പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും നാളുകൾ കഴിയുമ്പോൾ, ചെയ്ത ബിസിനസിൽ പരാജയം നേരിട്ടപ്പോൾ മുതൽ അയാളെ അതുവരെ കൊണ്ടുനടന്നിരുന്നവരൊക്കെ പതുക്കെ പതുക്കെ ഉപേക്ഷിച്ചുപോകാൻ തുടങ്ങുന്നു. ജീവിക്കാനായി അയാൾ വീണ്ടും ഗൾഫിലേക്ക് വണ്ടി കയറുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
വരവേല്പ് വീണ്ടും ഓർക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണ്. കോവിഡ് മൂലം കേരളത്തിലേക്ക് ഈ വർഷാവസാനമാകുമ്പോഴേയ്ക്കും മൂന്നുലക്ഷത്തിൽ താഴെ പ്രവാസികൾ തിരിച്ചുവരുമെന്നാണ് ഇപ്പോഴത്തെ ചില കണക്കുകൾ പറയുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി കടൽ കടന്നുപോയവരെയും ഒരുപാട് പ്രതീക്ഷയോടെ അവരെ കാത്തിരിക്കുന്നവരെയും സംബന്ധിച്ച് അപ്രതീക്ഷിതമായ ഈ തിരിച്ചുവരവ് വലിയൊരു ആഘാതമായിരിക്കും. വിദേശത്ത് നിന്ന് പ്രിയപ്പെട്ടവർ കയ്യുംവീശി വരുന്നത് ഒരാൾക്കു പോലും ചിന്തിക്കാൻ കഴിയില്ല. കാരണം ഒരുപാട് പ്രതീക്ഷകളുടെ,സ്വപ്ന ങ്ങളുടെ ഭാഗമായാണ് കുടുംബത്തിലെ ഒരാൾ വിദേശത്ത് പോകുന്നത്. മാത്രവുമല്ല ഭൂരിപക്ഷം കുടുംബങ്ങൾക്കും പ്രവാസികൾ എന്നാൽ പൊൻമുട്ടയിടുന്ന താറാവുകളാണ്. അവർ അവിടെ സുഖകരമായ ജീവിതമാണ് നയിക്കുന്നത് എന്നാണ് നാട്ടിലുള്ളവരുടെ വിചാരവും. പക്ഷേ പത്തേമാരി എന്ന സിനിമയിലെ നായകൻ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ എന്ന് അറിയുന്നവർ വളരെ ചുരുക്കം. വയറു ചുരുക്കിയും അരിഷ്ടിച്ചും എല്ലുമുറിയെ പണിയെടുത്തും വിദേശത്ത് ജീവിച്ചിട്ടാണ് നാട്ടിലെത്തുമ്പോൾ പത്രാസ് കാണിച്ചു നടക്കുന്നത് എന്ന് അറിയുന്നവരും കുറവ്.
പട്ടിണിയാണെങ്കിലും നാട്ടിൽ വന്ന് കിടക്കാമല്ലോ എന്ന് വിചാരിച്ചും കേരളത്തിലാകുമ്പോൾ കോവിഡ് വന്നാലും രക്ഷപ്പെടുമല്ലോ എന്ന് പ്രതീക്ഷിച്ചുമാണ് പലരും വിദേശത്തുനിന്ന് മടങ്ങിയെത്തിയിരിക്കുന്നത്. ഇങ്ങനെ മടങ്ങിവന്നവരിൽ ഭൂരിപക്ഷത്തിനും ഒരുപക്ഷേ മടങ്ങിപ്പോക്ക് എളുപ്പമായിരിക്കില്ല. തിരിച്ചുപോകാൻ സാധ്യതയുണ്ടായാലും അത് പെട്ടെന്ന് നടക്കുകയുമില്ല. ഈ ഒരു സാഹചര്യത്തിൽ പ്രവാസികളുടെ മടങ്ങിവരവ് ഒരു സാമൂഹ്യപ്രശ്നമോ തൊഴിൽ പ്രശ്നമോ മാത്രമല്ല കുടുംബപ്രശ്നം കൂടിയാണ്. എങ്ങനെയെന്നാൽ ഈ മടങ്ങിവരവ് സൃഷ്ടിക്കുന്ന അലയൊലികൾ കുടുംബത്തിലും ഉയർന്നുകേൾക്കും. എങ്ങനെയെന്നല്ലേ? വരുന്നവർക്കും സ്വീകരിക്കുന്നവർക്കും ഈ മടങ്ങിവരവ് പെട്ടെന്ന് ദഹിക്കുന്ന ഒന്നല്ല. അത് കുടുംബത്തിൽ പല അസ്വസ്ഥതകൾക്കും കാരണമാകും. പ്രത്യേകിച്ച് വിദേശത്ത് ജനിച്ചുവളരുകയോ ഏറെക്കാലം വിദേശത്ത് ജീവിക്കുകയോ ചെയ്ത മക്കളും കൂടെയുണ്ടെങ്കിൽ. പുതിയ സാഹചര്യവുമായി അവർക്ക് പൊരുത്തപ്പെടാൻ കഴിയണമെന്നില്ല.
