തുറന്നു സംസാരിക്കൂ വിവാഹത്തിന് മുമ്പ്

Date:

spot_img

വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ പരസ്പരം വിയോജിപ്പുകൾ പ്രകടമാക്കുന്നതും ഒടുവിൽ വിവാഹമോചനത്തിൽ എത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ വലിയ പ്രശ്‌നങ്ങളാണ് പണ്ടു കാലങ്ങളിൽ വിവാഹമോചനത്തിന് കാരണമായി മാറിയിരുന്നതെങ്കിൽ ഇന്നാവട്ടെ തീരെ ചെറിയ പ്രശ്‌നങ്ങൾ പോലും ഡിവോഴ്‌സിലെത്തുന്നു. എന്തുകൊണ്ടാണത്? ദമ്പതികൾ തമ്മിലുള്ള വിട്ടുവീഴ്ചയില്ലായ്മ മുതൽ ആശയപരമായി പല കാര്യങ്ങളിലുമുള്ള വിയോജിപ്പുകൾ വരെ അതിന് കാരണമായി മാറാം.  എന്നാൽ ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങൾ വിവാഹമോചനത്തിലെത്തുന്നതിന് മുമ്പേ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. അതായത് വിവാഹത്തിലെത്തുന്നതിന് മുമ്പു തന്നെ. എന്താ സംശയമുണ്ടോ?

എങ്കിൽ പറയാം. പണ്ടുകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞു ഇന്നത്തെ വിവാഹങ്ങളും ദമ്പതികളും. പഴയതലമുറയിൽ ഇരുവീട്ടുകാർ  മാത്രം കൂടിയാലോചിച്ചായിരുന്നു പല വിവാഹങ്ങളും നടന്നിരുന്നത്.  അവിടെ ചെറുക്കന്റെയോ പെണ്ണിന്റെയോ ഇഷ്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ വില കല്പിക്കാറുമുണ്ടായിരുന്നില്ല. ചിലരൊക്കെ വിവാഹപ്പന്തലിൽ വച്ചായിരിക്കും പരസ്പരം കാണുന്നതുപോലും. പിന്നെയുള്ള ജീവിതം ചിലപ്പോൾ സന്തോഷപ്രദമായിരിക്കാം. ദുഃഖകരമായിക്കാം. അല്ലെങ്കിൽ രണ്ടിനുമിടയിൽ അഡ്ജസ്റ്റ്‌മെന്റുകളുടേതായിരിക്കാം. വിവാഹജീവിതമാണോ സഹനമുണ്ടാകും എന്ന മട്ടിൽ പ്രശ്‌നങ്ങൾ പരിഹരിക്കാതെ സ്വയം ചുമന്നുനടക്കുന്നവരുമുണ്ട്.

എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. വിവാഹിതരാകുന്ന ചെറുക്കനും പെണ്ണിനും അവരുടേതായ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. സ്വന്തം അഭിപ്രായങ്ങളുണ്ട്. അതൊക്കെ അറിയിക്കാൻ തക്ക ധൈര്യവുമുണ്ട്. അറേഞ്ച്ഡ് മാര്യേജ് ആണെങ്കിൽ പോലും ചെറുക്കനും പെണ്ണിനും തുറന്നു സംസാരിക്കാനുളള സാധ്യതകൾ അവിടെ ധാരാളമുണ്ട്. വിവാഹത്തിന് മുമ്പു തന്നെ  പരസ്പരം തുറന്നുസംസാരിക്കാനുള്ള അവസരങ്ങൾ ഇരുവരും പരമാവധി പ്രയോജനപ്പെടുത്തണം. സ്വന്തം ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, താല്പര്യങ്ങൾ, വിയോജിപ്പുകൾ ഇതെല്ലാം നേരത്തെ തന്നെ പങ്കുവയ്ക്കണം. ഇതിലൂടെ  ഭാവിയിൽ വരാനിടയുള്ള പല പ്രശ്‌നങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാനാവും.

