ലോകം കോവിഡിന് ശേഷം

Date:

spot_img

ലോകത്തെ ഇപ്പോൾ രണ്ടായി ഭാഗിക്കാം. കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്ന മട്ടിൽ. കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെത്തെ ലോകമല്ല ഇനി വരാൻ പോകുന്നതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അതിനുള്ള ഏറ്റവും പ്രധാന തെളിവാണ് നമ്മുടെയൊക്കെ മുഖാവരണങ്ങൾ. ലോകം മുഴുവൻ ഇപ്പോൾ മുഖാവരണത്തിലാണ്. ഉടനെയൊന്നും അത് അഴിച്ചുവച്ച് നമുക്ക് ജീവിക്കാനാവും എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.  

വരും കാലങ്ങളിലെ മാസ്‌ക്ക് വിപണിയെ മുൻകൂട്ടികണ്ടുകൊണ്ട് പല വൻകിട ബിസിനസ് കമ്പനികളും അവയുടെ നിർമ്മാണത്തിലേക്ക് കടന്നുവന്നിരിക്കുന്നു. മനസ്സിൻ കണ്ണാടി മുഖമെന്ന് പഴമൊഴി, മനസ്സിനെ മറയ്ക്കുന്ന മുഖമെന്ന് പുതുമൊഴി എന്ന് ശ്രീകുമാരൻ തമ്പി പാടിയതുപോലെ ഇപ്പോൾ മുതൽ നമ്മുടെ മുഖങ്ങൾ ആവരണങ്ങളണിഞ്ഞിരിക്കുന്നു.

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്ന ജനകീയ വൈദികൻ പറഞ്ഞതുപോലെ ആണുങ്ങൾ ഷേവ് ചെയ്തിട്ടുണ്ടോയെന്നോ പെണ്ണുങ്ങൾ ഫേഷ്യൽ ചെയ്തിട്ടുണ്ടോയെന്നോ ശത്രുവിനെ കാണുമ്പോൾ പല്ലിറുമ്മുകയാണോ സ്നേഹിതനെ കാണുമ്പോൾ ചിരിക്കുകയാണോ എന്നൊന്നും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ഇനി നമ്മുടെയെല്ലാം മുഖങ്ങൾ മാസ്‌ക്കുകൾ കൊണ്ട് മറയ്ക്കപ്പെട്ടിരി്ക്കുന്നു. കല്യാണത്തിന് അമ്പത് മരണത്തിന് ഇരുപത് എന്ന കണക്കിലും ഉടനെയൊന്നും മാറ്റം വരാൻ പോകുമെന്ന് തോന്നുന്നില്ല. ഫലമോ ഇനി നമ്മൾ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ വിവാഹച്ചടങ്ങുകൾ നടത്തും. ഏറ്റവും ചുരുങ്ങിയ ആളുകൾ മാത്രം പങ്കെടുക്കുന്ന വിവാഹങ്ങളായിരിക്കും ഒരു വർഷത്തിനുള്ളിൽ ഇനി നടക്കാൻ പോകുന്നത്. ആഘോഷിക്കാൻ വേണ്ടി മാറ്റിവച്ച പല കല്യാണങ്ങളും ഇനിയെന്ന് നടന്നുകാണും എന്ന അനിശ്ചിതത്വം പലരെയും പിടികൂടിയിരിക്കുന്നു.

