മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം മൃദുവായിരിക്കും.
ചാച്ചനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ആദ്യം പങ്കുവയ്ക്കാനുള്ളത് ഇത്തരമൊരു ചിന്തയാണ്. ചാച്ചൻ ധീരനായിരുന്നു. എന്നാൽ ഉളള് മൃദുവായിരുന്നു.
ഒരിടത്തും ഒരിക്കലും ദുർബലനാകാത്ത ചാച്ചനെ ഒരിക്കൽ മാത്രമേ പതറിപ്പോയവനായി കണ്ടിട്ടുള്ളൂ. ഒരിക്കലും പരസ്യമായി കണ്ണീർ പൊഴിക്കാത്ത ചാച്ചനെ ഒരിക്കൽ മാത്രമേ കരഞ്ഞും കണ്ടിട്ടുള്ളൂ. രണ്ടും ജിമ്മി ജോർജിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു.
ചാച്ചനെ സംബന്ധിച്ച് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടവും ആഘാതവും ജിമ്മിയുടെ അപ്രതീക്ഷിതമായ മരണമായിരുന്നു. ജിമ്മിയെക്കുറിച്ച് മറ്റാരെക്കാളും പ്രതീക്ഷകൾ വച്ചുപുലർത്തിയ വ്യക്തിയും ചാച്ചനായിരുന്നു. ഒരുപക്ഷേ എനിക്ക് തോന്നുന്നത് മരിക്കും വരെ ചാച്ചന്റെ മനസ്സിൽ നിന്ന് ആ വേദന വിട്ടുപോയിരുന്നില്ല എന്നാണ്. അല്ലെങ്കിലും എല്ലാ അപ്പന്മാരുടെയും ജീവിതത്തിലെ ഏറ്റവും വലിയ വേദന താൻ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചുപോകുന്നതാണല്ലോ?
ജിമ്മിയുടെ മൃതദേഹവുമായി എത്തുന്ന വിമാനം കാത്ത് എയർപോർട്ടിൽ നിന്ന ആ ദിവസം ഇന്നും ഓർമ്മയിലുണ്ട്. ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പുമ്പോഴും ചാച്ചൻ പതറിപ്പോകാതെ പിടിച്ചുനില്ക്കുകയായിരുന്നു. പക്ഷേ, കെ. കരുണാകരൻ അടുത്തെത്തി ആശ്വസിപ്പിക്കാൻ വേണ്ടി ആ തോളിൽ കരം ചേർത്തപ്പോൾ അതുവരെ പിടിച്ചുനിർത്തിയിരുന്ന എല്ലാ സങ്കടങ്ങളും കടപുഴകി വീഴുന്നത് ഞങ്ങളെല്ലാവരും നോക്കിനിന്നു. അതായിരുന്നു ചാച്ചൻ.
കേരളത്തിൽ ഡിവൈഎസ് പി ആയിരിക്കെ ഇറ്റലിയിലെ യൂറൊസൈറ്റൽ യൂറോസി ക്ലബിന് വേണ്ടി കളിക്കാൻ പോയ ജിമ്മി അവിടെ വച്ച് വാഹനാപകടത്തിൽ മരണമടയുകയായിരുന്നു. 1987 നവംബർ 30 നായിരുന്നു ആ ദുരന്തം . ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കായികലോകത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നായി ഇന്നും ജിമ്മിയുടെ മരണം വിശേഷിപ്പിക്കപ്പെടുന്നു.
ഖദർ വസ്ത്രധാരിയായിരുന്നു ജീവിതാന്ത്യം വരെ ചാച്ചൻ. ഖദറിന്റെ ശുഭ്രതയും ശുദ്ധിയും ലാളിത്യവും സൗന്ദര്യവും ജീവിതത്തിലുമുണ്ടായിരുന്നു. എല്ലാ മക്കളുടെയും ആദ്യത്തെ പാഠപുസ്തകം അപ്പനാണ്. പ്രത്യേകിച്ച് ആൺമക്കൾക്ക്.
ഞങ്ങളുടെയെല്ലാം കണ്ണാടിയായിരുന്നു ചാച്ചൻ. ഇന്ന് ഞങ്ങളെല്ലാം ജീവിതത്തിന്റെ ഓരോനിലകളിൽ അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെല്ലാം അഡ്വ. ജോർജ് ജോസഫ് കുടക്കച്ചിറ എന്ന ഞങ്ങളുടെ ചാച്ചനുണ്ടായിരുന്നു. ഒരുപക്ഷേ വോളിബോൾ താരം ജിമ്മി ജോർജിന്റെ പിതാവ് എന്ന നിലയിലായിരിക്കാം ചാച്ചൻ കൂടുതൽ അറിയപ്പെടുന്നത് എന്നേയുള്ളൂ.
