അടുത്തറിയണം കൗമാരത്തെ

Date:

spot_img

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക് വിധേയമായ അവസരം കൂടിയാണ് ഇത്. ശാരീരികം, ലൈംഗികം, ചിന്താപരം, സാമൂഹ്യം, വൈകാരികം എന്നിങ്ങനെയുള്ള തലങ്ങളിൽ കൗമാരം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഒരേ സമയം കൗമാരക്കാരിലും അവരുടെ മാതാപിതാക്കളിലും കുടുംബത്തിലും ഒരുപാട് ഉത്കണ്ഠകൾക്കും അസ്വസ്ഥതകൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.
കൗമാരഘട്ടത്തെ മനശ്ശാസ്ത്രജ്ഞർ പ്രധാനമായും മൂന്നു ഘട്ടങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. പത്തു വയസിനും പതിമൂന്ന് വയസിനും ഇടയിലുള്ള ഘട്ടമാണ് ഇതിൽ ആദ്യത്തേത്.

ഈ സ്റ്റേജിൽ കുട്ടികളിലെ വളർച്ചയ്ക്ക് പെട്ടെന്ന് വർദ്ധനവുണ്ടാകുന്നു. തങ്ങളുടെ ശാരീരിക മാറ്റം പോലെ തന്നെ മറ്റുള്ളവരുടെയും അതായത് സമപ്രായക്കാരുടെ മാറ്റങ്ങളും അവർ നിരീക്ഷണവിധേയമാക്കുന്നു. സ്വയം വ്യത്യസ്തമായ രീതിയിൽ കാണാൻ അവർ ആരംഭിക്കുന്നു. തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അവരെ അമ്പരപ്പിക്കുന്നു. രോമവളർച്ച, സ്തനവളർച്ച,  വൃഷണത്തിലുണ്ടാകുന്ന വളർച്ച എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ അവരിൽ കൗതുകവും ആകാംക്ഷയും ഉണ്ടാക്കുന്നു.

പതിനാല് മുതൽ പതിനേഴു വരെയുളള പ്രായമാണ് രണ്ടാം ഘട്ടം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വളർച്ചയും ഈ ഘട്ടത്തിലും തുടരുന്നുണ്ട്. ആൺകുട്ടികളിലുണ്ടാകുന്ന സ്വരവ്യത്യാസം പോലെയുള്ളവ ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്. പെൺകുട്ടികളിൽ ഈ പ്രായമാകുമ്പോഴേക്കും അവരിലെ ശാരീരികമാറ്റങ്ങൾ പൂർണ്ണതയിൽ മിക്കവാറും എത്തിക്കഴിഞ്ഞിട്ടുണ്ടാകും. ഭൂരിപക്ഷം ആൺകുട്ടികളും പെൺകുട്ടികളും റൊമാൻസിലേക്കും ലൈംഗികബന്ധത്തിലേക്കും ആകർഷിക്കപ്പെടുന്നതും ഇപ്പോഴാണ്. തങ്ങളുടെ ലൈംഗികതയെക്കുറിച്ചുള്ള ഒരുപാട് ചിന്തകൾ അവരെ ഭരിച്ചുതുടങ്ങുന്നു. എതിർലിംഗത്തിലേക്കുള്ള ആകർഷണം പോലെ തന്നെ സ്വവർഗ്ഗത്തോടുള്ള ആഭിമുഖ്യവും ഇതിന്റെ ഭാഗമാണ്.  ലൈംഗികമായ ഉദ്ദീപനങ്ങളും ലൈംഗികകാര്യങ്ങളിലുള്ള താല്പര്യക്കൂടുതലും ഈ ഘട്ടത്തിന്റെ മറ്റ് പ്രത്യേകതകളാണ്. കൂടുതൽ സ്വാതന്ത്ര്യദാഹവും അതേച്ചൊല്ലി മാതാപിതാക്കളോടുള്ള കലമ്പലും വാഗ്വാദങ്ങളും ഏതെങ്കിലും ഒരു കൗമാരക്കാരന്റെയോ കൗമാരക്കാരിയുടെയോ മാത്രം പ്രശ്നമല്ല. ഏറിയും കുറഞ്ഞും എല്ലാ കൗമാരക്കാരുടെയും പോരാട്ടങ്ങളും അവരുടെ മാതാപിതാക്കളുടെ പ്രശ്നങ്ങളുമാണ്. പതിനെട്ടു മുതൽ 21 വരെയുള്ള പ്രായമാണ് മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം. ഇതോടെ ശാരീരികമാറ്റങ്ങൾ പൂർണ്ണമാകുന്നു.
 മാതാപിതാക്കളെ സംബന്ധിച്ചും മക്കളുടെ കൗമാരകാലം ഏറെ ഉത്കണ്ഠാകുലമാണെന്ന് സൂചിപ്പിച്ചുവല്ലോ. അതോടൊപ്പം തന്നെ ഇക്കാലം മാതാപിതാക്കൾ ഏറെ ഉത്തരവാദിത്തബോധമുള്ളവരായി മാറുകയും ചെയ്യേണ്ടതുണ്ട്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കുകയോ സംഭവിക്കാനുള്ള മാറ്റങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് കൊടുക്കുകയോ ചെയ്യേണ്ടതാണ്. ഉദാഹരണത്തിന് കൗമാരക്കാരിയായ മകളുടെ ആദ്യ ആർത്തവം. ഒരു നിമിഷം പെട്ടെന്ന് സംഭവിക്കുന്ന ഒന്നാകുമ്പോൾ  ആ പെൺകുട്ടി ഭയാകുലയാകാതിരിക്കാൻ അതേക്കുറിച്ച് അവൾക്ക് അമ്മ കാര്യങ്ങൾ പറഞ്ഞുകൊടുത്തിരിക്കണം.അതുപോലെ ആൺകുട്ടിക്ക് സംഭവിക്കുന്ന സ്വപ്നസ്ഖലനം പോലെയുള്ള കാര്യങ്ങളെക്കുറിച്ച് അച്ഛന്മാരും പറഞ്ഞുകൊടുക്കണം.

