പരാജയപ്പെടുത്തരുത് പരാജയത്തിലും

Date:

spot_img

കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്… എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും. നിന്നോടല്ലേ പറഞ്ഞത് കരച്ചിൽ നിർത്താൻ… ചിലപ്പോൾ കൈ ഓങ്ങുകയും ചെയ്യും.

ഇത് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ രീതിയാണെന്നാണ് സൈക്കൊതെറാപ്പിസ്റ്റും  ഗ്രന്ഥകാരിയുമായ ആമി മോറിൻ പറയുന്നത്. കാരണം ഇതിലൂടെ കുട്ടികൾ മനസ്സിലാക്കിയെടുക്കുന്ന കാര്യം ഇതാണ്.  താൻ  ഇപ്പോൾ അനുഭവിക്കുന്ന വികാരം തെറ്റാണ്. അല്ലെങ്കിൽ തന്റെ വികാരം പുറത്തുകാണിക്കാനുള്ളതല്ല. തൽഫലമായി പിന്നീട് കുട്ടികൾ തങ്ങളുടെ വികാരങ്ങൾ അടക്കിവയ്ക്കാൻ ശ്രമിക്കും. വികാരങ്ങൾക്കും വൈകാരികാനുഭവങ്ങൾക്കും മീതെ മാസ്‌ക്ക് ധരിച്ച് അവർ ജീവിക്കാൻ ആരംഭിക്കും. കരയാനുള്ള അവകാശം കുട്ടിക്കുണ്ട്. അവനോ അവളോ കരയട്ടെ. ആ വികാരം മനസ്സിലാക്കി അതിനോട് ക്രിയാത്മകമായിട്ടാണ് മാതാപിതാക്കൾ പ്രത്യുത്തരിക്കേണ്ടത്. അപ്പോൾ മാത്രമേ കുട്ടികൾ മെച്ചപ്പെട്ട വ്യക്തിത്വത്തിന് ഉടമകളായി മാറുകയുള്ളൂ.

പല മാതാപിതാക്കളിലും കണ്ടുവരുന്ന മറ്റൊരു സ്വഭാവപ്രത്യേകതയാണ് മക്കളെ അവരുടെ നേട്ടങ്ങളിൽ മാത്രം അഭിനന്ദിക്കുക. അല്ലെങ്കിൽ താൻ ഉദ്ദേശിക്കുന്ന മികവ് പുലർത്തിയെങ്കിൽ മാത്രം അഭിനന്ദിക്കുക. പരീക്ഷയിൽ ഫുൾ മാർക്ക് കിട്ടുമ്പോഴും മത്സരപ്പരീക്ഷകളിൽ ഒന്നാമതെത്തുമ്പോഴോ മാത്രം കലവറയില്ലാതെ മക്കളെ പ്രശംസിക്കുന്ന മാതാപിതാക്കളുണ്ട്. വിജയികളായിട്ടാണ് മാതാപിതാക്കൾ തന്നെ കാണാൻ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയുന്ന കുട്ടി പിന്നീട് മുതിർന്നുകഴിയുമ്പോൾ മാതാപിതാക്കളുടെ പ്രശംസ പിടിച്ചുപറ്റാനായി പരീക്ഷയിൽ കൃത്രിമത്വം കാണിക്കുകയും നുണ പറയുകയും ചെയ്യും. മാതാപിതാക്കളുടെ മുമ്പിൽ വിജയിയാകാനുള്ള  വളഞ്ഞവഴിയിലൂടെയുള്ള ശ്രമങ്ങൾ ഭാവിയിൽ അവരെ കൊണ്ടുചെന്നെത്തിക്കുക അപകടം നിറഞ്ഞ ഒരു ലോകത്തായിരിക്കും. വിജയങ്ങളിൽ അഭിനന്ദിക്കാൻ ആർക്കും കഴിയും. പക്ഷേ പരാജയങ്ങളിൽ അണച്ചുപിടിക്കാൻ കൂടി കഴിയുമ്പോഴേ യഥാർത്ഥ മാതാപിതാക്കളാകൂ. മക്കളെ വിജയങ്ങളുടെ പേരിൽ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ പരാജയങ്ങളുടെ ഭാരങ്ങൾ എവിടെ ഇറക്കിവയ്ക്കും? കുറഞ്ഞപക്ഷം ജീവിതത്തിലെ പരാജയങ്ങളിലും തിക്താനുഭവങ്ങളിലും ആശ്വസിക്കാൻ അവർക്ക് മാതാപിതാക്കളെങ്കിലും ഉണ്ടായിരിക്കണ്ടെ കൂട്ടായിട്ട്?

മക്കളെ അല്ലലറിയാതെയും വിഷമം അറിയിക്കാതെയും വളർത്തിക്കൊണ്ടുവരുന്നവരാണ് ഇന്നത്തെ മിക്ക മാതാപിതാക്കളും. ജീവിതത്തിലെ സന്തോഷാനുഭവങ്ങൾ മാത്രമല്ല ബുദ്ധിമുട്ടുകളും കുട്ടികൾ അറിഞ്ഞുവളരണം. ശാരീരികമായ വേദന മുതൽ സാമ്പത്തികമായ ഇല്ലായ്മ വരെ പലതരത്തിലുള്ള അനുഭവങ്ങളിലൂടെ അവരെ വളർത്തിക്കൊണ്ടുവരണം. എങ്കിൽ മാത്രമേ ജീവിതത്തിലുണ്ടാകുന്ന വ്യത്യസ്തമായ അനുഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ അവർക്ക്സാധിക്കുകയുള്ളൂ.

മക്കളുടെ എല്ലാ പ്രശ്നങ്ങളും മാതാപിതാക്കൾ പരിഹരിച്ചുകൊടുക്കരുത്. ഓരോ പ്രായത്തിനും അനുസരിച്ചുള്ള ഇടപെടലും തിരുത്തലും പോംവഴികൾ പറഞ്ഞുകൊടുക്കലും മതിയാകും. സ്വന്തമായി തീരുമാനമെടുക്കാനും പോംവഴി കണ്ടെത്താനും കുട്ടികൾക്ക് സാഹചര്യങ്ങൾ ക്രമീകരിക്കണം.

 ഇന്ന് പല മാതാപിതാക്കളും തിരക്കുകളുടെ ലോകത്തിലാണ് വിരാചിക്കുന്നത്. മക്കളുടെ വൈകാരികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ അവരിൽ പലർക്കും സാധിക്കാറില്ല. മൊബൈലും സോഷ്യൽമീഡിയായുംവഴി പല മാതാപിതാക്കൾക്കും മക്കളുമായി വേണ്ടത്രസമയം ചെലവഴിക്കാൻ കഴിയാതെവരുന്നു. ഇപ്രകാരം വളർത്തപ്പെടുന്ന മക്കൾക്ക് മുതിർന്നുകഴിയുമ്പോൾ ആരോഗ്യപ്രദവും അർത്ഥപൂർണ്ണവുമായ ബന്ധം സ്ഥാപിച്ചെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും കണ്ടുവരാറുണ്ട്.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!