വിവാഹത്തെക്കുറിച്ച് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷനെക്കാൾ
സ്ത്രീക്ക് പ്രായം കുറവായിരിക്കണമെന്ന്.
പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ഒരു വ്യവസ്ഥാപിത നിയമമാണ് അത്. കുടുംബം എന്ന വ്യവസ്ഥിതിയിൽ പുരുഷന് കൂടുതൽ സ്ഥാനം കിട്ടാനും അവന്റെ മേൽക്കോയ്മ അംഗീകരിക്കാനുമുള്ള ഒരു എളുപ്പമാർഗ്ഗം കൂടിയായിരുന്നു അത്. പ്രായമായവരെ അംഗീകരിക്കണം, ആദരിക്കണം എന്നെല്ലാമുള്ള നമ്മുടെ ചില സങ്കല്പങ്ങൾക്ക് പോഷകത്വം നല്കുന്നവയായിരുന്നു സ്ത്രീയെക്കാൾ പ്രായം കൂടിയ പുരുഷൻ.
എന്നാൽ പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രായത്തിന്റെ അതിർവരമ്പ് മാഞ്ഞുപോകുന്നതിനുള്ള ഒരു രീതിക്ക് തുടക്കം കുറിക്കുകയാണ് പുതിയ കാലം. അതനുസരിച്ചാണ് പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 ലേക്ക് ഉയർത്തുമെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
അതായത് ഇനി വിവാഹം കഴിക്കാൻ സ്ത്രീക്കും പുരുഷനും ഒരേ പ്രായം വേണം. പുരുഷന്റെ വിവാഹ പ്രായം 21 ആയി തുടരുമ്പോൾ തന്നെ സ്ത്രീയുടെ വിവാഹപ്രായം 21 ആയി ഉയരും.
ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നതോടെ വിവാഹജീവിതത്തെക്കുറിച്ചുള്ള പല അപ്രഖ്യാപിത തീരുമാനങ്ങളും കടപുഴകി വീഴും. പുരുഷന്റെ മേൽക്കോയ്മ ഇവിടെ തകർന്നുവീഴും. തുല്യപദവി, തുല്യാവകാശം എന്ന രീതിയിലേക്ക് സ്ത്രീപുരുഷ ബന്ധങ്ങൾ വാർന്നുവീഴും. ഭർത്താവിനും ഭാര്യയ്ക്കും രണ്ട് വിവാഹപ്രായം എന്നത് നിയമാനുസൃതമല്ല കാരണം വിവാഹത്തിൽ ഏർപ്പെടുന്ന പങ്കാളികൾ എല്ലാവിധത്തിലും തുല്യരാണ്. അവരുടെ എല്ലാ പ്രവൃത്തികളിലും തുല്യത വേണം എന്നാണ് ഇതേക്കുറിച്ചുള്ള സ്ത്രീപക്ഷമായ നിലപാടുകൾ.
യുഎസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ 143 രാജ്യങ്ങളിൽ പതിനെട്ടു വയസാണ് ഇന്നും പെൺകുട്ടികളുടെ വിവാഹപ്രായം. എന്നാൽ വിവാഹം കഴിക്കാൻ 14 വയസുപോലും പെൺകുട്ടിക്ക് ആവശ്യമില്ലാത്ത രാജ്യങ്ങളുമുണ്ട്. സുഡാനിലും ലെബനോനിലും ഇറാനിലും ഇതാണ് അവസ്ഥ. 18 വയസിന് മുമ്പുള്ള വിവാഹത്തെ തുടർന്ന് അനാരോഗ്യകരമായ പല ജീവിതരീതികൾക്കും പെൺകുട്ടികൾ ഇരകളാകുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. പ്രായപൂർത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹവും തുടർന്നുള്ള ഗർഭധാരണവും പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി താറുമാറാക്കുന്നു. ശിശു മരണനിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു.
അബോർഷൻ, ലൈംഗികരോഗങ്ങൾ എന്നിവയെല്ലാം നേരത്തെയുള്ള വിവാഹം മൂലം സംഭവിക്കാൻ സാധ്യതയുള്ളവയാണ്. പഠനം പാതിവഴിയിൽ നിർത്തി വിവാഹിതരാകുന്നതോടെ പല പെൺകുട്ടികളുടെയും ഭാവി ജീവിതവും താറുമാറാകുന്നുണ്ട്. പുരുഷനെ ആവശ്യത്തിൽ കൂടുതൽ ഡിപ്പന്റ് ചെയ്യാനും അവനിൽ മാത്രം ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിക്കാനും അവൾ നിർബന്ധിതയാകുന്നു. സ്വപ്രത്യയ സ്ഥൈര്യത്തോടെ ജീവിതത്തെ നേരിടാൻ സ്ത്രീകളെ പലപ്പോഴും പിന്നിലേക്ക് വലിക്കുന്നത് വിദ്യാഭ്യാസക്കുറവും ജോലിയില്ലായ്മയുമാണ്. 21 വയസ് പെൺകുട്ടികളുടെ വിവാഹപ്രായമായി നിശ്ചയിക്കുന്നതോടെ ഇക്കാര്യത്തിലും മാറ്റമുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കുടുംബജീവിതം, പുരുഷൻ, കുഞ്ഞുങ്ങൾ, ഭാവിജീവിതം എന്നിവയെക്കുറിച്ചൊക്കെ ഭേദപ്പെട്ട ധാരണയെങ്കിലും രൂപപ്പെടുത്തിയെടുക്കാൻ ഈ പുതിയ തീരുമാനം സ്ത്രീകൾക്ക് സഹായകരമാകും. ഇതിന് പുറമെയാണ് ദാമ്പത്യത്തിലെ ലൈംഗികതയുടെ കാര്യവും.
സ്ത്രീയും പുരുഷനും തമ്മിൽ പ്രായത്തിൽ ഏറെയുള്ള അന്തരം അവരുടെ ലൈംഗികജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. പ്രായംകൂടിയ പുരുഷനും പ്രായം താരതമ്യേന കുറഞ്ഞ സ്ത്രീയുമാകുമ്പോൾ സ്ത്രീയുടെ ലൈംഗികതയ്ക്കനുസരിച്ച് പെരുമാറാനോ സജീവമായി ഇടപെടുവാനോ പുരുഷന് കഴിയാതെ പോയേക്കാം. ഇത്തരത്തിലുള്ള അവസ്ഥ സ്ത്രീകളിൽ മാനസികമായ പലതരത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുകയും ചെയ്യും.
ഇങ്ങനെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾക്കുള്ള സൗമ്യമായ ഒരുപരിഹാരമാണ് വിവാഹപ്രായത്തിലുള്ള വർദ്ധനവ്. ഈ നല്ല തീരുമാനം നടപ്പിലാക്കുകയും അതനുസരിച്ച് സ്ത്രീകൾ തങ്ങളുടെ ഭാവി ക്രമപ്പെടുത്തുകയും ചെയ്യുമ്പോൾ നല്ലൊരു കാലം അവർക്കും അവർ വഴി സമൂഹത്തിനും ലഭിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.