വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ താല്പര്യപ്പെടുന്നില്ല. അതു പോട്ടെയെന്ന് വയ്ക്കാം ഇപ്പോൾ എന്തുപറഞ്ഞാലും ദേഷ്യം, ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത അവൻ മദ്യപിച്ചുവരുന്നതായും അവൾ തിരിച്ചറിഞ്ഞു. അതോടെ അവൾക്ക് എന്തു ചെയ്യണമെന്നറിയാതെയായി. എന്തോ അവന് സംഭവിച്ചിരിക്കുന്നു. അവൾക്ക് മനസ്സിലായി.
പ്രസവാനന്തര വിഷാദം (post partum depression) എന്ന അവസ്ഥയെക്കുറിച്ച് പലർക്കും അറിവുള്ള കാര്യമാണ്. സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. എന്നാൽ കുഞ്ഞിന്റെ ജനനത്തോടെ പുരുഷന്മാരും വിഷാദത്തിന് അടിപ്പെട്ടുപോകുന്നു എന്നകാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല, ഭൂരിപക്ഷത്തിനും. പക്ഷേ ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ് ഇത്. കുഞ്ഞിന്റെ ജനനത്തോടെ പുരുഷന്മാരുടെ ജീവിതം വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നു. ഇത് സാധാരണയായി കണ്ടുവരുന്നത് ചെറുപ്പക്കാരായ അച്ഛന്മാരിലാണ്.
Paternal postnatal depression ( PPND) Ft എന്നോ paternal post partum depression (PPPD) എന്നോ അറിയപ്പെടുന്ന ഈ അവസ്ഥ 25 ശതമാനം പുരുഷന്മാരിലും കണ്ടുവരുന്നതായിട്ടാണ് മെഡിക്കൽ രംഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. നിർഭാഗ്യകരമെന്ന് പറയട്ടെ പത്തു ശതമാനം മാത്രമേ ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഭാര്യയുടെ ആദ്യപ്രസവവും ശിശു പരിചരണവും എല്ലാമായി ബന്ധപ്പെട്ട് പല പുരുഷന്മാരും ടെൻഷൻ അനുഭവിക്കാറുണ്ട്. എന്നാൽ പ്രസവം കഴിയുന്നതോടെ അത് സാധാരണനിലയിലാകുകയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷം അയാൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒന്നല്ല മുകളിൽ പറഞ്ഞ അവസ്ഥയിൽ ഒരു പുരുഷൻ അനുഭവിക്കുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന പുരുഷന്മാരിലെ ചില പ്രത്യേകതകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
സമൂഹത്തിൽ നിന്ന് പിന്തിരിയാനുള്ള പ്രവണത
ജോലിയിലേക്ക് കൂടുതൽ ശ്രദ്ധതിരിക്കുന്നു
ഉന്മേഷക്കുറവ്, തളർച്ച ഉറക്കത്തിലുള്ള മാറ്റങ്ങൾ
മദ്യപാനം
തലവേദന, ഉദരവേദന
ടെൻഷൻ അക്രമാസക്തി
പൊട്ടിത്തെറിക്കുക
മുൻകോപം
ഇങ്ങനെയൊരു അവസ്ഥയിലേക്ക് പുരുഷനെ എത്തിക്കാൻ പ്രേരകമായ മറ്റ് നിരവധി കാരണങ്ങളുമുണ്ട്. തുടർച്ചയായുള്ള ഉറക്കം നഷ്ടമാകൽ, ഹോർമോൺ വ്യതിയാനം, കുടുംബം, ജോലി, ഭാര്യ എന്നിവയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, കുടുംബാംഗങ്ങളിൽ നിന്ന് കിട്ടുന്ന പിന്തുണയില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കാണുമ്പോഴുണ്ടാകുന്ന പരിത്യക്താവസ്ഥ, പാരമ്പര്യമായുള്ള വിഷാദാവസ്ഥ എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.
പല ഭാര്യമാരും ഭർത്താക്കന്മാരിൽ സംഭവിക്കുന്ന ഈ മാറ്റങ്ങളെ തിരിച്ചറിയണം എന്നില്ല. ഇനി തിരിച്ചറിയുന്നത് തന്നെ മറ്റൊരു രൂപത്തിലായിരിക്കും. ഭർത്താവിന് ഇപ്പോൾ ഭയങ്കര ദേഷ്യമാ, പഴയതുപോലെയുളള സ്നേഹമില്ല തുടങ്ങിയ വിലയിരുത്തലുകളായിരിക്കും അവർ നടത്തുന്നത്. പുരുഷന്മാർ പോലും തങ്ങളുടെ മാനസിക നില ശരിയായ രീതിയിൽ മനസ്സിലാക്കണം എന്നില്ല. അതുകൊണ്ടുതന്നെ വൈദ്യസഹായം അവർ തേടാറുമില്ല. പല കേസുകളിലും പുരുഷന്മാരിൽ ഇത്തരത്തിലുള്ള രോഗാവസ്ഥ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ട്. സ്ത്രീകളിൽ ഉണ്ടാകുന്ന പ്രസവാനന്തര വിഷാദത്തിനുള്ള ചികിത്സാരീതികൾ തന്നെയാണ് പുരുഷന്മാർക്കുമുള്ളത്. കൗൺസലിംങ്, തെറാപ്പി, ആന്റിഡിപ്രസന്റ് മരുന്നുകൾ എന്നിവയെല്ലാം അതിൽ കടന്നുവരുന്നു. ഇതിനൊക്കെ പുറമെ തുടർച്ചയായ വ്യായാമം, ആരോഗ്യപ്രദമായ ഭക്ഷണം, മതിയായ ഉറക്കം, ധ്യാനം, വായന എന്നിവയും ഈ അവസ്ഥയെ അതിജീവിക്കാൻ സഹായിക്കും.
ഭർത്താവിന്റെ ഇത്തരത്തിലുള്ള മാനസികാവസ്ഥയെ തിരിച്ചറിയാൻ ഭാര്യമാരും ശ്രദ്ധിക്കണം. കുറ്റപ്പെടുത്തൽ വഴി ഭർത്താവിനെ വീണ്ടും പ്രതിസന്ധിയിലാക്കാതെ നിരീക്ഷണത്തിലൂടെയും സാന്ത്വനപൂർവ്വമായ ഇടപെടലിലൂടെയും അയാളെ പഴയജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒപ്പം നില്ക്കുക. കുഞ്ഞിന്റെ ജനനത്തോടെ തനിക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായി എന്നത് നാണക്കേടായി പുരുഷന്മാരും വിചാരിക്കേണ്ടകാര്യമില്ല.