പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ മറ്റെല്ലായിടവും വിണ്ടുകീറിപ്പോയിരുന്നു. ആദ്യം എത്തിവരിൽ ഒരാളായിരുന്നു കൗസല്യ. പിന്നെ പുറകെ വടക്കേടത്ത് ദേവകി, മൂന്നുപീടികയിലെ ആച്ചിയമ്മ, മൂലയിലെ ഏലിക്കുട്ടി, കല്ലോലിലെ മറിയം തുടങ്ങിയവർ വന്നുതുടങ്ങി. ടീപ്പോയിയുടെ മുന്നിൽ ഒരു വശത്ത് കുട്ടികൾ അതിനും മുമ്പേ സ്ഥാനം പിടിച്ചിരുന്നു.
സമയം വൈകിട്ട് അഞ്ചര കഴിഞ്ഞു.
പാവൽത്തടത്തിലേക്ക് വെളളം കോരി മേലാകെ നനഞ്ഞാണ് നാരായണൻ അവിടെ എത്തിയത്. നേരാംവണ്ണം വെള്ളമൊന്നു തോർത്താൻകൂടി നാരായണൻ നോക്കിയില്ല. കൊച്ചംപ്ലാവുകാരുടെ പറമ്പിൽ തെങ്ങിന് തടം എടുക്കുകയായിരുന്നു പത്രോസ്. പണികഴിഞ്ഞ് കൂലിയും വാങ്ങിച്ച് പോരാൻ തുടങ്ങിയപ്പോഴാണ് തുമ്പപ്പീടികേടെ മുന്നിൽ ഇന്ദിരേടെ പടം ഓടിക്കുന്നുണ്ടെന്ന് അറിഞ്ഞത്. എന്നാപ്പിന്നെ അതൂടെ കണ്ടേച്ച് വീട്ടിലേക്ക് പോകാമെന്ന് പത്രോസ് കരുതി. വിയർത്തൊലിച്ച വട്ടക്കഴുത്തുള്ള ബനിയനിൽ പത്രോസിന്റെ ബന്തിങ്ങ ഒട്ടിക്കിടന്നു. തുമ്പപ്പീടികയിൽ എത്തിയിട്ടും പത്രോസിന്റെ കക്ഷക്കുഴികളിൽ നിന്ന് ഉയർന്ന പുളിച്ച കള്ളിനെ ഓർമിപ്പിക്കുന്ന വിയർപ്പുനാറ്റത്തിന് കുറവുണ്ടായിരുന്നില്ല. ഇവരെയൊക്കെ കൂടാതെ അവിടെയെത്തിവരിൽ ചിലർ ഇവരാണ്.
തുമ്പപ്പീടികേലോട്ട് അങ്ങാടിയിൽച്ചെന്ന് സാധനങ്ങൾ വാങ്ങിച്ചുകൊണ്ടുവരാറുള്ള ഞൊണ്ടിക്കാലൻ കൊച്ചെറുക്കൻ, കൽപ്പണിക്കുവിളിച്ചാൽ അറുപതിനോടടുത്ത പ്രായമുള്ള തടിച്ചി മണിവേൽ ചിന്നമ്മയെത്തന്നെ മൈക്കാടായി വിളിക്കണമെന്ന് വാശിപിടിക്കുന്ന, അതുകൊണ്ടുതന്നെ ചിന്നമ്മ ഗോവിന്ദൻ എന്ന നാട്ടിൽ വിളിപ്പേരുള്ള മേസ്തിരി ഗോവിന്ദൻ, വീടിനു തെക്കുമാറി പാലുള്ള ഒരു വൃക്ഷമില്ലേ? റബർ ആണേലും മതി എന്ന തുറുപ്പുചീട്ടിറിക്കി വീട്ടിലേക്ക് വരുന്ന പുറംനാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി പാതിരാത്രികളിൽ കോഴിവെട്ട് നടത്തി മന്ത്രവാദം നടത്തുന്ന പ്രഭാകരൻ, പുതുശേരി