ഇത്തിരി അകലമാകാം, ദാമ്പത്യത്തിലും

Date:

spot_img

അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ടല്ലോ. ദാമ്പത്യബന്ധത്തിൽ പോലും ഈ നിയമം ബാധകമാണ്. പങ്കാളിയോടുള്ള അമിതമായ അറ്റാച്ച്മെന്റ്  പലപ്പോഴും  പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മനശ്ശാസ്ത്രവിദഗ്ദർ പറയുന്നു.  സ്നേഹം കൊണ്ടുള്ള വലിഞ്ഞുമുറുക്കലും പിടിച്ചുവയ്ക്കലും ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സ്നേഹം കൊണ്ടല്ലേ എന്ന മട്ടിലുള്ള ന്യായീകരണങ്ങൾ പോലും ഇവിടെ നീതികരിക്കപ്പെടുന്നില്ല.

സ്നേഹിക്കണം, പക്ഷേ പങ്കാളി മറ്റൊരു വ്യക്തിയാണ് എന്ന് മനസ്സിലാക്കണം. ആ വ്യക്തിക്ക് അയാളുടേതായ വ്യക്തിത്വമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട് തന്റെ അവകാശമായി കാണുന്നതിന് പകരം പങ്കാളിയെ ഒരു വ്യക്തിയായി കാണുമ്പോൾ പരസ്പരമുള്ള ബന്ധംകൂടുതൽ ദൃഢമാകും. നിങ്ങളെപോലെ തന്നെ ഒരു വ്യക്തിത്വം പങ്കാളിക്കുമുണ്ടെന്ന് മനസ്സിലാക്കുമ്പോൾ  ആ വ്യക്തിയെ അയാളായി തന്നെ കാണാൻ നമുക്ക് കഴിയും. അങ്ങനെയെങ്കിൽ അയാൾ എന്തുകൊണ്ട് അങ്ങനെ പെരുമാറി, അങ്ങനെ സംസാരിച്ചു എന്ന് തലപുകയ്ക്കേണ്ടിവരില്ല. ദാമ്പത്യജീവിതത്തിൽ പങ്കാളിയെ നമ്മുടെ മാത്രം കണ്ണുകൊണ്ട് എല്ലായ്പ്പോഴും കാണാൻ ശ്രമിക്കുന്നതിന് പകരം അയാളുടെ കാഴ്ചപ്പാടിൽ കൂടി കാണാൻ ശ്രമിക്കുക.  

ചില ദമ്പതികളുണ്ട്, പങ്കാളിയെ ഇടംവലം തിരിയാൻ സമ്മതിക്കില്ല. സ്വന്തം വീട്ടിൽ പോകാനോ സ്വന്തം വീട്ടുകാരുമായി ഇടപഴകാനോ പഴയ കൂട്ടുകാരുമായി സൗഹൃദം പുലർത്താനോ തടസ്സം പറയുകയും ചെയ്യും. ഇത് ശരിയായ രീതിയല്ല. വിവാഹിതരാകുന്നതിന് മുമ്പ് തന്നെ ആ വ്യക്തിക്ക് കുടുംബവും ബന്ധങ്ങളും സൗഹൃദങ്ങളുമുണ്ടായിരുന്നു. ആ ബന്ധം നിലനിർത്തിപ്പോകുന്നതിന് അവർക്ക് അവകാശമുണ്ട്. സ്വന്തം കുടുംബജീവിതം തകർക്കുന്ന വിധത്തിൽ ആ പഴയ ബന്ധങ്ങൾ കടന്നുവരുമ്പോൾ മാത്രമേ നിയന്ത്രിക്കേണ്ടതായിട്ടുള്ളൂ.
പങ്കാളിയെയോർത്ത് അമിതമായി ടെൻഷനടിക്കുന്നവരുണ്ട്.

