വായനയായും എഴുത്തായും കലയായും…

Date:

spot_img

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.

ഒരുപക്ഷേ, വാഴൂർ പഞ്ചായത്തിലും വാഴൂർ നിയോജകമണ്ഡലത്തിൽ തന്നെയും അന്ന് അത്ര നല്ലൊരു ഗ്രന്ഥശാല വേറെയില്ല (ഇപ്പോൾ വാഴൂർ നിയമസഭാ നിയോജക മണ്ഡലമില്ല; അത് കാഞ്ഞിരപ്പള്ളിയിൽ ലയിച്ചു).

സ്വന്തം കെട്ടിടം. നിറയെ പുസ്തകങ്ങൾ.

സർക്കാർ ഗ്രാൻറുള്ളതിനാൽ എല്ലാ വർഷവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നു.
അതാണ് അന്നത്തെ കർഷക ഗ്രന്ഥശാല.
ഇച്ചാച്ചൻ എന്നു ഞാനും മത്തച്ചൻ എന്നു നാട്ടുകാരും വിളിക്കുന്ന പനച്ചിപ്പുറം പി.ടി.മാത്യു എന്ന എന്റെ പിതാവ് അന്ന് ഇപ്പറഞ്ഞ ഗ്രന്ഥശാലയുടെ ലൈബ്രേറിയനാണ്.

ലൈബ്രറി സയൻസ് പഠിച്ചു പാസായ ലൈബ്രേറിയനല്ല; പുസ്തകങ്ങളെ സ്‌നേഹിച്ചു പരിപാലിച്ച് അംഗങ്ങൾക്കു വിതരണം ചെയ്യുന്ന പുസ്തകപ്രേമി.
അക്ഷരം കൂട്ടിവായിച്ചു തുടങ്ങുമ്പോൾ മുതൽ ഞാൻ കണ്ണു തുറക്കുന്നത് പുസ്തകങ്ങളിലേക്കാണ്.

ഏതു പുസ്തകം വായിക്കണം, വായിക്കരുത് എന്നൊന്നും ഇച്ചാച്ചൻ നിയന്ത്രണം വച്ചില്ല. എന്നാൽ, എനിക്കു വായിക്കാൻ വേണ്ടി കുട്ടിക്കഥകളുടെ പുസ്തകങ്ങൾ
കൊണ്ടുവന്നുതന്നു.

ആ പുസ്തകങ്ങളാണ് എന്റെ ഭാവനയെ ആദ്യം പ്രലോഭിപ്പിച്ചതെന്നു പറയാം.
പിന്നെ, എനിക്കുതന്നെ ഗ്രന്ഥശാലയിൽനിന്നു പുസ്തകങ്ങൾ എടുക്കാമെന്നായി. ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും മലയാള സാഹിത്യത്തിലെ പ്രമുഖരുടെയെല്ലാം രചനകൾ വായിച്ച വിദ്യാർഥിയായി ഞാൻ.

അങ്ങനെ, പുസ്തകങ്ങളുടെയും വായനയുടെയും വാതിൽ തുറന്നിട്ട് എന്നിലെ എഴുത്തുകാരനെ പിച്ചവയ്ക്കാൻ പഠിപ്പിച്ചത് ഇച്ചാച്ചനാണ്.
ഇച്ചാച്ചനും സംഘവും അക്കാലത്ത് കേരള കലാമന്ദിർ എന്നൊരു നാടക സംഘം നടത്തുന്നുണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി.ചാക്കോയുടെ സഹോദരൻ പി.ടി.ജോണും ഇച്ചാച്ചനുമായിരുന്നു കലാമന്ദിറിന്റെ മുഖ്യ ശില്പികൾ.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ മധ്യതിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം കലാമന്ദിർ നാടകങ്ങൾ അരങ്ങുതകർത്തു. ഇബിലീസുകളുടെ നാട്ടിൽ, ഈ അരയേക്കർ നിന്റേതാണ് തുടങ്ങിയ നാടകങ്ങൾ ഒരുപാടു വേദികളിൽ അവതരിപ്പിച്ചു.