വീട്ടിലെ തൊഴുത്തിലും തൊടിയിലുമായി ഋതുഭേദങ്ങൾ ചെലവിട്ട് ജീവിതസായന്തനത്തിലെത്തിയ നെറ്റിയിൽ ചെറിയ മുഴയുള്ള കണ്ണുപിള്ള എന്നറിയപ്പെടുന്ന രാഘവൻ നായർ, അപ്പൻ ജോസ് തുടങ്ങിക്കൊടുത്ത കൊപ്രാമില്ലിൽ പകൽ ഇരുന്നെന്നു വരുത്തി അന്തിയായാൽ മിക്കദിവസങ്ങളിലും ലക്ഷംവീട് തുടങ്ങുന്നിടത്തു താമസിക്കുന്ന അമ്പിളിയുടെ ചെറ്റക്കുടിലിൽ രതിയുടെ പുതുനിർവചനങ്ങൾ തേടുന്ന സേവിച്ചൻ…
ടീപ്പോയി വെച്ചിരുന്ന പാടം ഏതാണ്ട് ആളുകളെക്കൊണ്ട് നിറഞ്ഞു. അതിൽ നായൻമാർ, ക്രിസ്ത്യാനികൾ, ഈഴവർ, പുലയർ, ആശാരിമാർ, അലക്കു വേലന്മാർ, പിന്നെ ആടൂർ നിന്ന് വന്ന് തുമ്പപ്പീടികയുടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൺമുഖം ചെട്ടിയാരും ഉണ്ടായിരുന്നു.
നാടിന്റെ സിരാകേന്ദ്രമാണ് തുമ്പപ്പീടിക. കടനടത്തുന്ന പപ്പേട്ടൻ രാവിലെ എട്ടുമണിയോടെ എത്തും. ക്രമത്തിൽ നമ്പരിട്ട പലകപ്പാളികൾ ഓരോന്നായി ഇളക്കിമാറ്റി കടയുടെ വശത്ത് ഒരിടത്ത് ചാരും. അകത്തുകയറി ഉരുളക്കിഴങ്ങ് വല്ലതും ചീഞ്ഞുപോയോ എന്നും എലി തിന്നിട്ടുണ്ടോ എന്നും നോക്കും. ഉണ്ടെങ്കിൽ അതെടുത്ത് പുറത്തേക്ക് വലിച്ചെറിയും. കടയുടെ മുന്നിലേക്ക് ഓല മേഞ്ഞ ഒരു ചാർത്ത് ഉണ്ട്. അതിലേക്ക് മേശയും കസേരയും ഇറക്കിയിടും. പപ്പേട്ടൻ വരുന്നതിന് മുമ്പേ അവിടെ വരുന്ന മാതൃഭൂമി പത്രമെടുത്ത് വായന തുടങ്ങും. ചായക്കട നടത്തുന്ന ശങ്കരൻ വന്ന് കടയിലേക്ക് വേണ്ട ശർക്കര, ഉപ്പ് തുടങ്ങി എന്തെങ്കിലും വാങ്ങിപ്പോകും. പിന്നെ ഒന്നും ഒറ്റയുമായി ഓരോരുത്തർ. സ്‌കൂളിലേക്ക് പോകുന്ന വഴി കുട്ടികൾ ചിലപ്പോൾ തേൻ മിഠായി വാങ്ങും. തുമ്പപ്പീടികയല്ലാതെ അവിടെ മറ്റൊരു കടയില്ല. പപ്പേട്ടന്റെ സാധനങ്ങൾ കൊണ്ടുവന്നുവെച്ചില്ലെങ്കിൽ നാട്ടുകാർക്കുമില്ല. വൈകുന്നേരം തുമ്പപ്പീടിക കൂടുതൽ സജീവമാകും. സാധനങ്ങൾ വാങ്ങാൻ കൂടുതൽ ആളുകളെത്തും. പീടികേടെ മുന്നിലുളള റോഡിൽ കുട്ടികൾ വട്ട് കളിക്കും. കടയുടെ പുറകിൽ ചീട്ടുകളിയുണ്ടാകും.
