ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.
ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ അരക്ഷിതാവസ്ഥയിലും കഴിയുമ്പോഴും നന്മയുടെ വാർത്തകൾ അവിടവിടെയായി ഉയർന്നുകേൾക്കുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. നമ്മുടെ മലയാള നാട്ടിലെ ഏതാനും ചില നന്മക്കഥകൾ അനുസ്മരിക്കാം.
വൃക്ക രോഗിയായ റിൻസന്റെ ചികിത്സയ്ക്കായി ഒരുദിവസത്തിലെ വെറും മൂന്നുമണിക്കൂർകൊണ്ട് കടവന്ത്രക്കാർ പിരിച്ചെടുത്തത് 27.5 ലക്ഷം രൂപയാണ്.
കാൻസർ രോഗത്തോട് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന നന്ദു മഹാദേവൻ തന്റെ തുടർചികിത്സയ്ക്കുവേണ്ടി സാമ്പത്തികസഹായം ഫേസ്ബുക്കിലൂടെ ചോദിച്ചപ്പോൾ പന്ത്രണ്ടുമണിക്കൂറിനുള്ളിൽ കിട്ടിയത് അമ്പതുലക്ഷത്തോളം രൂപയാണ്.
പങ്കുവയ്ക്കാൻ മനസ്സുകാണിക്കുന്ന മനുഷ്യമനസ്സിന്റെ വിശാലതയും കാരുണ്യഹൃദയത്തിന്റെ തുറവിയുമാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്. ചെല്ലാനത്തേക്കുള്ള പൊതിച്ചോറിൽ ആരും അറിയാതെ 100 രൂപ തിരുകിവച്ച കുമ്പളങ്ങിക്കാരി മേരിയെയും ഓർമ്മിക്കാതിരിക്കാനാവില്ല. ഇങ്ങനെ ചെറുതും വലുതുമായ അറിഞ്ഞും അറിയാതെയും പോകുന്ന എത്രയോ പേരുടെ നന്മകൾ കൊണ്ട് സുഗന്ധപൂരിതമാണ് നമ്മുടെ ഈ ലോകം.
സ്വജീവൻ നഷ്ടപ്പെടുത്തിയും ദാനം ചോദിച്ച ആളെ തൃപ്തിപ്പെടുത്തി സന്തോഷത്തോടെ അയച്ച ഒരു രാജാവുണ്ടായിരുന്ന നാടാണല്ലോ നമ്മുടേത്, മഹാബലി. ആ പുരാവൃത്തത്തോടു ചേർത്തുനിർത്തി ആലോചിക്കാനും ഈ മനുഷ്യസ്നേഹഗാഥകൾ നമുക്ക് പ്രേരണയാകുന്നുണ്ട്. അർഹിക്കുന്നവർക്ക് ഉള്ളതിൽ നിന്ന് പങ്കുവയ്ക്കാനുള്ള മനസ്സുണ്ടാവട്ടെ നമുക്ക്. അതൊരിക്കലും നമുക്ക് നഷ്ടംവരുത്തുകയില്ലെന്ന് മറക്കാതിരിക്കാം.
പങ്കുവയ്ക്കലിന്റെ പുത്തൻ മനോഭാവത്തോടെ നമുക്ക് മുന്നേറാം.
ഓണാശംസകളോടെ
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