ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

Date:

spot_img

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്. സുന്ദരിയായിരുന്നു മാസൂറി. പെണ്ണുങ്ങൾ പോലും അസൂയയോടെ നോക്കിനിന്നു പോകുന്ന സൗന്ദര്യദേവത.

അനേകം ആണുങ്ങൾ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. പക്ഷേ അതിന്  ഭാഗ്യം ലഭിച്ചത് വാൻ ഡാറസ് എന്ന യോദ്ധാവിനായിരുന്നു. സ്വർഗ്ഗം കിട്ടിയവനെപോലെ സന്തോഷമായിരുന്നു അപ്പോൾ വാൻ ഡാറസിന്.

പ്രകൃതിയുടെ മനോഹാരിതയിൽ അവർ സ്നേഹിച്ചു നടന്നു. നദികളും മരങ്ങളും അവരുടെ സ്നേഹത്തിന് സാക്ഷികളായി. കിളികളും മൃഗങ്ങളും അവരുടെ സ്വകാര്യതകൾക്ക് ഭംഗം വരുത്തിയില്ല. ചിലപ്പോൾ പൂവായും മറ്റ് ചിലപ്പോൾ പൂമ്പാറ്റയായും അവർ മാറിക്കൊണ്ടിരുന്നു. അവരുടെ  സന്തോഷഭരിതമായ അത്തരം ദിനങ്ങളിലാണ് ശത്രുസൈന്യം അവരുടെ ദേശത്തെ ആക്രമിക്കാനായി വന്നത്.
യുദ്ധരംഗത്തേക്ക് യാത്രയാകുമ്പോൾ മാസൂറിയുടെയും വാൻ ഡാറസിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് വീണ്ടും ഒരുമിക്കാമെന്ന പ്രതീക്ഷ മാത്രമായിരുന്നു അവരുടെ ദിനരാത്രങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം നല്കിയത്.
ഭർത്താവ് വരുന്നതും നോക്കി വഴിക്കണ്ണുമായി കാത്തിരുന്ന മാസൂറിയുടെ കൺവെട്ടത്തിലേക്ക്  കയറിവന്നത് സഞ്ചാരിയായ ഒരു ചെറുപ്പക്കാരനായിരുന്നു പേര് ദെറാമൻ.  തെറ്റുകളൊന്നുമില്ലാതെ സ്ത്രീക്കും പുരുഷ നും എങ്ങനെ സൗഹൃദം പുലർത്താൻ

കഴിയും എന്നതിന്റെ തെളിവുകൂടിയാ യിരുന്നു അവർ തമ്മിലുള്ള ഹൃദയബന്ധം.
പക്ഷേ ഗ്രാമത്തലവന്റെ ഭാര്യ ഈ അവസരം മുതലെടുത്തു. മാസൂറിയോട് എന്നും അസൂയാലുവായിരുന്ന അവൾ ഒരു കഥ മെനഞ്ഞെടുത്തു. മാസൂറിയും ആ ചെറുപ്പക്കാരനും തമ്മിൽ അവിശുദ്ധമായ ബന്ധമാണെന്നായിരുന്നു ആ കഥ. കരയാകെ കള്ളക്കഥ പരന്നപ്പോൾ ഗ്രാമം മുഴുവൻ മാസൂറിക്കെതിരായി.  പരപുരുഷബന്ധം ആരോപിച്ച് അവളെ വധിക്കണമെന്നായി അവർ. തന്റെ നിരപരാധിത്വം തെളിയിക്കാൻ അവൾ ശ്രമിച്ചുവെങ്കിലും ആരും അത് വിശ്വസിച്ചില്ല.
 ഒരു മരത്തിൽ കെട്ടിയിട്ട് അവളെ വെട്ടിക്കൊല്ലാനായിരുന്നു ഗ്രാമത്തലവന്റെ ആജ്ഞ. പല തരം വാളുകൾ കൊണ്ട് വെട്ടിയിട്ടും മാസൂറിയെ മുറിവേല്പിക്കാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. ഒടുവിൽ തന്റെ തന്നെ വീട്ടിലുള്ള കെറീസ് (തോക്ക് കണ്ടുപിടിക്കുന്നതിന് മുമ്പ് മധ്യയുഗങ്ങളിൽ ആയുധമായി ഉപയോഗിച്ചിരുന്നത്) ഉപയോഗിച്ച്തന്നെ വെട്ടിക്കൊലപ്പെടുത്താൻ പറയേണ്ടി വന്നു മാസൂറിക്ക്.

ആ സമയം അവളുടെ ഉദരത്തിൽ നിന്ന് പുറത്തേയ്ക്കൊഴുകിയത് ചുവന്ന രക്തമായിരുന്നില്ല വെളുത്ത രക്തമായിരുന്നു. മാസൂറിയുടെ ചാരിത്ര്യശുദ്ധിയുടെ അടയാളമായിരുന്നു അത്. മാസൂറിയുടെ ആർത്തനാദം അവിടെയെങ്ങും മുഴങ്ങി. മരണത്തിനു മുമ്പ് അവൾ  കരമുയർത്തി തന്റെ നാടിനെ ശപിച്ചു.
ഏഴുതലമുറകളോളം ഈ നാട് ഗതിപിടിക്കാതെ പോകട്ടെ. ശത്രുസൈന്യം നിങ്ങളെ കീഴ്പ്പെടുത്തും.

മാസൂറിയുടെ പ്രവചനം സത്യമായെന്ന് പില്ക്കാല സംഭവങ്ങൾ രേഖപ്പെടുത്തുന്നു.
കിളികൾ പറന്നുവന്ന് മാസൂറിയുടെ മൃതശരീരത്തെ മറച്ചു. മരങ്ങൾ പൂക്കൾ പൊഴിച്ച് അവളുടെ മൃതദേഹത്തിന് ആദരാഞ്ജലികൾ നേർന്നു. ലങ്കാവിയിലെത്തുന്ന ഒരാളും മാസൂറിയുടെ കബറിടത്തിലെത്താതെ പോകില്ല. പ്രത്യേകിച്ച് നവവധൂവരന്മാർ.   നുണയും അസൂയയും ചേർന്ന് ദാമ്പത്യബന്ധങ്ങളെ ശിഥിലമാക്കിക്കളയും എന്നതിന്  വർഷങ്ങൾക്കിപ്പുറവും മാസൂറിയുടെ ജീവിതം സാക്ഷ്യമേകുന്നു. ഒരുപക്ഷേ ഇത്തരമൊരു പാഠവും തിരിച്ചറിവുമായിരിക്കാം  ഇവിടെയെത്തുന്ന വധൂവരന്മാരെ ആകർഷിക്കുന്നത്.  ലങ്കാവി ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ കബറിടം സ്ഥിതി ചെയ്യുന്നത്.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

സാവന്ന ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്

യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.  യുഎസിന്റെചരിത്രത്തിൽ...
error: Content is protected !!