യശ്ശ:ശരീരനാം കർഷകൻ നട്ടൊരു
തണലൊരുക്കുന്ന പൂമരച്ചില്ലയിൽ
കയറുടക്കി കുരുക്കു മുറുക്കുന്ന
ചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!
തലതിരിഞ്ഞോരു കാലക്രമങ്ങളിൽ
മഴപെറുക്കി കുടഞ്ഞ നിലങ്ങളിൽ
വിളയിറക്കി തകർന്ന ശിഷ്ടങ്ങളേ…
പരിതപിക്കുന്ന പരാതിയാണിന്നയാൾ
കരുതലില്ലാത്ത കാറ്റിന്റെ കൈകളാൽ
കുലതരാതെ പിടഞ്ഞ തൈവാഴകൾ
ജലനിരപ്പിന്റെ നീണ്ട സമാധിയിൽ
വേരുനീറി തളർന്നോരു വിത്തുകൾ!
പുരനിറച്ചും കടംകൊണ്ട തുണ്ടുകൾ
പണിമടുത്തോരടുപ്പിൽ ചിലന്തികൾ
അനുഗ്രഹം തന്ന ‘ബാങ്കിന്റെ’പിൻവിളി
അനുദിനം നെഞ്ചിലാധിതൻ ശംഖൊലി!
അന്തസ്സില്ലാതകത്തേയ്ക്കു പട്ടിണി
അന്തമില്ലാതെ പുളയ്ക്കുന്ന നാളുകൾ
നൊന്തുനീറി പിരാന്തുകൾ ചൊല്ലുന്ന
നല്ലപാതിയെ തല്ലുന്ന കർഷകൻ!
ജപ്തിയെന്ന ജപം ചൂഴ്ന്നുനിൽക്കുമാ
കൊച്ചുവീടിന്റെ വരാന്തയിൽ നിന്നയാൾ
ഒച്ചയില്ലാകരച്ചിലിനൊപ്പമാ-
‘കൃത്യ’മോർത്തു തുടർന്നു നടക്കയായ്.
‘കർഷകശ്രീ’അലങ്കാര മംഗളം
നെഞ്ചിലേറ്റി മരിച്ചോരു കർഷകൻ
പണ്ടു നട്ടൊരീ പൂമരച്ചില്ലയിൽ
സങ്കടങ്ങൾ മുറുക്കികുരുക്കണം.
മണ്ണിനൊപ്പം മനസ്സും നനഞ്ഞൊരാ
നൊന്തജീവൻ കെടുത്തുന്ന മൃത്യു നീ…
ഏതു പത്തായഭൂമിയിൽ വിത്തുകൾ
കാത്തുവച്ച കൃഷിക്കാരനാണ് നീ?
സിബി അമ്പലപ്പുറം