വിദേശത്ത് ലഭിക്കുകയും ഇവിടെ കിട്ടാതെ പോകുകയും ചെയ്യുന്ന കാര്യങ്ങളിൽ ഇന്റർനെറ്റിന്റെ സ്പീഡ് വരെ ഉൾപ്പെടും. എന്തിനും ഏതിനും തങ്ങൾ ജീവിച്ചുവന്ന കാലവും ദേശവും നഷ്ടബോധമായി അവരുടെ മനസ്സിൽ തിങ്ങും. മാതാപിതാക്കളുടെ അവസ്ഥയും അതുതന്നെയായിരിക്കും. വിദേശത്തെ ജോലി മനസ്സിൽ കണ്ട് പ്ലാൻ ചെയ്ത പലപദ്ധതികളും പാളിപ്പോയതിന്റെ അസ്വസ്ഥതയും ഒന്നുമില്ലാത്തവനോ പാപ്പരോ ആയി തിരികെവന്നതിന്റെ അപമാനവും അവരെയും വേട്ടയാടും. കൂട്ടുകുടുംബത്തിലേക്കാണ് ഇങ്ങനെയുള്ള പ്രവാസി കുടുംബം പറന്നിറങ്ങുന്നതെങ്കിൽ പറയുകയും വേണ്ട.
വിദേശത്ത് നിന്ന് അവധിക്ക് വരുമ്പോൾ കിട്ടിയിരുന്ന സ്വീകാര്യത ഇപ്പോൾ കിട്ടാതെ പോകുന്നു. അങ്ങനെ ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അവർ നിരാശപ്പെട്ടെന്നുമിരിക്കും. തങ്ങളുടെ ദയയിൽ ജീവിക്കാൻ വന്നവരെന്ന സൗജന്യമനോഭാവത്തോടെയുള്ള ബന്ധുജനങ്ങളുടെ ഇടപെടൽ എത്രത്തോളം ഭീകരമായിരിക്കും. ഇവിടെ പ്രവാസികളും അവരുടെ ബന്ധുക്കളും കാര്യങ്ങളെ സമചിത്തതയോടും പ്രായോഗികതയോടും കൂടി കാണേണ്ടതുണ്ട് എന്ന് തോന്നുന്നു.
നഷ്ടപ്പെട്ടുപോയതിനെ നമുക്ക് തിരിച്ചുപിടിക്കാനാവില്ല. എന്നാൽ നഷ്ടപ്പെട്ടതിന് പകരം എന്തു നമുക്ക് നേടാൻ കഴിയും എന്ന് ആലോചിക്കുക. ഇപ്പോൾ ആയിരിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടുക. എല്ലാം കലങ്ങിത്തെളിയുന്ന കാലമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ നോക്കിക്കാണുക.
സാഹചര്യങ്ങളെ അംഗീകരിക്കുക. നാടും വീടും വിട്ട് ഏറെക്കാലം കഴിഞ്ഞതിന് കിട്ടിയ ഒരു ഇടവേളയാണ് പെട്ടെന്നുള്ള ഈ മടങ്ങിവരവ് എന്ന് ആശ്വസിച്ച് ഈ വേളയെ ഓർത്ത് സന്തോഷിക്കുക, നന്ദി പറയുക. അതോടൊപ്പം വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കുക, തങ്ങളെ എന്തുമാത്രം സഹായിച്ചിട്ടുള്ള വ്യക്തിയായിരിക്കാം ഇത്. അവർക്ക് ജീവിതത്തിൽ വന്ന അപ്രതീക്ഷിതമായ ഈ സംഭവങ്ങളിൽ അവരോട് അല്പം ദയ കാണിക്കുക. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുക. ഏതെങ്കിലും കാരണത്താൽ അവർ പൊട്ടിത്തെറിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താൽ പോലും അതവർ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകതയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. പരുഷമായ വാക്കുകളും കുത്തുവാക്കുകളും ഉപേക്ഷിക്കുക. ഇങ്ങനെ രണ്ടു കൂട്ടരും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടാൽ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിക്കുന്ന കുടുംബപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കും.