വാർദ്ധക്യത്തിനുള്ള തയ്യാറെടുപ്പുകൾ

Date:

spot_img

ഇനിയൊരു നന്മയും ലഭിക്കുകയില്ലെന്ന ധാരണയാണ് വൃദ്ധരെ അവഗണിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. അവർ വളർച്ച പൂർത്തിയാക്കിയവരാണ്, ഇനി പ്രത്യേകമായി  സമൂഹത്തിനോ കുടുംബത്തിനോ  ഒന്നും നല്കാനില്ലാത്തവരാണ്. കഴിവുകൾ വറ്റിപ്പോയവരാണ്.

  നന്മ ലഭിക്കുകയില്ലെന്നത് മാത്രമല്ല അവരുടെ പരിചരണവും പരിപാലനവും വലിയൊരു വെല്ലുവിളി കൂടിയാണ് ചെറുപ്പക്കാർക്ക്. മരുന്ന്, കരുതൽ എന്നിവയ്ക്കെല്ലാം പുറമെ വൃദ്ധരുടെ മനോനിലയിലുണ്ടാകുന്ന മാറ്റങ്ങളും സ്വഭാവനിലയിലുണ്ടാകുന്ന വ്യത്യാസങ്ങളും ചെറുപ്പക്കാരെ ഈർഷ്യാകുലരാക്കുകയും വൃദ്ധപരിചരണം ഭാരപ്പെടുത്തുകയും ചെയ്യുന്നു.
 വൃദ്ധരെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും  നാം മക്കൾക്കാണ്/ ചെറുപ്പക്കാർക്കാണ് തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഒരു പരിധിവരെ ശരിയാകുമ്പോഴും തങ്ങളുടെ വാർദ്ധക്യത്തെ എങ്ങനെ സ്വീകരിക്കണം, വാർദ്ധക്യത്തോടുള്ള തങ്ങളുടെ പ്രതികരണം എന്തായിരിക്കണം എന്നിവയെക്കുറിച്ച് വൃദ്ധർക്കും ചില ധാരണകളും തിരുത്തലുകളും വേണം. എങ്കിൽ മാത്രമേ രണ്ടുകൂട്ടർക്കും- വൃദ്ധർക്കും അവരെ പരിചരിക്കുന്നവർക്കും- ഭാരമില്ലാതെയും പ്രയാസമില്ലാതെയും ഈ ഘട്ടം കടന്നുപോകാൻ കഴിയൂ.

 വാർദ്ധക്യാവസ്ഥ എന്ന് തുടങ്ങുന്നു എന്ന കാര്യത്തെക്കുറിച്ച് ജീവിതപശ്ചാത്തലവും സാംസ്‌കാരിക, ഭൂമിശാസ്ത്രപരമായ പ്രത്യേതകൾക്ക് അനുസരിച്ചും വ്യത്യാസം അനുഭവപ്പെടാറുണ്ട്. എങ്കിലും  റിട്ടയർമെന്റ് പ്രായം ഒരാളുടെ വാർദ്ധക്യത്തിന്റെ ആരംഭ സൂചനയാണെന്ന് പൊതുവെ പറയാം. പക്ഷേ അതൊരിക്കലും നിഷ്‌ക്രിയതയുടെ കാലമാണെന്ന് ധരിക്കുകയുമരുത്. മറിച്ച് തങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന വാർദ്ധക്യം എന്ന ഘട്ടത്തെ ക്രമപ്പെടുത്താനും സ്വഭാവികതയോടെ അതിനെ സ്വീകരിക്കാനുള്ള ഒരുക്കം നടത്തേണ്ട കാലമാണ് അതെന്ന് വിചാരിച്ചാൽ മതി.

തനിക്ക് പ്രായമാകുന്നുവല്ലോയെന്ന ചിന്ത പലരെയും അസ്വസ്ഥപ്പെടുത്താറുണ്ട്. ത്വക്കിന്റെ സൗന്ദര്യം മങ്ങുന്നു, കാഴ്ച മങ്ങുന്നു, ആരോഗ്യസ്ഥിതി ദുർബലമാകുന്നു, പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാതെവരുന്നു എന്നിങ്ങനെയുള്ള ചിന്തകൾകൊണ്ട് വാർദ്ധക്യത്തെ ഭീതിയോടെ കാണുന്നവരുണ്ട്. അതുകൊണ്ടാണ് വരാനുളള വാർദ്ധക്യത്തെ സമചിത്തതയോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ട ഘട്ടമാണ് റിട്ടയർമെന്റ്  എന്ന് പറയുന്നത്.