പലപ്പോഴും ഞങ്ങളുടെ വീടാണ് നാടക റിഹേഴ്‌സലിന്റെ അരങ്ങ്. ആ ദിനങ്ങളിൽ ഞാൻ ഉണരുന്നത് ഹാർമോണിയത്തിന്റെ ശ്രുതിയിലേക്കായിരുന്നു .

പച്ചപ്പനം തത്തേ, പുന്നാരപ്പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ…

ഇച്ചാച്ചൻ എന്നെ പഠിപ്പിച്ച ആദ്യ ഗാനങ്ങളിലൊന്നാണ്. പൊൻകുന്നം ദാമോദരൻ എഴുതിയ ഈ ഗാനം സിനിമയിലെടുത്തത് എത്രയോ വർഷം കഴിഞ്ഞ് 2005ലാണ്.
നാടകങ്ങളിലെ സംഭാഷണങ്ങളും ഗാനങ്ങളുമൊക്കെ എനിക്കു കാണാപ്പാഠമായി. കർട്ടനു പിന്നിൽ മറഞ്ഞുനിന്ന് അഭിനേതാക്കൾക്കു സംഭാഷണം പറഞ്ഞുകൊടുക്കുന്ന പ്രോംപ്റ്ററുടെ റോൾ പലപ്പോഴും എനിക്ക് അനുവദിച്ചുകിട്ടുകയും ചെയ്തു.

അങ്ങനെ വായനയ്ക്കു പുറമെ നാടകങ്ങളും എന്റെ ഭാവനയിൽ കൂടുകെട്ടി.
കലയുടെ വാതിലുകൾ വീടുമുതൽ എനിക്കായി തുറന്നുകിടന്നു. സ്‌കൂൾ കാലംമുതൽ നാടകമെഴുതാനും അഭിനയിക്കാനുമൊക്കെ പ്രചോദനമുണ്ടായത് അങ്ങനെയാണ്.
സ്‌കൂൾ അവധിക്കാലത്തെ പ്രധാന ആഘോഷം കർഷക ഗ്രന്ഥശാലയുടെ വാർഷികമായിരുന്നു. അതു നാടിന്റെ ഉത്സവംതന്നെയാക്കി ഞങ്ങൾ. കലാകായിക മൽസരങ്ങൾ, പൊതുസമ്മേളനം, നാടകം എന്നിങ്ങനെ പോകും ആഘോഷങ്ങൾ.
ഊണും ഉറക്കവുമില്ലാതെ ഞാനും സമപ്രായക്കാരും വാർഷികാഘോഷങ്ങൾക്കായി ഓടിനടന്നു. ഇച്ചാച്ചന്റെ പിന്തുണ എല്ലാറ്റിനുമുണ്ടായിരുന്നു.

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ആദ്യകഥ അച്ചടിച്ചു വന്നത് കുട്ടികളുടെ ദീപിക എന്ന പ്രസിദ്ധീകരണത്തിലാണ്. കഥ അച്ചടിച്ച മാസിക തപാലിലെത്തിയപ്പോൾ പോസ്റ്റോഫിസിൽനിന്നു കൊണ്ടുവന്നത് ഇച്ചാച്ചനാണ്. കഥ വായിച്ച് ഇച്ചാച്ചന്റെ മുഖത്തുദിച്ച അഭിമാനം ഇന്നും എന്റെ മനസ്സിൽ ഒരു വിളക്കുമരം പോലെ തെളിഞ്ഞുനിൽക്കുന്നു. പിന്നെയങ്ങോട്ട് ഇച്ചാച്ചനായി എന്റെ എഴുത്തിന്റെ മുഖ്യവായനക്കാരൻ. ഞാനെഴുതുന്നതെല്ലാം അദ്ദേഹം സന്തോഷത്തോടെ വായിക്കും; എന്റെ പുസ്തകങ്ങൾ സ്‌നേഹത്തോടെ സൂക്ഷിച്ചുവയ്ക്കും.

പുസ്തകം വായിച്ച് ഇച്ചാച്ചൻ അഭിപ്രായമൊന്നും പറയാറില്ല. എന്നാൽ, പുതിയ പുസ്തകമിറങ്ങുമ്പോൾ, വീട്ടിൽ കൊണ്ടുപോയി കോപ്പി കൊടുക്കാൻ വൈകിയാൽ, ഓർമിപ്പിക്കും:

പുതിയ പുസ്തകം കിട്ടിയില്ലല്ലോ.

