ്പെടാം.
ആശുപത്രികളിൽ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയാണ് ഇത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2008 മുതൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നത്.

കേരള സർക്കാർ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്ര സർക്കാർ പദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയ പദ്ധതികൾക്ക് പകരമായി വിഭാവനം ചെയ്തിരിക്കുന്ന പുതിയ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി. പഴയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ വിഭാവനം ചെയ്തതാണ് പുതിയ പദ്ധതി. പഴയ പദ്ധതികളിൽ അംഗങ്ങളായിരുന്നവർ അവരുടെ കാർഡ് പുതുക്കി പുതിയ പദ്ധതിയിൽ അംഗങ്ങളാകേണ്ടതാണ്. പഴയ പദ്ധതിയിൽ ഉൾപ്പെട്ടവർ കാർഡ് പുതുക്കുമ്പോൾ കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി എന്ന പുതിയ പദ്ധതിയിൽ അംഗങ്ങളാകുന്നു. നിലവിൽ പഴയ പദ്ധതികളിൽ അംഗങ്ങളായവരെ മാത്രമാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുതായി പദ്ധതിയിൽ അംഗത്വമെടുക്കാനാഗ്രഹിക്കുന്നവർക്കായി നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. നടപടി പൂർത്തിയുകുന്ന പക്ഷം സർക്കാർ മാധ്യമങ്ങൾ വഴി അറിയിപ്പു നൽകുകയും പുതുതായി അംഗങ്ങളെ ചേർക്കുന്നതുമാണ്.

പരിരക്ഷകൾ

ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നത്. കിടത്തി ചികിത്സ സമയത്തെ ചികിത്സകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മൂന്ന് ദിവസം മുൻപും വിടുതൽ ചെയ്തശേഷം അഞ്ച് ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ, മരുന്നുകൾ എന്നിവയും സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടിവരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. ജനറൽ വാർഡ്, തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ള ചികിത്സകൾക്കു മാത്രമാണ് ആനുകൂല്യം.

ആനുകൂല്യം ലഭിക്കാൻ

പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികളിൽ  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ട്.  ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഇൻഷ്വറൻസ് കാർഡ് ഈ കൗണ്ടറിൽ നൽകണം. റേഷൻ കാർഡ്, ആധാർകാർഡ് പോലെയുള്ള രേഖകളും കൈവശം വയ്ക്കുക.

ഇവ ശ്രദ്ധിക്കുക

 കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരം കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങൾക്കും അംഗത്വം എടുക്കാം.
 കുടുംബത്തിലെ ഒരു അംഗം കാർഡ് പുതുക്കിയാൽ മതി. മറ്റ് അംഗങ്ങൾക്കു ചികിത്സ വേണമെങ്കിൽ കാർഡിൽ അവരുടെ പേര് കൂട്ടിച്ചേർക്കാം. റേഷൻ കാർഡിൽ പേരില്ലാത്തവരാണ് പേര് കൂട്ടിച്ചേർക്കാൻ വരുന്നതെങ്കിൽ അവർ റേഷൻ കാർഡിൽ ഉള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാം. ഉദാ: ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്.

 പദ്ധതിയിൽ അംഗമാകുന്നതിനും പിന്നീട് കൂട്ടി ചേർക്കേണ്ട അവസരത്തിലും അവരവരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, 2018-19 വർഷം സാധുവായ ആരോഗ്യ ഇൻഷൂറൻസ് കാർഡ് എന്നിവയുടെ അസൽ ഹാജരാക്കണം.
 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് നഷ്ടപ്പെട്ടാൽ കാർഡിനായി നൽകിയ മൊബൈൽ നമ്പർ ആശുപത്രി കൗണ്ടറിൽ അറിയിച്ചാൽ സൗജന്യ ചികിത്സ ലഭിക്കും.
 കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാകാൻ ഒരു കുടുംബം 50 രൂപയാണ് നൽകേണ്ടത്. കുടുംബത്തിലെ  ബാക്കി അംഗങ്ങളെ കൂട്ടിച്ചേർക്കുന്ന അവസരത്തിൽ പണം നൽകേണ്ടതില്ല.

 കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളെക്കുറിച്ചു മനസിലാക്കുന്നതിനും താഴെ നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. നമ്പർ: 18002002530, 18001212530.

വിനിൽ ജോസഫ്

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...
error: Content is protected !!