പ്രതീക്ഷിച്ചിരിക്കേണ്ട അതിഥിയാണ് വാർദ്ധക്യം.  പല വൃദ്ധരും തങ്ങളുടെ അവസ്ഥയെ അംഗീകരിക്കാൻ തയ്യാറില്ലാത്തവരാണ്. അതുകൊണ്ടാണ് നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും കേൾവിക്കുറവും കാഴ്ചക്കുറവ് നേരിടുമ്പോഴും അവർ അസ്വസ്ഥരാകുന്നത്. ഒരുപാട് സഞ്ചരിച്ച ഒരു വണ്ടിയിൽ ഇന്ധനം കുറയുന്നതുപോലെയാണ് അറുപതും എഴുപതും വർഷം നിരന്തരം ഓടിത്തളർന്ന ജീവിതത്തിനും മുന്നോട്ടുള്ള കുതിപ്പിന് കുറവ് അനുഭവപ്പെടുന്നത്. തങ്ങൾക്ക് പഴയതുപോലെ ആകാൻ കഴിയില്ലെന്ന് അവർ മനസ്സിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
യൗവനവും കൗമാരവും പോലെ വാർദ്ധക്യവും ജീവിതത്തിലെ ഒരു ഘട്ടമാണ് എന്ന് തിരിച്ചറിഞ്ഞ് നന്ദി നിറഞ്ഞ ഹൃദയത്തോടെയായിരിക്കണം വാർദ്ധക്യത്തിലേക്ക് പ്രവേശിക്കേണ്ടത്.  നന്ദി നിറഞ്ഞ ഹൃദയമെന്നതിനെ അല്പം വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പറയാം, ദീർഘായുസ് എന്നത്  ദൈവത്തിന്റെ സമ്മാനമായിട്ടാണ്  ചില മതവിശ്വാസങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. അല്പായുസുകളായി ഈ ഭൂമിയെ വിട്ടുപോകാതെ ഇത്രയും വർഷം ഭൂമിയിൽ ജീവിച്ചിരിക്കാനും സുഖദുഃഖസമ്മിശ്രമായി കടന്നുപോകാനും  കഴിഞ്ഞതിനെയാണ് ഭാഗ്യം എന്ന് വിശേഷിപ്പിക്കേണ്ടത്. തനിക്കൊപ്പം ജനിക്കുകയും വളരുകയും ചെയ്ത-കൂടപ്പിറപ്പുകൾ, കൂട്ടുകാർ-പലരും ഭൂമി വിട്ടുപോയെങ്കിലും ഈ മനോഹരഭൂമിയിൽ ദീർഘകാലം ജീവിച്ചിരിക്കാൻ തനിക്ക് ്അവസരം ലഭിച്ചതിനെക്കുറിച്ച്  നന്ദിയുണ്ടായിരിക്കുക. നന്ദിയും സംതൃപ്തിയും സന്തോഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്.

 പ്രായം ചെല്ലുംതോറും കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ജീവിതാസക്തി വർദ്ധിച്ചുവരിക എന്നത്. ഇനി അധികകാലം തങ്ങളുണ്ടാവില്ല എന്ന ഭയപ്പാടുകൊണ്ട്  ഇനിയും ജീവിച്ചിരിക്കാൻ അവർ ആഗ്രഹിച്ചുപോകും. അതുകൊണ്ടുതന്നെ ഒന്നും വിട്ടുകൊടുക്കാനും മനസ്സ്‌കാണുകയില്ല. ഭൂമിയിൽ സമ്പാദിച്ചവയോടെയെല്ലാം ഇത്തിരി അകലം പാലിക്കുന്ന മനോഭാവം രൂപപ്പെടുത്തിയെടുക്കുക. നല്ല ഓട്ടം ഓടി, പൊരുതി, സമ്പാദിച്ചു ഇനി എനിക്ക് എന്റെ അന്ത്യയാത്രയിൽ ഇവയൊന്നും കൊണ്ടുപോകാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കണം. വിരക്തിയെന്നോ ഡിറ്റാച്ച്മെന്റ് എന്നോ പറയുന്നത് മനുഷ്യരോടുളള സ്നേഹരാഹിത്യമായി വിലയിരുത്താനുംപാടില്ല. മറിച്ച് ഭൗതികമായ വസ്തുക്കളോടുള്ള അമിതമായ പ്രതിപത്തിയിൽ നിന്ന് അകന്നുനില്ക്കുക എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ടാണ് സുബോധത്തോടെയിരിക്കുമ്പോൾ സ്വത്തു വീതംവയ്ക്കണമെന്ന് പറയുന്നത്.

