കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ സാധാരണക്കാർ കെ കെ ശൈലജ എന്ന ആരോഗ്യവകുപ്പുമന്ത്രിയെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയതും വൈകാതെ ശൈലജ ടീച്ചറുടെ ആരാധകരായി മാറിയതും. നിപ്പയെക്കുറിച്ചുള്ള അറിവുകൾ കൊണ്ട് കേരളത്തിന് ഉറക്കം നഷ്ടമായ രാത്രികളിൽ പരിശോധനാഫലം അറിയിക്കാൻ വേണ്ടി പാതിരാത്രിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോൺ ചെയ്തപ്പോൾ ഒറ്റ റിംങിൽ തന്നെ ഫോണെടുത്ത ആരോഗ്യമന്ത്രിയെക്കുറിച്ച് ആരോ എഴുതിയതും ഓർമ്മയിലുണ്ട്.
ഇപ്പോഴിതാ കേരളത്തിലെ ജനതയോടുള്ള ടീച്ചറുടെ കരുതലിനും സ്നേഹത്തിനും അവരുടെ മാതൃസഹജമായ വാത്സല്യത്തിനും പുതിയൊരു തെളിവുകൂടി- കോവിഡ്. കൊറോണയെ പ്രതിരോധിക്കാനും കീഴടക്കാനുമുള്ള പ്രവർത്തനങ്ങളിൽ ടീച്ചർ കാഴ്ചവച്ച സ്തുത്യർഹമായ സേവനങ്ങൾ മലയാളക്കരയും പിന്നിട്ട് വിദേശരാജ്യങ്ങളിൽ പോലും വാർത്തയായിരിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ ഈ ആരോഗ്യവകുപ്പുമന്ത്രിയെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ ലേഖനം പ്രസിദ്ധീകരിച്ചു. ലോകത്തിലെ നമ്പർ വൺ എന്ന് വിശേഷിപ്പിക്കാവുന്ന മാഗസിനുകളിൽ ഒന്നായ vogue മാസികയുടെ മുഖചിത്രമായും ടീച്ചർ പ്രത്യക്ഷപ്പെട്ടു. ബി.ബി.സിയിൽ ടീച്ചറുടെ തത്സമയ അഭിമുഖവും വന്നു.
നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. കേരളത്തെക്കാൾ ഉയർന്ന ആളോഹരി ആഭ്യന്തര ഉത്പാദനമുള്ള യുഎസിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരക്കണക്കിനാളുകൾ മരിച്ചപ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ മരണസംഖ്യ കുറഞ്ഞ തും വൃദ്ധരായവർ പോലും രോഗസൗഖ്യം നേടിയതും ശൈലജ ടീച്ചറിന്റെ ദീർഘദർശനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായിരുന്നു. അഭിനന്ദനങ്ങൾ ടീച്ചർ. കേരള ജനത മുഴുവൻ ടീച്ചറിനോട് കടപ്പെട്ടിരിക്കുന്നു. അമ്മയെപോലെയുള്ള ഈ ആരോഗ്യമന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.