എന്നാൽ ജോസ് ജോർജ് ഐപിഎസിന്റെയും വോളിബോൾ ക്യാപ്റ്റനായ സെബാസ്റ്റ്യൻ ജോർജിന്റെയും ദേശീയ അത്ലറ്റിക് ചാമ്പ്യനായ ബോബിയുടെയും പിതാവ് എന്ന മേൽവിലാസം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. നേരും നെറിയുമായിരുന്നു ചാച്ചന്റെ മുദ്ര. കറ കളഞ്ഞ കോൺഗ്രസുകാരനുമായിരുന്നു. ഒരിക്കലും തന്റെ നേട്ടങ്ങൾക്ക് വേണ്ടിയോ സ്വാർത്ഥതതയ്ക്ക് വേണ്ടിയോ പദവികളോ പേരോ ദുരുപയോഗിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മരണംവരെ കോൺഗ്രസുകാരനായിരുന്നിട്ടും പറയത്തക്ക പദവികളൊന്നും അദ്ദേഹം അലങ്കരിച്ചിരുന്നുമില്ല, കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനമല്ലാതെ. അതിൽ അദ്ദേഹത്തിന് പരാതിയുമുണ്ടായിരുന്നില്ല.
പറഞ്ഞുവരുന്നത് അതല്ല, അങ്ങേയറ്റം ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി, എല്ലാ വ്യാപാരങ്ങളിലും വ്യാപരിക്കണമെന്നായിരുന്നു അദ്ദേഹം ഞങ്ങളെ പഠി പ്പിച്ചത്. സത്യത്തിൽ നിന്ന് വ്യതിചലിച്ചുള്ള ഒരു നേട്ടവും നമുക്ക് വേണ്ടായെന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നത്. ആ വാക്കുകൾ ഞങ്ങളെല്ലാം ഇതുവരെ പാലിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
കേരള പോലീസിലെ പർച്ചേസ് വിഭാഗത്തിന്റെ ഐജിയായി ജോസ് ജോർജ് നിയമിതനായപ്പോൾ അദ്ദേഹത്തെപോലെയുള്ള ഒരാൾക്ക് പ്രസ്തുത പദവി അലങ്കരിക്കാനാവില്ലെന്നായിരുന്നു പൊതുവെയുള്ള അടക്കം പറച്ചിൽ. കാരണം സത്യസന്ധനായ ഒരു പിതാവിന്റെ മകന് സത്യസന്ധതയോടെ ആ മേഖലയിൽ ജോലിനോക്കാനാവില്ലെന്നായിരുന്നു ധാരണ. കൈക്കൂലിക്ക് നല്ല സാധ്യതകളുണ്ടായിരുന്ന മേഖലയായിരുന്നു അതെന്നോർക്കണം.
എന്നിട്ടും ചാച്ചന്റെ ഇമേജിനെ ചെറുതായി പോലും പോറലേല്പിക്കാതെ സേവനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ചാച്ചൻ ഞങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന്റെ മഹത്വം. ഞങ്ങൾ പത്തു മക്കളായിരുന്നു. ജോസ് ജോർജ് ഐപിഎസ്, ജിമ്മിജോർജ്, ഡോ. മാത്യു ജോർജ് എംഎസ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, ഡോ.വിൻസ്റ്റൺ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ് എന്നിങ്ങനെയാണ് മക്കളുടെ ക്രമം. അർജുന അവാർഡ് ലഭിക്കുമ്പോൾ ജിമ്മിക്ക് 21 വയസായിരുന്നു പ്രായം. ഏറ്റവും ചെറുപ്രായത്തിൽ ഈ ബഹുമതികിട്ടുന്ന ആദ്യത്തെ ആൾ ജിമ്മിയായിരുന്നു.
ആതിഥേയ മര്യാദയായിരുന്നു ചാച്ചന്റെ മറ്റൊരു പ്രത്യേകത. പേരാവൂർ ടൗണിൽ സംഘടിപ്പിക്കപ്പെടാറുള്ള പൊതുപരിപാടികൾക്കെത്തുന്ന എല്ലാവരെയും വീട്ടിലെത്തിച്ച് സൽക്കരിക്കുന്നത് ചാച്ചന്റെ രീതിയായിരുന്നു. അമ്മ ഈ വിരുന്നെല്ലാം ഒരുക്കി മടുത്തുകാണില്ലേ എന്ന് ഞങ്ങൾ സംശയിച്ചിട്ടുമുണ്ട്. പക്ഷേ ചാച്ചന്റെ ഹൃദയം അറിഞ്ഞ് പെരുമാറാനും ജീവിക്കാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു. ഒരുപക്ഷേ അമ്മയുടെ പിന്തുണയും പ്രോത്സാഹനവും കൂടിയായിരിക്കാം ചാച്ചനെ പൊതുജീവിതത്തിലും വിജയിക്കാൻ ഇടനല്കിയത്.