ക്രൈസ്തവരുടെ മരണച്ചടങ്ങുകളിൽ പോലും കടന്നുവരാറുള്ള ആർഭാടവും ഇല്ലാതായിരിക്കുന്നു. പള്ളിപ്പറമ്പിൽ വച്ചുള്ള കാപ്പിസൽക്കാരവും പൊന്നിൻകുരിശു എഴുന്നെള്ളിച്ചുകൊണ്ടുള്ള ശവസംസ്‌കാരച്ചടങ്ങുകൾക്കും  വിരാമമായിരിക്കുന്നു.  ആൾക്കൂട്ടങ്ങളുടെ നിയന്ത്രണം തുടരുന്നതിനാൽ  ഉത്സവങ്ങൾ, തിരുനാളുകൾ എന്നിവയുടെ മേലുള്ള നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാവില്ല.  മതരാഷ്ട്രീയ വിഭാഗങ്ങളുടെ സംഗമങ്ങൾക്കും ശക്തിപ്രകടനങ്ങൾക്കും ചങ്ങല വീഴും. ജോലിയെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങൾ രൂപപ്പെടും. വർക്ക് അറ്റ് ഹോം എന്നത് ചിലരെയെങ്കിലും സംബന്ധിച്ച് സ്ഥിരമായി മാറാൻ സാധ്യതയുണ്ട്. കമ്പനികൾക്ക് അതുവഴി വിവിധതലങ്ങളിൽ ലാഭമുണ്ടാകും. വേണ്ടത്ര കാര്യക്ഷമതയില്ലാത്ത ജോലിക്കാരെ തിരികെയെടുക്കാതിരിക്കാൻ പല കമ്പനികൾക്കും ലോക്ക് ഡൗൺകാലം  പ്രയോജനപ്പെടും. ഇഷ്ടമുള്ളവരെ നിലനിർത്താനും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനും സാമ്പത്തികബുദ്ധിമുട്ടുകളുടെ പേരു പറഞ്ഞ്  ഒഴിവാകാൻ കമ്പനികൾക്ക് ഇതിലും നല്ല സന്ദർഭം വേറെയില്ല. സിനിമയെ സംബന്ധിച്ച് തീയറ്റർ  എന്ന പൊതു ഇടത്തിന് പകരം ഓൺലൈൻ പ്ലാറ്റ് ഫോമുകൾ പ്രത്യക്ഷപ്പെടുകയും അത് കാലക്രമേണ പ്രബലപ്പെടുകയും ചെയ്യും. പ്രേക്ഷകരുടെ  സിനിമ കാണലും സിനിമാസ്വാദനവും വിവിധ തരത്തിലാകും. സിനിമകൾ പൊതുവായും ഒരുമിച്ചിരുന്നും ആസ്വദിക്കുന്ന രീതികളിൽ മാറ്റമുണ്ടാകും. അച്ചടി മാധ്യമങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വർദ്ധിക്കും.  

സർക്കാർ വക സ്‌കൂളുകളിലേക്കു കൂടുതൽ വിദ്യാർത്ഥികൾ കടന്നുവരും.   തൊഴിലില്ലായ്മയും പട്ടിണിയും സമീപകാലത്ത് തന്നെ നാം അനുഭവിക്കേണ്ടിവന്നേക്കാം എന്ന ചില മുന്നറിയിപ്പുകളുമുണ്ട്. തുടക്കത്തിൽ പറഞ്ഞതുപോലെ വിവാഹവും മരണവും ഉത്സവങ്ങളും പെരുന്നാളുകളും മതസംഗമങ്ങളും ആഘോഷമായി മാറാൻ സാധ്യതയില്ലാത്തതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് വിവിധരീതിയിൽ ജോലി ചെയ്തിരുന്ന കാറ്ററിംങ്, ഫോട്ടോഗ്രാഫേഴ്സ്, പന്തലുപണിക്കാർ എന്നിങ്ങനെയുളള അനേകർക്ക് ജോലി നഷ്ടമാകും. ഭക്ഷ്യദൗർലഭ്യവും  വിലക്കയറ്റവും നാം അഭിമുഖീകരിക്കേണ്ടിവരും.

ബസ് ചാർജ് വർദ്ധനവ് വൈകാതെ നിലവിൽ വരും. സാധാരണക്കാരന്റെ ജീവിതം അതോടെ ദുരിതമയമാകും. കിട്ടുന്നത് കുറവും കൊടുക്കേണ്ടത് അധികവുമാകും. ഇത്രയുമെഴുതിയത് ആരെയും പറഞ്ഞു ഭയപ്പെടുത്താൻ വേണ്ടിയല്ല, ചില യാഥാർത്ഥ്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. യാഥാർത്ഥ്യം അറിഞ്ഞ് പ്രവർത്തിക്കണം എന്ന് പറയാൻ വേണ്ടിയാണ്.  വരാൻ പോകുന്നത് എന്തായാലും പുതിയൊരു ലോകമായിരിക്കും. നാം കണ്ടിട്ടുള്ളതോ അനുഭവിച്ചതോ ആയ ലോകങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ലോകം. ഈ ലോകത്തെ നാം എങ്ങനെ നോക്കിക്കാണുന്നു, മാറുന്ന ലോകത്തിന് അനുസരിച്ച് നാം എങ്ങനെ ജീവിതത്തെ ക്രമപ്പെടുത്തുന്നു, തൊഴിൽ സമീപനങ്ങളിൽ മാറ്റം വരുത്തുന്നു എന്നെല്ലാം അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ ഭാവി.  നിരാശപ്പെടരുത്. പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുക, മാറാൻ സന്നദ്ധമാകുക. നമ്മൾ ഇതിനെയും നേരിടുക തന്നെ ചെയ്യും.

More like this
Related

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...
error: Content is protected !!