 ഇതിന് അനുബന്ധമായി പറയേണ്ട ഒരു കാര്യംകൂടിയുണ്ട്. വീടും സ്വത്തും മക്കളുടെ പേരിൽ മുഴുവനായി എഴുതിവയ്ക്കണമെന്നല്ല. അത്തരം സംഭവങ്ങളിൽ മാതാപിതാക്കൾ തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്നതായും കണ്ടുവരാറുണ്ട്. അതുകൊണ്ട് പ്രായോഗികമായ ജീവിതവീക്ഷണവും ജീവിതാന്ത്യംവരെയുള്ള തന്റെ നിലനില്പും വിവേകപൂർവ്വം ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
ജീവിതത്തെക്കുറിച്ച് സംതൃപ്തി ഉണ്ടായിരിക്കുക എന്നതാണ് വാർദ്ധക്യം മനോഹരമാക്കുന്ന മറ്റൊരു ഘടകം. പിന്നിട്ടുവന്ന ജീവിതത്തിലേക്ക് വെറുതെയൊന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്രയെത്ര കാര്യങ്ങളിലാണ് നമുക്ക് സംതൃപ്തിയുണ്ടാവേണ്ടത്. സംതൃപ്തിയുള്ള ഒരു മനോഭാവം ഉണ്ടെങ്കിൽ മാത്രമേ മക്കളുടെ പരിചരണത്തിലും സ്നേഹശുശ്രൂഷയിലും സന്തോഷമുണ്ടായിരിക്കുകയുള്ളൂ. അല്ലെങ്കിൽ മക്കളുടെ പരിചരണത്തിലും പിറുപിറുക്കലുകളും പരാതികളുമായി കഴിഞ്ഞുകൂടേണ്ടിവരും. ജീവിതത്തിലെ ഒരു കാര്യത്തിലും സംതൃപ്തിയില്ലാത്തവരുടെ വാർദ്ധക്യവും അസംതൃപ്തി നിറഞ്ഞതായിരിക്കും. മക്കൾ ചെയ്തുതരുന്ന വലുതോ ചെറുതോ ആയ ഏതു കാര്യവുമായിരുന്നുകൊള്ളട്ടെ അവരോട് നന്ദി പറഞ്ഞുനോക്കൂ. അവരുടെ മനോഭാവത്തിൽ പോലും മാറ്റം വരുന്നത് കാണാം. അതിന് പകരമായി കുറ്റങ്ങളും പരാതികളുമായിട്ടാണ് അവരെ നേരിടുന്നതെങ്കിലോ. രണ്ടുകൂട്ടരും ചേർന്ന് കുടുംബസാഹചര്യത്തെ അലങ്കോലമാക്കും,
മക്കളെ/ ചെറുപ്പക്കാരെ അവരുടെ കാഴ്ചപ്പാടിൽ കൂടി നോക്കിക്കാണാൻ ശ്രമിക്കുക. അവരുടെ തിരക്കുകൾ, ജീവിതസാഹചര്യങ്ങൾ. പണ്ട്  ചെറുപ്പമായിരുന്നപ്പോൾ താനും ഇങ്ങനെയായിരുന്നില്ലേ എന്ന് ആത്മവിശകലനം നടത്തുക. പണ്ടുകാലത്തേതിനെക്കാൾ ഇന്ന് ജീവിതം മാറിപ്പോയപ്പോൾ മക്കളുടെ മനോഭാവത്തിലും ജീവിതവ്യാപാരങ്ങളിലും അതിന്റേതായ അന്തരം വന്നു. അതിനെ ഉൾക്കൊള്ളുക. മനസ്സിലാക്കുക. മക്കളെ ചെറുപ്രായത്തിലെന്നതുപോലെ നിയന്ത്രിക്കാനും തീരുമാനങ്ങൾ അടിച്ചേല്പിക്കാനും മുതിരാതിരിക്കുക.അവരുടെ സ്വകാര്യതീരുമാനങ്ങളിൽ ഇടപെടാതെയിരിക്കുക.  അവരുടെ വ്യക്തിത്വത്തെ മാനിക്കുക. എല്ലാകാര്യങ്ങളും തന്നോട് ചോദിച്ചിട്ട് വേണം തീരുമാനമെടുക്കേണ്ടത് എന്ന കടുംപിടുത്തം ഒഴിവാക്കുക. അഭിപ്രായം ചോദിക്കുമ്പോൾ മാത്രം തുറന്നുപറയുകയും ദോഷകരമെന്ന് തോന്നുന്ന കാര്യങ്ങളാണ് നടപ്പിലാക്കുന്നതെന്ന് തോന്നുമ്പോൾ കുടുംബത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി തിരുത്തലുകൾ കൊടുക്കുകയുമായിരിക്കും നല്ലത്.