ഉദാഹരണത്തിന് വിവാഹിതരാകാൻ പോകുന്നവർ രണ്ടിടങ്ങളിലായി ജോലി ചെയ്യുന്നവരാണെന്ന് കരുതുക. ഒരുമിച്ചുള്ള ജീവിതത്തിന് വേണ്ടി ഇവരിൽ ആരാണ് ട്രാൻസ്ഫർവാങ്ങേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവാഹത്തിലെത്തുന്നതിന് മുമ്പുതന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കുക. ചിലപ്പോൾ ഭാര്യയുടെ സൗകര്യത്തിനായിരിക്കാം മുൻതൂക്കം കൊടുക്കേണ്ടത്. അതുകൊണ്ട് അവളുടെ സൗകര്യത്തിന് വേണ്ടി ഭർത്താവായിരിക്കാം ജോലി മാറ്റത്തിന് തയ്യാറാകേണ്ടത്. ഇതേ ചൊല്ലി ഒരു തീരുമാനത്തിലെത്താതെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ പിന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തുന്നുവെന്ന് വരാം. പെൺകുട്ടികൾക്ക് ചില പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതാകാം താല്പര്യം. എന്നാൽ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് അക്കാര്യത്തിൽ താല്പര്യക്കുറവ്  ഉണ്ടായേക്കാം. അതുകൊണ്ട് ധരിക്കേണ്ട ഡ്രസ് കോഡുകളെക്കുറിച്ച് ഒരു ധാരണയിലെത്തുന്നത് നല്ലതായിരിക്കും.
ഡ്രൈവിങ്ങിനോട് പേടിയുള്ള ഒരു പുരുഷനാണ് ഭർത്താവാകാൻ പോകുന്നുവെന്നിരിക്കട്ടെ അക്കാര്യം നേരത്തെ തന്നെ തുറന്നുപറയണം. എല്ലാ പുരുഷന്മാർക്കും ഡ്രൈവിങ് അറിയാമല്ലോ തന്റെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരനും ഡ്രൈവിങ് അറിയാം എന്ന് വിചാരിച്ച് കടന്നുവരുന്ന പെൺകുട്ടി സത്യം മനസ്സിലാക്കിവരുമ്പോൾ നിരാശപ്പെട്ടെന്നുവരാം. വിവാഹം നടക്കാനും പെൺവീട്ടുകാരെ ഇംപ്രസ് ചെയ്യാനുംവേണ്ടി ജോലിയുടെയും സാലറിയുടെയും കാര്യത്തിൽ തട്ടിപ്പു പറയുന്നവരുമുണ്ട്. ഇത് മുന്നോട്ടുളള  ബന്ധത്തിൽ വിളളലുകളുണ്ടായേക്കും. അതുകൊണ്ട് ഉള്ളതു മാത്രം തുറന്നുപറയുക. വിവാഹജീവിതത്തിൽ ഉണ്ടാകാനിടയുള്ള പല പ്രശ്‌നങ്ങളെയും ഒരുപരിധിവരെ വിവാഹത്തിന് മുമ്പുള്ള തുറന്ന സംസാരത്തിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ മറവും തിരിവുമില്ലാതെ വിവാഹത്തിന് മുമ്പു തന്നെ  ചെറുക്കനും പെണ്ണും സംസാരിക്കുക.  

വിവാഹനിശ്ചയം ധൃതിവച്ചുവേണ്ട. ചെറുക്കനും പെണ്ണിനും ഔദ്യോഗികമായ പെണ്ണുകാണൽ ചടങ്ങിന് ശേഷവും തുറന്നുസംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കുക. ചിലരുമായി സംസാരിക്കുമ്പോൾ തന്നെ നമുക്ക് വ്യക്തമാകാറുണ്ടല്ലോ ആ വ്യക്തിയുമായി നമുക്ക് മുന്നോട്ടുപോകാൻ കഴിയും/ കഴിയില്ല എന്ന്. മനസ്സുകൊണ്ട് യോജിച്ചുപോകാൻ കഴിയില്ല എന്ന് തോന്നുന്ന ഒരാളുമായി ജീവിതകാലം മുഴുവൻ വിവാഹം പോലെയുള്ള ഒരുബന്ധത്തിൽ ഏർപ്പെടുന്നത് ദുരന്തമാണ്. അതുകൊണ്ട് നല്ലതുപോലെ ആലോചിച്ചും സംസാരിച്ചും മാത്രം വിവാഹബന്ധത്തിലേർപ്പെടുക.

More like this
Related

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!