പുകവലി നിർത്താൻ വലിയ പ്രയാസമാണെന്നാണ്  കേട്ടിട്ടുള്ളത്. പക്ഷേ, നന്നായി സിഗരറ്റ് വലിച്ചിരുന്ന ഇച്ചാച്ചൻ ഒരു പ്രകോപനവുമില്ലാതെ, ആരുടെയും ഉപദേശ നിർദ്ദേശങ്ങളില്ലാതെ പെട്ടെന്നൊരു ദിവസം വലിനിർത്തി. വാസ്തവത്തിൽ ആ നിർത്തൽ എനിക്കു സങ്കടമായിരുന്നു. ഭംഗിയുള്ള എത്രയെത്ര സിഗരറ്റ് പായ്ക്കറ്റുകളാണ് ഞാൻ അതുവരെ ശേഖരിച്ചു വച്ചിരുന്നത്. ഇച്ചാച്ചന്റെ തീരുമാനംകൊണ്ട് ഒറ്റയടിക്ക് ഇല്ലാതായത് എന്റെ സ്‌കൂൾ കാല ഹോബികളിലൊന്നാണ്.

കലയും പൊതുപ്രവർത്തനവുമൊക്കെ നിർത്തിയിട്ടും ഇച്ചാച്ചൻ വായന നിർത്തിയില്ല. പത്രം അടിമുടി അരിച്ചുപെറുക്കും; കിട്ടുന്ന പുസ്തകങ്ങളൊക്കെ വായിക്കും.

ഇതിനിടെ ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രന്ഥശാല ക്ഷയിച്ചു. ബാഹ്യസഞ്ചാരങ്ങളൊക്കെ കുറഞ്ഞപ്പോൾ ഞാൻ എത്തിച്ചുകൊടുക്കുന്ന പുസ്തകങ്ങൾ സമ്മാനം കിട്ടുന്നതുപോലെയായിരുന്നു ഇച്ചാച്ചന്.

സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ മക്കളെ അനുവദിച്ച പിതാവാണ് അദ്ദേഹം. ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഞാൻ ഏതാനും മാസം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായി. ആ ജോലി രാജിവച്ച് മലയാള മനോരമയുടെ പത്രാധിപ സമിതിയിൽ ചേരുമ്പോൾ കുറച്ചൊന്നുമായിരുന്നില്ല സാമ്പത്തിക നഷ്ടം. എന്നാലും എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം കൊണ്ടാണ് ആ തീരുമാനമെന്ന് ഇച്ചാച്ചൻ തിരിച്ചറിഞ്ഞു.

കേന്ദ്ര സർക്കാർ ജോലി രാജിവച്ച് മനോരമയിലെ ജോലി സ്വീകരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
നിനക്കതാണിഷ്ടമെങ്കിൽ, അങ്ങനെ.
കണ്ണിന്റെ പ്രശ്‌നങ്ങൾ കൊണ്ട് വായന ബുദ്ധിമുട്ടായിത്തീർന്നത് ഇച്ചാച്ചനു വലിയ സങ്കടമായി. എൺപത്തിയെട്ടാം വയസ്സിലാണ് വലിയ അക്ഷരങ്ങൾ മാത്രമേ വായിക്കാനാവൂ എന്നു വന്നത്. അതോടെ പത്രം വായന കുറഞ്ഞു; വലിയ തലക്കെട്ടുകൾ വായിക്കുന്നതിലൊതുങ്ങി വായന.

എല്ലാ ബുധനാഴ്ചയും മലയാള മനോരമയിൽ ഞാനെഴുതുന്ന ‘തരംഗങ്ങളിൽ’ എന്ന ആക്ഷേപഹാസ്യ പംക്തിയും ഒന്നാം പേജിലെഴുതുന്ന കുഞ്ചുക്കുറുപ്പ് കമന്റുകളും ഇച്ചാച്ചനു പ്രിയപ്പെട്ടതായിരുന്നു.
‘നീ എഴുതുന്നത് എനിക്കു വായിക്കാൻ പറ്റുന്നില്ലല്ലോ’ എന്നതായിരുന്നു പത്രവായന മെലിഞ്ഞുവന്ന ദിനങ്ങളിലെ സങ്കടം.