നിർഭാഗ്യകരമെന്ന് പറയട്ടെ പെൺകുട്ടികൾക്ക് ഇതേക്കുറിച്ചു ലഭിക്കുന്ന അറിവുകൾ ഇന്നത്തെ കാലത്തുപോലും ആൺകുട്ടികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പല ആൺകുട്ടികളും തങ്ങളുടെ ലൈംഗികമായ സംശയങ്ങൾ തീർത്തുകിട്ടുന്നതിനായി മുതിർന്നവരെ സമീപിക്കുകയോ തെറ്റായ അറിവുകളിൽ ചെന്നുചാടുകയോ ചെയ്യുന്നു. ഇന്ന് ഇന്റർനെറ്റിന്റെ വ്യാപനവും  ലഭ്യതയും അത്തരം അറിവുകളിലേക്ക് അവരെ വളരെ പെട്ടെന്ന് എത്തിക്കുകയും ചെയ്യുന്നുണ്ട്. കൗമാരക്കാരായ മക്കളോടു മാതാപിതാക്കൾ തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തണം. ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങൾ, ലൈംഗികത എന്നിവയെല്ലാം ഈ സംഭാഷത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
തെറ്റായ ബന്ധങ്ങൾ വരുത്തിവയ്ക്കുന്ന സങ്കീർണ്ണതകളും രോഗങ്ങളും പരാമർശവിധേയമാകണം. എതിർലിംഗത്തിൽ പെട്ടവരുമായ ബന്ധത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ ഇത് കൗമാരക്കാരെ സഹായിക്കും. കൗമാരക്കാരെ എപ്പോഴും ഏതിനും കുറ്റപ്പെടുത്താതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കുക. വിജയിച്ചവരുടെ വിജയകഥകൾ പറഞ്ഞുകൊടുക്കുക. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും കുടുംബജീവിത ത്തെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കുന്ന ഈ ധാരണകളാണ് വ്യക്തമായ ദർശനം രൂപപ്പെടുത്താൻ അവരെ പില്ക്കാലത്ത് സഹായിക്കുന്നത്.

കൗമാരക്കാർക്ക് മാതാപിതാക്കളുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും വളരെ അത്യാവശ്യമാണ്.ആശയവിനിമയം വ്യക്തമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിക്കണം മാതാപിതാക്കളും കൗമാരക്കാരും തമ്മിലുള്ള ദൃഢമായ ബന്ധം അവരെ വീടിന് പുറത്തു മറ്റ് തെറ്റായ ബന്ധങ്ങളിലും ചെന്നുചാടാതെയും മയക്കുമരുന്നുപോലെയുള്ള തെറ്റായ സ്വാധീനങ്ങളിൽ വീഴാതെയും കാത്തുസംരക്ഷിക്കും എന്ന കാര്യവും മറക്കരുത്.

More like this
Related

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ...
error: Content is protected !!