കുടുക്കത്താനി സ്റ്റേഷനിൽ എസ് ഐ ആയി സൈമൺ വന്നതോടെ കളിയാകെ മാറി.
എസ് ഐ സൈമൺ കെ.ജെ എന്ന് കേട്ടാൽത്തന്നെ നാട്ടുകാരുടെ മുട്ട് കൂട്ടിയിടിക്കും. മിക്കദിവസങ്ങളിലും പോലീസ് ജീപ്പ് നാട്ടിൻപുറത്തുകൂടി വരാൻ തുടങ്ങി. വീലിന്റെ മധ്യത്തിലും ബമ്പറിന്റെ ഇരുവശത്തും വെള്ള നിറം.പിന്നെ പോലീസ് എന്ന് എഴുതിയിരിക്കുന്നതും വെള്ള നിറത്തിൽ. ആ നിറം എല്ലാവർക്കും ഒരു പേടിസ്വപ്‌നമായിരുന്നു. ഇടത്തെകാൽ വെളിയിലിട്ടാണ് സൈമൺ എസ്‌ഐ ഇരിക്കുന്നത്. വണ്ടി നിർത്തിയാലുടൻ ജീപ്പിന്റെ മുന്നിലെ കൈപ്പടിയുടെ ഇടയ്ക്ക് വെച്ചിരിക്കുന്ന തൊപ്പിയെടുത്ത് തലയിൽ വെക്കും. പിന്നെ സീറ്റിന്റെ പിറകിൽ നിന്ന് ലാത്തിയുമെടുത്ത് ഒരു ഇറക്കമുണ്ട്.
ഒരിക്കൽ ഉച്ചതിരിഞ്ഞ സമയത്ത് പോലീസ് ജീപ്പ് കടയുടെ മുന്നിൽ നിർത്തി. കൊച്ചെറുക്കൻ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. എസ് ഐ ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കൊച്ചെറുക്കൻ വേഗം എഴുന്നേറ്റു. എസ് ഐ കടയുടെ പുറകിലേക്ക് പോയി. തിരികെവന്ന് കൊച്ചെറുക്കന്റ നേരേ അലറി. ഇവിടെ ചീട്ടുകളിയുണ്ടോടാ?
അതുപിന്നെ… കൊച്ചെറുക്കൻ തലചൊറിഞ്ഞ് നിന്നു.
വെള്ളമടിയോടാ?
ഞാൻ കണ്ടിട്ടില്ല സാറേ…. കൊച്ചെറുക്കൻ ഭവ്യതയോടെ പറഞ്ഞു.
നീ കണ്ടിട്ടില്ല അല്ലേ? ഒരു പുണ്യാളൻ വന്നിരിക്കുന്നു. നിന്നെക്കൊണ്ട് ഞാൻ പറയിക്കാടാ… എസ്.ഐ കൊച്ചെറുക്കന്റെ മടിക്കുത്തിന് കേറിപ്പിടിച്ചു. കൊച്ചെറുക്കന്റെ കാലുതെറ്റി നിലത്തുവീഴാൻ തുടങ്ങി.
അയ്യോ സാറേ ഉപദ്രവിക്കല്ലേ…സത്യായിട്ടും ഞാൻ കണ്ടിട്ടില്ല. കൊച്ചെറുക്കൻ കെഞ്ചി.
വിട്ടേര് സാറേ… ഞൊണ്ടിക്കാലനല്ലേ… പൊല്ലാപ്പാക്കണ്ട.
കൂടെയുണ്ടായിരുന്ന ഒരു പോലീസ്‌കാരൻ ഓർമിപ്പിച്ചു.