വിവിധ രാഷ്ട്രീയപാർട്ടികളിലുള്ളവർക്കുപോലും സമാരാധ്യനായിരുന്നു ചാച്ചൻ. അതിന് കാരണവും മറ്റൊന്നല്ല ജീവിതത്തിൽ പുലർത്തിപ്പോന്ന ആദർശശുദ്ധിയായിരുന്നു. പാർട്ടിയുടെ ഒരു തീരുമാനങ്ങൾക്കും അദ്ദേഹം എതിര് നിന്നതുമില്ല. അർഹിക്കുന്ന ആദരവ് എതിരാളികൾക്കുപോലും ചാച്ചൻ നല്കിയിരുന്നു. മറ്റുള്ളവരെ വളർത്താനും പ്രോത്സാഹിപ്പിക്കാനും ചാച്ചൻ എന്നും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലെ പേരാവൂരിലേക്ക് കുടിയേറിയവരായിരുന്നു ചാച്ചന്റെ കുടുംബം. ആദ്യമായി ഇവിടെയെത്തിയ ഏഴു കുടുംബക്കാരിൽ ഒരു കുടുംബമായിരുന്ന കുടക്കച്ചിറയിലെ, ജോസഫുകുട്ടിയുടെയും അന്നമ്മ ജോസഫിന്റെയും മൂന്നാമത്തെ സന്താനമായി 1932 ജൂൺ 11 ന് ആയിരുന്നു ചാച്ചന്റെ ജനനം. അന്ന് ഇന്നത്തേതുപോലെ ദേവാലയങ്ങൾ നാട്ടിൻപുറങ്ങളില്ല. അത്തരമൊരു സാഹചര്യത്തിൽ തറവാട്ടുവീട്ടിലായിരുന്നു വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. വിശ്വാസപരവും കൗദാശികവുമായ ഒരു ജീവിതസപര്യ രൂപപ്പെടുത്തിയെടുക്കാൻ ഇതൊക്കെ ചാച്ചന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ അതിജീവനത്തിന്റെ ശക്തിയും ദൈവവിശ്വാസത്തിന്റെ കരുത്തും ചാച്ചന്റെ ജീവിതത്തിലുടനീളം കാണാൻ കഴിയുമായിരുന്നു. അടിയുറച്ച ദൈവവിശ്വാസിയായിരുന്നു ചാച്ചൻ.
പേരാവൂരിനെ ലോകപ്രശസ്തമാക്കാൻ ഈ കുടുംബത്തിനു കഴിഞ്ഞുവെന്നതാണ് സത്യം. പേരാവൂരിൽ നിന്നുള്ള ആദ്യത്തെ ബിരുദദാരിയും അഭിഭാഷകനുമായിരുന്നു ചാച്ചൻ. ചാച്ചന്റെ സ്പോർട്സ് പ്രേമമാണ് ഞങ്ങൾക്കും പകർന്നുകിട്ടിയത്. ചെറുപ്പകാലം മുതല്ക്കേ ചാച്ചൻ വോളിബോൾ കളിച്ചിരുന്നു. 36-ാം വയസിൽ ചാച്ചൻ വലിയൊരു തീരുമാനമെടുത്തു. തറവാട്ടുവക പറമ്പിലെ തെങ്ങിൻതോട്ടം ഒരു വോളിബോൾ കോർട്ടാക്കി മാറ്റുക.
വീട്ടുകാരെയും നാട്ടുകാരെയും സംബന്ധിച്ചിടത്തോളം അതൊരു വിഡ്ഢിത്തമായിരുന്നു. പക്ഷേ ചാച്ചൻ പിന്മാറിയില്ല. ആ കളിക്കളത്തിൽ ചാച്ചൻ കളിച്ചു. മറ്റുളളവരെയും കളിപ്പിച്ചു. ആ കളിക്കളത്തിൽ വന്ന് കളിച്ചവർ പിന്നീട് കളിയുടെ ലോകത്തിലെ താരരാജാക്കന്മാരായി എന്നതും ചരിത്രം.
ഒടുവിൽ എല്ലാവരെയും പോലെ കളിക്കളം വിട്ട് ചാച്ചനും യാത്രയായി. 2017 ഓഗസ്റ്റ് 17 ന്. അകാലത്തിൽ മരണമടഞ്ഞ പ്രിയ മകൻ ജിമ്മിയുടെ അരികിലേക്ക്… അവർ ഇപ്പോൾ സ്വർഗ്ഗത്തിലിരുന്ന് വോളിബോൾ കളിക്കുകയായിരിക്കും. ഞാനങ്ങനെയാണ് വിശ്വസിക്കുന്നത്. ചാച്ചൻ മറഞ്ഞാലും ചാച്ചന്റെ ഓർമ്മകൾ ഈ മണ്ണിൽ സുഗന്ധം പരത്തുക തന്നെ ചെയ്യും.
തയ്യാറാക്കിയത്:
സ്റ്റീഫൻ ഓണിശ്ശേരിൽ CSSR