വായിക്കാൻ കഴിഞ്ഞില്ലെങ്കിലും തരംഗങ്ങളിൽ / പനച്ചി കോളം എല്ലാ ആഴ്ചയും അദ്ദേഹം തിരിച്ചറിയും; ബദ്ധപ്പെട്ടാണെങ്കിലും തലക്കെട്ടു വായിക്കും.  
വാർത്താ വിസ്‌ഫോടനങ്ങളുടെ പേരിൽ കോളം ബുധനാഴ്ചയിൽനിന്നു മറ്റൊരു ദിവസത്തേക്കു മാറിപ്പോയാൽ ഇച്ചാച്ചൻ പറയും:
നിന്റെ എഴുത്ത് കണ്ടില്ലല്ലോ.

എന്നും വാക്കുകൾകൊണ്ടു സ്‌നേഹവും സാന്ത്വനവുമായത് അമ്മാമ്മ എന്നു ഞങ്ങൾ മക്കളെല്ലാവരും വിളിച്ച അമ്മയായിരുന്നെങ്കിൽ, നാടക ഡയലോഗുകളിൽ തിളങ്ങിയ ഇച്ചാച്ചന് ജീവിത ഡയലോഗുകളിൽ സ്‌നേഹം ഉറക്കെ പ്രകടിപ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല.

അമ്മാമ്മ വിടപറഞ്ഞതോടെ ഇച്ചാച്ചന്റെ ആശയവിനിമയങ്ങളിൽ കുറവു വന്നു. എങ്കിലും, അമ്മാമ്മയുടെ വേർപാടിനുശേഷം മക്കളുടെയും കൊച്ചുമക്കളുടെയും ക്ഷേമാന്വേഷണച്ചുമതല അദ്ദേഹം കൂടുതലായി നിർവഹിച്ചുതുടങ്ങി.
ഒരാഴ്ച ഞാൻ വീട്ടിലെത്താതെ പോയാൽ, അടുത്ത തവണ ചെല്ലുമ്പോൾ പറയും:
കഴിഞ്ഞയാഴ്ച വരില്ലെന്നു പറഞ്ഞിരുന്നില്ലല്ലോ. കണ്ണുകളുടെ കാഴ്ച മങ്ങിയതിനുശേഷമുള്ള ദിനങ്ങളിലൊരിക്കൽ, എന്റെ കാൽപാദത്തിനടിയിലെ തൊലി പൊളിയുന്ന പ്രശ്‌നമറിഞ്ഞപ്പോൾ ഇച്ചാച്ചൻ ഇടപെട്ടു:
നോക്കട്ടെ.
ഞാൻ അടുത്തിരുന്ന് കാൽ നീട്ടിവച്ചു പറഞ്ഞു: ഇച്ചാച്ചനു കാണാൻ പറ്റില്ലല്ലോ.
മറുപടിയൊന്നും പറയാതെ, എന്റെ കാൽപാദത്തിലൂടെ അദ്ദേഹം വിരലോടിച്ചു.
അപ്പോൾ, ആദ്യജാതന്റെ കുഞ്ഞുപാദങ്ങളിൽ തൊട്ടുതലോടുന്ന പിതാവിന്റെ സ്‌നേഹ വാത്സല്യങ്ങൾ എൺപത്തിയൊൻപതാം വയസ്സിലെ ആ സ്പർശത്തിൽനിന്ന് എന്നിലേക്കൊഴുകി.

(ഈ കുറിപ്പ് വായിച്ചുകേൾക്കും മുൻപ്
2019 നവംബർ ഒന്നിന് 89-ാം വയസ്സിൽ
അദ്ദേഹം യാത്രയായി).

ജോസ് പനച്ചിപ്പുറം

തയ്യാറാക്കിയത്:
സ്റ്റീഫൻ ഓണിശ്ശേരിൽ CSSR

More like this
Related

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട...
error: Content is protected !!