ഈ സംഭവത്തിന് ശേഷം കുറച്ച് നാൾ തുമ്പപ്പീടികേടെ പുറകിൽ ചീട്ടുകളി ഉണ്ടായിരുന്നില്ല.
നിരപരാധിയായ കൊച്ചെറുക്കനെ ഉപദ്രവിച്ച എസ് ഐ യെ അവിടെനിന്ന് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് എസ്എൻഡിപിയുടെ നേതൃത്വത്തിൽ കടയുടെ സമീപം പ്രതിഷേധയോഗം ചേർന്നു.
എസ് ഐ സൈമൺ നീതിപാലിക്കുക, എസ് ഐ സൈമന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നിങ്ങനെയെഴുതിയ പ്ലാക്കാഡുകൾ പിടിക്കാൻ കുട്ടികൾ വരെയുണ്ടായിരുന്നു. എസ് ഐയെ മാറ്റാൻ സമ്മർദം ഉണ്ടായിയെന്നാണ് നാട്ടിൽ പറഞ്ഞുകേൾക്കുന്നത്. ഏതായാലും അങ്ങനെയിരിക്കെ ഒരു നാൾ സൈമൺ എസ് ഐ സ്ഥലം മാറിപ്പോയി.
നാട്ടുകാർക്ക് ആശ്വസമായി.
കടയുടെ പുറകിലെ ചീട്ടുകളിയും തുടർന്നു.
കടയിൽ സാധനങ്ങൾ അടുക്കിവെക്കാനായി ഒരു തട്ടുണ്ടാക്കാൻ പരമേശ്വരൻ ആശാരി വന്നപ്പോൾ അവിടെ കിടന്ന ഒരു പാലക്കമ്പിൽ കണ്ണുടക്കി. പണികൾ എല്ലാം തീരാറായപ്പോൾ ആശാരി പാലക്കമ്പിൽ തന്റെ കരവിരുതു കാട്ടി. അത് ഒരു ടെലിഫോണിന്റെ രൂപത്തിൽ ചെത്തിയെടുത്തു. പപ്പേട്ടന്റെ മകൻ മനോജ് അതിന് കറുത്ത പെയിന്റടിച്ചു. ഒരു പ്ലാസ്റ്റിക് ടിന്നിന്റെ അടപ്പിൽ ദ്വാരങ്ങളിളിട്ട് നടുക്ക് സ്‌ക്രൂ ചെയ്തു പിടിപ്പിച്ച് ഡയലാക്കി. കറുത്ത നാട ചുറ്റിയെടുത്ത് റിസീവറിൽ ഘടിപ്പിച്ചു. കടയുടെ മുന്നിൽ പെട്ടെന്ന് കാണാവുന്ന തരത്തിൽ ഒരു സ്റ്റൂളിൽ ഫോൺ വെച്ചു. സാധനങ്ങൾ വാങ്ങാനല്ലാതെ ടെലിഫോൺ കാണാനായി മാത്രം പലരും പപ്പേട്ടന്റെ കടയിലെത്തി.
സമയം ആറുമണിയായി.
സിംഗപ്പൂര് ജോലി ചെയ്ത് പൈസയുണ്ടാക്കി നാട്ടിൽ ആദ്യമായി ടിവി വാങ്ങിയ ആളാണ് മണിച്ചൻ. മണിച്ചന്റെ ടിവിയാണ് ടീപ്പോയിൽ വച്ചിരിക്കുന്നത്. തുമ്പപ്പീടികേന്ന് വയർ വലിച്ച് ടിവിക്ക് കറന്റ് കൊടുത്തു. എന്നാ തുടങ്ങാം എന്ന് എല്ലാരും പറഞ്ഞപ്പോ മണിച്ചൻ വന്ന് വിസിആറിൽ കാസറ്റ് ഇട്ടു. കാസറ്റ് റീവൈന്റ് ചെയ്തുവച്ചു. വയർ വലിക്കാനും കാസറ്റ് ഇടാനുമൊക്കെ മണിച്ചനെ സഹായിക്കാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന മകൾ ജ്യോതിയും കൂടി.