 ലൗകികമായ വിഷയങ്ങളിലും വ്യാപാരങ്ങളിലും അമിതമായി ശ്രദ്ധപതിപ്പിക്കാതെ ആത്മീയകാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുക. ലോകത്തെക്കുറിച്ചുളള അമിതമായ ചിന്തകൾ  നമ്മെ വാർദ്ധക്യത്തിലും ലൗകികരാക്കിമാറ്റും. ഭാരതീയ പാരമ്പര്യത്തിലെ  വാനപ്രസ്ഥത്തിന്റെ സൗന്ദര്യം ഇവിടെയാണ് ചർച്ച ചെയ്യേണ്ടത്. ചെയ്യേണ്ടവയെല്ലാം കൃത്യമായും അർഹമായ രീതിയിലും പൂർത്തി
യാക്കിയതിന് ശേഷമുള്ള സംതൃപ്തിയോടെയുളള പിൻവാങ്ങലാണ് അത്. പക്ഷേ നമ്മുടെ ഇന്നത്തെ ഭൂരിപക്ഷവാർദ്ധക്യങ്ങളും സംതൃപ്തകരമല്ല. തങ്ങളുടെ അവസ്ഥയെ അംഗീകരിക്കാനുള്ള വിമുഖതയാണ് അതിന്റെ പിന്നിലെ പ്രധാന കാരണം.

ചില ജോലികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായും അല്ലെങ്കിൽ ജോലിയിലിരിക്കെത്തന്നെയും പരിശീലനം നേടാറുണ്ട്. എന്തിനാണ് ഇത്. ജീവിതത്തിലെ അടുത്തഘട്ടം കൂടുതൽകാര്യക്ഷമതയോടെ നിർവഹിക്കാൻ… കൂടുതൽ നന്നായി ചെയ്യാൻ… വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പും ചില പ്രത്യേക മതവിഭാഗങ്ങളിലെ ആചാര്യന്മാരായിത്തീരുന്നതിന് മുമ്പായും പരിശീലനം നല്കിവരാറുണ്ടല്ലോ.  എന്നാൽ അത്തരമൊരു തയ്യാറെടുപ്പുകൾ ഒന്നും വാർദ്ധക്യത്തെ സംബന്ധിച്ച് നടത്താറില്ല. വാർദ്ധക്യം മനോഹരമാക്കാനുളള രീതികളൊന്നും നമുക്ക് വശവുമില്ല. വൃദ്ധരെ സഹതാപാർഹരാക്കി മാറ്റി അവരെ പരിചരിക്കുന്നവരെ കുറ്റക്കാരായും കുറവുകളുളളവരായിമാറ്റിയുമാണ് നമ്മുടെ പഠനങ്ങളും എഴുത്തുകളുമെല്ലാം നടന്നിട്ടുളളത്. അതിനൊരു മാറ്റം വരുത്തേണ്ട കാലമായി.

വാർദ്ധക്യത്തെ പ്രസാദാത്മകതയോടെ സ്വീകരിക്കാൻ ഒരു പ്രത്യേക ഘട്ടം മുതൽ മനസ്സിനെ ഒരുക്കിയെടുക്കുക. ശാരീരിക ബലഹീനതകളും പരിമിതികളും അംഗീകരിച്ചുകൊണ്ടുതന്നെ ചികിത്സ നേടുക, ലഘുവ്യായാമങ്ങൾ ചെയ്യുകനിങ്ങളുടെ വാർദ്ധക്യത്തെ മനോഹരമാക്കുന്നത് മറ്റാരുമല്ല നിങ്ങൾ മാത്രമാണ്.

മറ്റുളളവർ അതിൽ പങ്കുവയ്ക്കുന്നില്ല എന്ന് പറയുന്നില്ല, പക്ഷേ വാർദ്ധക്യത്തോട് ഒരാൾ പുലർത്തുന്ന മനോഭാവവും അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതുമാണ് അയാളുടെ വാർദ്ധക്യത്തെ മനോഹരമാക്കുന്നത്. വാർദ്ധക്യത്തിലെത്തിക്കഴിഞ്ഞിട്ട് വാർദ്ധക്യത്തെ  മനസ്സില്ലാ മനസ്സോടെ സ്വീകരിക്കുന്നതിന് പകരം വാർദ്ധക്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വാർദ്ധക്യത്തെ മാനസികമായി അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോൾ മുതൽ നമുക്ക് ശ്രമം ആരംഭിക്കാം.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!