അമിതവൈകാരികതയാണ് ഇതിന് കാരണം. ഇതിന് പകരമായി ഡിറ്റാച്ചഡാകുക. ഒരു വ്യക്തിയോട് ആരോഗ്യപരമായ അകലം പാലിക്കുമ്പോൾ പാതിയോളം ടെൻഷനും സംഘർഷങ്ങളും ഒഴിവാകും. ജീവിതത്തിൽ സമാധാനവും ശാന്തിയും പരക്കുകയും ചെയ്യും. പങ്കാളിയില്ലെങ്കിൽ എനിക്കോർക്കാനേ കഴിയില്ല എന്ന് വിലപിക്കുന്നവരുണ്ട്. ഇത് അമിതമായ ആശ്രയത്വമാണ്. ജീവിതമല്ലേ എന്തും സംഭവിക്കാനുളള സാധ്യത നാം മുന്നിൽ കാണണം. പങ്കാളിക്ക് അഹിതകരമായത് എന്തെങ്കിലും സംഭവിച്ചാൽ പോലും അതിനെ നേരിടാൻ നാം മാനസികമായ പക്വതപ്രാപിച്ചിരിക്കണം.  അതിവൈകാരികതയിൽ നിന്ന് വിമുക്തമാകുമ്പോൾ മാത്രമേ ഇതിൽ നിന്ന് നമുക്ക് മോചനം കിട്ടുകയുള്ളൂ. അപ്പോൾ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും ആത്മവിശ്വാസത്തോടെ നേരിടാൻ നമുക്ക് കരുത്ത്  ലഭിക്കും. സ്വയംപര്യാപ്ത ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. ഭർത്താവ് വാങ്ങിക്കൊണ്ടുവന്നാൽ മാത്രം അടുക്കളയിൽ പാചകം ചെയ്യും എന്ന് മട്ടിൽ കഴിയുന്ന ഭാര്യമാരുണ്ട്. ഒരു പായ്ക്കറ്റ് ഉപ്പ് പോലും കടയിൽ ചെന്ന് വാങ്ങിക്കാത്തവർ. അതുപോലെ ഡ്രസ് അലക്കാനും അയൺ ചെയ്യാനും ഭാര്യയെ മാത്രം ആശ്രയിച്ചുകഴിയുന്നവരുമുണ്ട്. ഒരു ദിവസത്തേക്കോ ആഴ്ചത്തേക്കോ പരസ്പരം അടുത്ത് ഇല്ലാതാകുമ്പോഴാണ് ഈ ശീലങ്ങളുടെ ദോഷം ഇരുവരും മനസ്സിലാക്കുന്നത്. സ്വയംപര്യാപ്തത ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിന് ഏറെ നല്ലതാണ്.  പങ്കാളിക്ക് അയാളുടേതായ സ്പെയ്സ് കൊടുക്കുക. അയാളുടെ സ്പെയ്സിലേക്ക് അനാവശ്യമായി കടന്നുകയറാതിരിക്കുക. അതുപോലെ സ്വന്തമായി  ഒരു സ്പെയ്സും കണ്ടെത്തുക. എപ്പോഴും പങ്കാളിയെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം നിങ്ങൾ നിങ്ങളെക്കുറിച്ചുകൂടി ചിന്തിക്കുക. എല്ലാം പങ്കാളിയുടെ സന്തോഷത്തിന്, സംതൃപ്തിക്ക് എന്ന് മട്ടിൽ ചെയ്തുകൊണ്ടിരിക്കാതെ സ്വന്തം സന്തോഷവും സംതൃപ്തിയും മറന്നുപോകരുത്.

ചുരുക്കത്തിൽ അടുത്തിരിക്കുമ്പോഴും ഇത്തിരി അകലമുണ്ടായിരിക്കുക. അടക്കി പിടിച്ചുനിർത്തുമ്പോഴും ഇത്തിരി സ്വാതന്ത്ര്യം കൊടുക്കുക. എല്ലാം കൈപ്പറ്റി ജീവിക്കുമ്പോഴും പങ്കാളിയില്ലെങ്കിലും ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുക.

More like this
Related

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!