ഇതിനിടെ നാട്ടിലെ പറ്റുമെങ്കിൽ മുഴുവൻ പേർക്കും ഇരട്ടപ്പേർ ഇടാൻ തക്കം പാർത്തുനടക്കുന്ന ഇലക്ട്രീഷൻ മുരളി ആൾക്കൂട്ടത്തിന് പുറകിൽ നിന്ന് ആടുകരയുന്നതുപോലെ മ്‌ഹേ..മ്‌ഹേ…എന്ന് ഒന്നുരണ്ടുതവണ ഒച്ചവച്ചു. ഇതുകേട്ടപാടെ കേൾക്കാത്ത പാതി കുട്ടികളുടെ തൊട്ടുപുറകിൽ ഇരുന്നിരുന്ന അജയൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പുറകോട്ട് തിരിഞ്ഞ് ഉച്ചത്തിൽ രണ്ട് തെറി പറഞ്ഞു. മുരളിയെ നോക്കി പല്ലിറുമ്മി. പിന്നെ തെറി പറഞ്ഞതിന്റെ അനുഭൂതിയിൽ വീണ്ടും ചമ്രം പടിഞ്ഞിരുന്നു. മുരളിയാകട്ടെ തന്റെ ദേഹത്തുവീണ തെറി എറിഞ്ഞത് പൊട്ടനജയനല്ലെ എന്നോർത്ത് സ്വയം സമാധാനിച്ച് അതങ്ങു തൂത്തുകളഞ്ഞ് ഒരു ബെടുക്കച്ചിരി ചിരിച്ചു.
അജയൻ കുറച്ചുകാലം മുമ്പ് താടി നീട്ടിവളർത്തിയിരുന്നു. ആട്ടിൻതാടിപോലെയാണ് അജയന്റെ താടിവളർച്ച എന്നു കണ്ടുപിടിച്ച മുരളി എന്നാൽപ്പിന്നെ ഇവനെ ആട് എന്നങ്ങ് വിളിച്ചുകളയാം എന്ന് തീരുമാനിക്കുകയായിരുന്നു. ഒരിക്കൽ കുടപ്പുറത്തുകാവിന്റെപുറകിലുള്ള പറമ്പിൽ പുല്ലുപറിക്കാൻ തെള്ളിപ്പാലയിലെ ജനാർദ്ദനൻ മകൻ അജയനെയും കൂട്ടിയാണ് വന്നത്. പുല്ലുപറിച്ച് മുന്നേറുന്നതിനിടയിലാണ് അജയന്റെ ചിന്താധാരകളിൽ വട്ടം തിരിഞ്ഞിരുന്ന സന്ദേഹം പൊടുന്നനെ തികട്ടി വന്നത്. തികട്ടിവന്ന സംശയത്തെ അല്പം പോലും പിടിച്ചുനിർത്താതെ വിഴുങ്ങാതെ അവൻ അച്ഛന്റെ മുന്നിൽ കക്കിയിട്ടു. അച്ഛാ… ഈ ഹനുമാന്റെ വാലേൽ പിടിച്ചാണോ കുരങ്ങൻമാർ ലങ്കക്ക് പോയേ…
ഫ… കഴുവേറടെമാനേ… വിഡ്ഢിത്തം പറയാതെ വീട്ടിൽ പോടാ… ജനാർദ്ദനൻ തൊണ്ടകീറി. ഇതുകേട്ട ഉടനെ അജയന്റെ മുഖത്ത് ഒരു ഗൂഢസ്മിതം വിടർന്നു. പുല്ലുപറിക്കൽ മതിയാക്കി അവൻ വഴിയിലേക്കിറങ്ങി.
തുമ്പപ്പീടികയിൽ ചെന്ന് ഒരു പാക്കറ്റ് ദിനേശ് ബീഡി വാങ്ങി കലുങ്കിലിരുന്ന് വലിക്കാൻ തുടങ്ങി.
മുരളിയുടെ ആട് കരച്ചിലും അജയന്റെ തെറിയും സൃഷ്ടിച്ച ചിരിയലകൾ പാടത്ത് ഒന്ന് വട്ടം ചുറ്റി പിന്നീ
ടെവിടെയോ മറഞ്ഞു.
അനന്തരം പഞ്ചായത്ത് അംഗവും ജനകീയ വായനാശാല പ്രസിഡന്റും സർവോപരി കറകളഞ്ഞ കോൺഗ്രസ്‌കാരനുമായ പുഷ്പാംഗദൻ ടിവിയുടെ മുന്നിൽ വന്നുനിന്നു. കഞ്ഞിപ്പശ ചേർത്ത് തേച്ച ഖദർ ഷർട്ട് അധികം ചുളിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്താൻ പുഷ്പാംഗദൻ ഇടയ്ക്കിടെ അതിലേക്ക് നോക്കുന്നുണ്ടായിരുന്നു.
എന്റെ സ്‌നേഹം നിറഞ്ഞ നാട്ടുകാരേ… പുഷ്പാംഗദൻ പറഞ്ഞുതുടങ്ങി. നമ്മുടെ പ്രിയങ്കരിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നമ്മോട് വിടപറഞ്ഞിട്ട് അധികമായില്ല. ഇന്ത്യ കണ്ട മികച്ച ഒരു ഭരണാധികാരിയും ചുരുങ്ങിയ കാലം കൊണ്ട് ലോകനേതാക്കളുടെ ശ്രേണിയിലേക്ക്…
…ആയതുകൊണ്ട് ഇന്ദിരാജിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ഈ ഡോക്കുമെന്ററി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലും പ്രദർശിപ്പിക്കുകയാണ്. ഈ ഡോക്കുമെന്ററി കാണാനെത്തിയിരിക്കുന്ന നിങ്ങളോരോരുത്തരെയും സ്വാഗതം ചെയ്തുകൊണ്ട് ഞാനെന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു…
പുഷ്പാംഗദന്റെ വാക്കുകളെ ജനങ്ങൾ കൈയടിച്ച് സ്വീകരിച്ചു. ഉച്ചത്തിൽ കൈയടിക്കാൻ കുട്ടികൾ പര സ്പരം മത്സരിച്ചു.
വൈകാതെ പ്രദർശനം തുടങ്ങി. ആദ്യമാദ്യം ടിവി സ്‌ക്രീനിൽ നിറയെ വെള്ളപ്പൊട്ടുകൾ തത്തിക്കളിച്ചു. പിന്നീട് വെളുത്ത വരകൾ മുകളിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങി. മണിച്ചനും മകളും ടിവിയുടെയും വിസിആറിന്റെയും പല നോബുകളും മാറിമാറി തിരിച്ചു.ഒടുവിൽ താഴേക്കു പതിച്ചിരുന്ന വെള്ളവരകൾ ക്രമേണ അപ്രത്യക്ഷമായി.അവിടെ എഴുത്തുകൾ നിറഞ്ഞു. ടിവി ട്യൂണിംഗ് ശരിയായതിന്റെ സന്തോഷത്തിൽ കുട്ടികൾ അറിയാതെ കൈയടിച്ചു.
ഫയലുകളിൽ ഒപ്പിടുന്ന ഇന്ദിര, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ഇന്ദിര, വിമാനത്തിൽ കയറുന്നതിന് മുമ്പ് യാത്രയാക്കാൻ വന്നവരെ കൈവീശിക്കാണിക്കുന്ന ഇന്ദിര, കർഷകരുടെ ഇടയിലേക്ക് ഓടിയടുക്കുന്ന…ആദിവാസി ബാലനെ എടുത്തുയർത്തുന്ന… നിരനിരയായി നിൽക്കുന്ന പ്രൈമറി ക്ലാസ്സ് കുട്ടികളുടെ സ്ലെയിറ്റ് ഓരോന്നും എടുത്ത് കൗതുകത്തോടെ നോക്കുന്ന ഇന്ദിര…
ഡോക്കുമെന്ററി മലയാളത്തിൽ വിവരിച്ചു തരുന്നതിനായി റിട്ട. പ്രഫസർ ലക്ഷ്മണൻ സർ ടിവിയുടെ സമീപം തന്നെ നിന്നിരുന്നു. ഇത് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമിഷണർ, ഇത് കരസേനാ മേധാവി തുടങ്ങി ഓരോരുത്തരും ആരെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇനി അഥവാ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിൽക്കുന്നവർ ആരെന്ന് പറയാൻ അല്പം വൈകിയാൽ കുട്ടികൾ എല്ലാവരും കൂടി ഉറക്കെ ഇതാരാ… ഇതാരാ… എന്ന് ചോദിക്കാനും തുടങ്ങി.
ആച്ചിയമ്മ മുറുക്കാൻ പൊതിയഴിച്ചു. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് പൊതിക്കകത്ത് ഞുറുക്കിവെച്ചിരുന്ന പാക്ക് ഉള്ളിലാക്കി പൊതിഞ്ഞു. പിന്നെ വായ തുറന്ന് ഉള്ളിലേക്ക് പൊതി തിരുകി. കൈയിൽ പറ്റിയ ചുണ്ണാമ്പ് തൂത്തുകളയാൻ ഇടമില്ലാതിരുന്നതിനാൽ മുണ്ടിന്റെ കോന്തല വലിച്ച് അതിലങ്ങു തൂത്തുകളഞ്ഞു.
പൊടുന്നനെയാണ് ആൾക്കാർ ഇരുന്നതിന്റെ പിൻഭാഗത്ത് നിന്ന് ഒരു ബഹളം കേട്ടത്.
ഇവിടെ ഒരു പ്രദർശനോം വേണ്ട കോപ്പും വേണ്ട…ങാഹാ… ഞാൻ കാണിച്ചുതരാം എല്ലാത്തിനേം… ഇപ്പനിറുത്തിക്കോണം ഈ പരിപാടി… ഒരു ഇന്ദിരേം ഉണ്ട് … അവടെയൊരു ഫൂ.,.
ചെമ്പനാനിക്കൽ രാജപ്പൻ കാർക്കിച്ചു തുപ്പി. തെങ്ങുചെത്ത് തൊഴിലും കമ്മ്യൂണിസം ജീവവായുവുമാണ് രാജപ്പന്. തുമ്പപ്പീടികയിൽ നിന്ന് കുറച്ചുമാറിയുള്ള ഇടയോലി ബസ്‌സ്റ്റോപ്പിൽ കൊടിമരം നാട്ടിയതുമായി ബന്ധപ്പെട്ട് മുമ്പ് കോൺഗ്രസ്‌കാരും മാർക്‌സിസ്റ്റ് കാരും തമ്മിൽ ഉന്തും തള്ളും നടന്നിരുന്നു. അവിടെ പാറിക്കളിച്ചിരുന്ന ചെങ്കൊടി ചരട് പൊട്ടി താഴെ വീണതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് അന്ന് ഉന്തിലും തള്ളിലും കലാശിച്ചത്. പോലിസ് ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒത്തുതീർപ്പാക്കി വിട്ടതുമാണ്. എന്നാലും രാജപ്പന്റെ ഉള്ളിലെ കനൽ കെടാതെ കിടന്നിരുന്നു.
ആട്ട് കേട്ടയുടനെ രണ്ടുമൂന്ന് ചെറുപ്പക്കാർ ചേർന്ന് രാജപ്പനെ പാടത്തിന് പുറത്തേക്ക് പിടിച്ച് ഉന്തിമാറ്റി.
അതുവേണ്ട… കൈവച്ചൊള്ള കളിയൊന്നും വേണ്ട. അതൊക്കെ ഞങ്ങക്കുമറിയാം. ഞങ്ങളും പാർട്ടി നോക്കിയൊന്നുമല്ല ഇതുകാണാനിരുന്നേ… പിന്നെയൊരു മര്യാദേടെ പേരിലാ… ഇങ്ങനെയാണേൽ ഈ പരിപാടി നടത്താൻ ഞങ്ങളും സമ്മതിക്കുകേല പറഞ്ഞേക്കാം…
ചില ചെറുപ്പക്കാരുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് രക്തം തിളച്ചു.
ചുണയുണ്ടേൽ ടിവി നിർത്തെടാ… അപ്പ കാണിച്ചുതരാം. എതിർപാർട്ടിക്കാരും വിട്ടില്ല.
എന്നാൽ അതുകണ്ടിട്ടുതന്നെ കാര്യം…നിർത്തെടാ ടിവി…ആരോ വിളിച്ചുകൂവി.
വാദപ്രതിവാദങ്ങളും തെറിവിളികളും ഉച്ചസ്ഥായിയിലായി.
പുഷ്പാംഗദൻ അവരുടെ അടുത്തേക്ക് വേഗം ചെന്ന് ഇരുകൂട്ടരോടുമായി സംസാരിക്കാൻ തുടങ്ങി.
പരസ്പരം അടിക്കാനായി ഓങ്ങിനിന്നവരെ ആരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റിക്കൊണ്ടിരുന്നു.
മണിച്ചൻ ഓടിച്ചെന്ന് ടിവിയും വിസിആറും ഓഫ് ചെയ്തു. തുമ്പപ്പീടികേലോട്ട് എടുത്തുവെക്കാനായി ടിവി ഉയർത്തി.
വീട്ടിലിരുന്ന ടിവിയൊക്കെ പൊക്കിയെടുത്ത്… എന്റെ മര്യാദക്ക് ഞാൻ കൊണ്ടുവന്നെന്നേയുള്ളൂ… എനിക്കപ്പഴേ തോന്നിയതാ…
ഉത്സവപ്പറമ്പിൽ എഴുന്നള്ളിച്ചു നിർത്തുന്ന ആന ഇടഞ്ഞാലെന്നപോലെ പാടത്തിരുന്നവരെല്ലാം പരിഭ്രമിച്ച് എഴുന്നേറ്റു.
അലവലാതികള്…. കൗസല്യ വല്യമ്മ പിരാകിക്കൊണ്ട് പാടത്തിന് പുറത്തെ വഴിയിൽ എത്തി. എല്ലാവരും പലവഴിക്ക് പിരിഞ്ഞു.
സമയം ഏഴരയായി.
തുമ്പപ്പീടികേടെ സമീപം പാടം മാത്രം ബാക്കിയായി. നിലാവെളിച്ചം പാടത്തിലെ വിള്ളലുകളിലേക്ക് ഇറങ്ങിനോക്കി.
ടിവിയും വിസിആറും കൊണ്ടുപോകാൻ ഓട്ടോ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് പോയ മണിച്ചൻ വരുന്നത് കാത്ത് പപ്പേട്ടൻ മാത്രം കടയിലെ ലൈറ്റ് അണക്കാതെ കാത്തിരുന്നു.
തുമ്പപ്പീടികേടെ തിണ്ണയിൽ വിസി ആറിന്റെ മുകളിൽ വെച്ചിരുന്ന കാസറ്റിൽ ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊണ്ടു.
തുമ്പപ്പീടിക
Date: