സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ ഉപേക്ഷിച്ചുപോകാനും കഴിയില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടയാളങ്ങൾ വീഴ്ത്തി വ്യക്തിമുദ്ര പതിപ്പിച്ച പേരാണ് കടലാസ്. വരയും വരിയും ചേർന്നൊരുക്കുന്ന ആസ്വാദനത്തിന്റെയും നവഭാവുകത്വത്തിന്റെയും വായനയുടെയും ആശയങ്ങളുടെയും പേര്. ഒരിക്കലും നനയാത്ത, വരികളും വരകളും മാഞ്ഞുപോകാത്ത കടലാസ്.
2014 ലെ കേരളപ്പിറവി ദിനത്തിലാണ് ഫാ. ബിബിൻ ഏഴുപ്ലാക്കൽ എംസിബിഎസ് കടലാസിന് രൂപം കൊടുത്തത്. ഫേസ്ബുക്ക് ഇത്രത്തോളം പ്രചരിച്ചിട്ടില്ലാത്ത അക്കാലത്ത് പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും ചെറിയകുറിപ്പുകൾ ഡിസൈൻ ചെയ്ത് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കടലാസിന്റെ തുടക്കം. അവ ശ്രദ്ധിക്കപ്പെട്ടതോടെ അപരിചിതരായ നൂറുകണക്കിന് ആളുകളുടെ കുറിപ്പുകൾ അദ്ദേഹത്തിന് അയച്ചുകിട്ടിത്തുടങ്ങി. അവയിൽ നിന്ന് ഏറ്റവും നല്ലതെന്ന് തോന്നുന്നവ എഡിറ്റ് ചെയ്ത് ഡിസൈൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു. എങ്കിലും തിരക്കുകൾക്കിടയിലും അദ്ദേഹം അതിന് സമയം കണ്ടെത്തുന്നു. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയ്ക്കുവേണ്ടിയുള്ള ‘ജസ്റ്റിസ് ഫോർ ജിഷ’ എന്ന ഹാഷ്ടാഗാണ് കടലാസിനെ സാമൂഹ്യപ്രസക്തമായ ഒരു പ്ലാറ്റ്ഫോമിലേക്ക് ഉയർത്തിയതും കൂടുതൽ പ്രചരിപ്പിച്ചതും. വ്യത്യസ്തമാകുന്നതെന്തും വൈറലായി മാറ്റുന്ന സോഷ്യൽ മീഡിയ കടലാസിനെയും നെഞ്ചിലേറ്റിതുടങ്ങിയത് അങ്ങനെയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ലൈക്കുകൾ. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നൂറുകണക്കിന് എഴുത്തുകാരുടെ രചനകൾ. കടലാസിൽ എഴുതിയവരുടെ പേരുകൾ ഒരുപക്ഷേ ആളുകൾ ഓർത്തിരിക്കണമെന്നുണ്ടാവില്ല,പക്ഷേ അവർ എഴുതിയ വരികൾ മനസ്സിൽ കൊണ്ടുനടക്കുന്ന അനേകം മലയാളികളുണ്ട് ഇവിടെ.
കടലാസിലെ ഓരോ വരികളിലും പ്രണയവും സ്നേഹവും ചങ്ങാത്തവുമുണ്ട്. ഓർമ്മകളുടെ നഷ്ടസുഗന്ധവും വർത്തമാനകാലത്തിന്റെ നെടുവീർപ്പുകളുമുണ്ട്. ഭാവിയുടെ സൗന്ദര്യവും ജീവിതത്തിന്റെ ആനന്ദവുമുണ്ട്. എവിടെയെങ്കിലും തൊടാതെ അവയൊരിക്കലും കടന്നുപോകുന്നില്ല.
കടലാസിനെ എഴുത്തിന്റെ ചുരുക്കെഴുത്ത് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഒന്നോ രണ്ടോ വരിയിൽ ഒരു കടലോളം ആശയങ്ങളുടെ സമൃദ്ധിയാണ് കടലാസ് ഒരുക്കുന്നത്. തിരക്കിന്റെ ഈ ലോകത്ത് കൂടുതൽ വായിക്കാൻ സമയംകിട്ടാത്തവരെ പരിമിതമായ വരികളിലൂടെ ചിന്തയുടെ ആകാ ശത്തിലേക്ക് കൂടുപറത്തിവിടുകയാണ് കടലാസിലെ ഓരോ വരികളും ഓരോ എഴുത്തുകാരും.
എഴുത്ത് ഉള്ളിൽ സൂക്ഷിക്കുന്ന, എഴുതാൻ ആഗ്രഹിക്കുന്നവരെയെല്ലാം ഫാ. ബിബിൻ കടലാസിലേക്ക് ക്ഷണിക്കുന്നു. ഒരേയൊരു നിബന്ധന മാത്രം. വലിച്ചുനീട്ടരുത്. ഫേസ്ബുക്ക് കൂടാതെ ഇൻസ്റ്റഗ്രാം പോലെയുള്ള നവമാധ്യമങ്ങളിലൂടെയും വീഡിയോ രൂപത്തിലും കടലാസ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പുതിയൊരു ഘട്ടത്തിലേക്ക് കൂടികടലാസ് പ്രവേശിക്കുകയാണ്. കടലാസിൽ എഴുതിയ 100 എഴുത്തുകാരുടെ കുറിപ്പുകൾ പുസ്തകരൂപത്തിലാകുന്നു. അങ്ങനെ ചരിത്രംതിരുത്തിയ കടലാസ് ചരിത്രമായി രേഖപ്പെടുത്തപ്പെടുകയാണ്.