ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന മട്ടിൽ പല ഓഫറുകളും നാം കേട്ടിട്ടുണ്ട്. ഒരുപക്ഷേ നാം തന്നെ അതിന്റെ ഗുണഭോക്താക്കളായിട്ടുമുണ്ടാകും. എന്നാൽ അത്തരം പല ഓഫറുകളും ഒരു ബിസിനസ് സീക്രട്ടാണ്. രണ്ടിന്റെയും കൂടി വില ഈടാക്കിക്കൊണ്ടായിരിക്കും ഫ്രീയെന്ന മട്ടിൽ നാം ഒരെണ്ണം കൈപ്പറ്റുന്നത്. എങ്കിലും സൗജന്യം എന്ന് കേൾക്കുമ്പോൾ നമുക്കൊരു സന്തോഷമുണ്ട്. അതുകൊണ്ടാണ് ഫ്രീ ഓഫറുകൾക്ക് പിന്നാലെ പരക്കം പായുന്നത്. ഫ്രീ ഓഫറുകളുടെ കാലമാണ് വരാൻ പോകുന്നത്. ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനുമൊക്കെ ഓഫറുകളുടെ പ്രളയം നാം കണ്ടിട്ടുള്ളതാണ്.
ഫ്രീയായി കിട്ടുന്നവയൊക്കെ ഗുണനിലവാരമുള്ളതാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ഒരേ മാർക്കറ്റിൽ തന്നെ രണ്ടുതരം ഗുണനിലവാരമുള്ള സാധനങ്ങളുണ്ടാകും. രണ്ടു തരം വിലയായിരിക്കും അവയ്ക്ക്. വിലയുള്ളതിന് നാം വില കൊടുത്തേതീരൂ. ഗുണം കുറവായവയ്ക്ക് ചിലപ്പോഴെങ്കിലും വിലയും കുറവാണ്. പക്ഷേ വില കുറവായതുകൊണ്ട് നാം അതിലേക്ക് ആകർഷിതരാകുന്നു.
ഫ്രീയായി കിട്ടുന്ന പലതിനും അത് അർഹിക്കുന്ന മൂല്യം നാം കൊടുക്കുന്നില്ല എന്നും പറയണം. ഉദാഹരണം വായു, ജലം, സൂര്യപ്രകാശം, ചന്ദ്രവെളിച്ചം… ദൈവം പ്രപഞ്ചത്തിന് നല്കിയിരിക്കുന്ന മഹാദാനങ്ങളാണ് ഇവയെല്ലാം. കറന്റ് ബില്ല് കിട്ടി ഷോക്കടിച്ചുപോയ നാം ഒരിക്കലെങ്കിലും സൂര്യപ്രകാശത്തിന്റെ വില മനസ്സിലാക്കിയിട്ടുണ്ടോ? രോഗാതുരമായി ശ്വാസംകിട്ടാതെ പിടയുമ്പോൾ അതുവരെ ശ്വസിച്ച വായുവിന്റെ വില നാം മനസ്സിലാക്കിയിട്ടുണ്ടോ?
മറ്റൊരു ചിന്തകൂടി പങ്കുവയ്ക്കട്ടെ. ഫ്രീ ഓഫറുകൾക്ക് പിന്നാലെ പരക്കം പായുമ്പോൾ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. യഥാർത്ഥത്തിൽ ഞാൻ ഫ്രീയാണോ? അപകർഷത, ഈഗോ, താൻപോരിമ, സ്വാർത്ഥത, വിദ്വേഷം, വെറുപ്പ്, മാത്സര്യം… ഇങ്ങനെ എത്രയോ തരം കെട്ടുകൾ വരിഞ്ഞുമുറുക്കി നമ്മുടെ സ്വതന്ത്രമായവിഹരിക്കലുകൾക്ക് തടസമായി മാറുന്നു. പറന്നുപോകാൻ തടസ്സമായി നില്ക്കുന്നവയെല്ലാം അറുത്തുമാറ്റുക. നാം പറക്കാനുള്ളവരാണ്.
ഉള്ളിൽ പലതരത്തിലുള്ള പാരതന്ത്ര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഒരിക്കലും പറന്നുപോകാൻ കഴിയില്ല. സ്വയം ഉള്ളിലേക്ക് നോക്കുക. എവിടെയാണ് എനിക്ക് പറന്നുപോകാൻ തടസ്സം? എന്തൊക്കെയാണ് അവ? രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ ഓർമ്മകൾ അയവിറക്കുന്ന മാസം കൂടിയാണ് ഇത്. എല്ലാ രീതിയിലും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുമ്പോഴേ സ്വാതന്ത്ര്യം അതിന്റെ പൂർണ്ണാർത്ഥം കൈവരിക്കുകയുള്ളൂ. പക്ഷേ അനുവദിച്ചുകിട്ടിയ സ്വാതന്ത്ര്യത്തിന്റെ വില നാം അറിയുന്നുണ്ടോ? സ്വാതന്ത്ര്യം ശരിയായ രീതിയിൽ വിനിയോഗിക്കുക. എല്ലാ മാന്യവായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
സൗജന്യങ്ങളുടെ വില
Date: