‘കെട്ട്യോളാണെന്റെ മാലാഖ’

Date:

spot_img

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരിക്കും ദമ്പതികൾ വരുന്നത്.പക്ഷേ ഇവിടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയല്ല വലിയൊരു പ്രശ്നത്തെ രമ്യമായി പരിഹരിച്ച സ്വന്തം ജീവിതകഥ പറയാൻ വേണ്ടിയാണ് അവർ വന്നത്.

ഭർത്താവ്  ആണ് ആ കഥ പറഞ്ഞത്. മദ്യപാനിയായായിരുന്നു അയാളുടെ അച്ഛൻ. അതുകൊണ്ടുതന്നെ ആ വീട്ടിൽ സ്വഭാവികമായും അതിന്റേതായ എല്ലാവിധ ക്രമക്കേടുകളും ഉണ്ടായിരുന്നു. അച്ഛന്റെ അടിയും തൊഴിയുമേറ്റ് സർവ്വംസഹയായി കഴിയുന്ന അമ്മ. അച്ഛനെ പേടിച്ച് കഴിയുന്ന മക്കൾ. ഒന്നിനും ക്രമമോ കൃത്യതയോ  ആ വീട്ടിലുണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാരനുൾപ്പടെയുള്ള എല്ലാ മക്കളെയും അസ്ഥിരതയും ക്രമക്കേടുകളും പിടികൂടിയിരുന്നു. അച്ഛന്റെ മദ്യപാനകലാപരിപാടികൾ കഴിഞ്ഞ് ഏറെ വൈകി കിടക്കുന്നതുകൊണ്ട് എണീല്ക്കുന്നത് ഏറെ വൈകിയായിരിക്കും. അത്താഴവും പ്രാതലുമെല്ലാം നേരം തെറ്റി തന്നെ. അച്ഛൻ എന്ന കേന്ദ്രബിന്ദുവിനെ ചുറ്റി വട്ടം കറങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്ന പാവം ഉപഗ്രഹങ്ങളായിരുന്നു ആ വീട്ടിലെ എല്ലാവരും. ഇത്തരമൊരു അവസ്ഥയിലേക്കാണ് ആ പെൺകുട്ടി വിവാഹിതയായി കടന്നുവന്നത്. വന്ന ദിവസം തന്നെ ഭർത്തൃഗൃഹത്തിന്റെ അന്തരീക്ഷവും അവിടുത്തെ സാഹചര്യവും അവൾക്ക് മനസ്സിലായി.അവൾക്ക് അന്ന് തന്നെ ശ്വാസംമുട്ടിത്തുടങ്ങി.

അടുക്കും ചിട്ടയുമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു അവളുടെ വരവ്. അക്കാരണത്താൽതന്നെ താൻ ജനിച്ചുവളർന്ന വീട്ടിലെ സാഹചര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കുടുംബാന്തരീക്ഷം അവൾക്ക്  ഒട്ടും ദഹിക്കുന്നതായിരുന്നില്ല. വീടിനെയും വീട്ടുകാരെയും മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ അവളൊരു തീരുമാനമെടുത്തു. അത് മറ്റൊന്നുമായിരുന്നില്ല. ഭർത്താവിന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.

അതായത് അവൾ ഭർത്താവിനെ സ്നേഹം കൊണ്ടും നയം കൊണ്ടും വിവേകം കൊണ്ടും സ്വന്തമാക്കിയതിന് ശേഷം പറഞ്ഞു, അച്ഛന്റെ രീതിക്കനുസരിച്ച് നമുക്ക് ജീവിക്കേണ്ട ആവശ്യമില്ലല്ലോ. നമുക്ക് നമ്മുടേതായ രീതിയിൽ ജീവിക്കാം. അതുകൊണ്ട് നമുക്ക് നേരത്തെ എണീല്ക്കാം. ഒരുമിച്ചു പണികൾ ചെയ്ത് ഓഫീസിലേക്ക് പോകാം. തിരികെയെത്തി വീട്ടുജോലികൾ കഴിയുന്നതുപോലെ സഹകരിച്ച് ചെയ്തിട്ട് സന്ധ്യാപ്രാർത്ഥനയും അത്താഴവും കഴിച്ച് നമുക്ക് നേരത്തെ കിടക്കാം.

എന്തുകൊണ്ടോ ഭർത്താവ് അതിന് തടസ്സമൊന്നും പറഞ്ഞില്ല. കാരണം തന്റെ ഇതുവരെയുള്ള ജീവിതത്തോട് അയാൾക്കും മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. ഭാര്യയിൽ അയാൾ വിശ്വസിച്ചും തുടങ്ങിയിരുന്നു. അതുകൊണ്ട് അവളുടെ നല്ല വാക്കുകളനുസരിച്ച് തങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു.

അങ്ങനെ പതുക്കെ പതുക്കെ അയാൾ അവളുടെ സ്വാധീനത്തിൽപെട്ട് അച്ചടക്കത്തിലേക്ക് വന്നു. കൃത്യസമയത്ത് എണീല്ക്കുക, ഭക്ഷണം കഴിക്കുക, കിടന്നുറങ്ങുക എല്ലാം. ജീവിതത്തിൽ ഇന്നേവരെ അടുക്കും ചിട്ടയുംഅറിഞ്ഞിട്ടില്ലാത്ത, പ്രഭാതം നേരെചൊവ്വേ കണ്ടിട്ടില്ലാത്ത അയാളുടെ ജീവിതം ഒരു വർഷത്തിനുള്ളിൽ  പാടെ തല കീഴായി മറിഞ്ഞു. ജീവിതത്തിനു ഇത്രമേൽ സൗന്ദര്യമുണ്ടെന്ന് അയാൾക്ക് അപ്പോഴാണ് ആദ്യമായി മനസ്സിലായത്. ക്രമേണ അമ്മയിലും മറ്റ് കൂടപ്പിറപ്പുകളിലും മാറ്റം വന്നു. അതോടെ കുടുംബത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിലും മാറ്റമുണ്ടായി.

വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ അച്ഛനിൽ പോലും മാറ്റമുണ്ടാക്കാൻ ആ പെൺകുട്ടിക്ക് കഴിഞ്ഞു. അയാളോട് അവൾ സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും അടുക്കുകയും തമാശകൾ പറഞ്ഞ് അയാളുടെ കടുംപിടുത്തങ്ങൾ വിടുവിക്കുകയും ചെയ്തു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിലുളള അകലം അവൾ കുറച്ചു. സ്നേഹപൂർവ്വമായ അവളുടെ ഇടപെടലുകൾ മൂലം ആ കുടുംബത്തിലേക്ക് ആദ്യമായി സന്തോഷം കടന്നുവന്നു. ഇന്ന് നാട്ടുകാർക്ക് പോലും ആ വീടും വീട്ടുകാരും അത്ഭുതമാണ്. ആ പെൺകുട്ടിയും.
കെട്ട്യോളാണെന്റെ മാലാഖ. ഭാര്യയെക്കുറിച്ച് അയാളത് പറയുമ്പോൾ  ആ വാക്കുകളിൽ ബഹുമാനവും ആരാധനയും കലർന്നിരുന്നു. നോക്കൂ വിവാഹിതയായി കടന്നുവന്ന ഒരു പെൺകുട്ടി പുരുഷന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ജീവിതങ്ങളിൽ പ്രകാശം പരത്തുന്നത്!

ജനിച്ചുവീഴുന്ന ഒരു കുഞ്ഞിനെ എങ്ങനെയാണ് പരിപാലിക്കുന്നതെന്ന് നമുക്കറിയാം. മൃദുവായ വസ്ത്രങ്ങളിൽ പൊതിഞ്ഞും തണുപ്പ് തട്ടാതെയും ഒക്കെയാണ് നാം നവജാത ശിശുവിനെ പരിചരിക്കുന്നത്. ഇതുപോലെയുള്ള പരിചരണവും ശ്രദ്ധയും കരുതലും വിവാഹജീവിതത്തിന്റെ ആദ്യനാളുകളിൽ ദമ്പതികൾ തമ്മിലുമുണ്ടായിരിക്കണം. തങ്ങൾക്കിടയിലുള്ള അടുപ്പം വർദ്ധിപ്പിക്കാനാണ് ദമ്പതികൾ ഇക്കാലത്ത് ശ്രദ്ധിക്കേണ്ടത്.

ഇക്കാരണത്താൽ വിവാഹജീവിതത്തിന്റെ ആദ്യ ഏഴു വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നാണ് മനശ്ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ദാമ്പത്യജീവിതത്തിലെ ആദ്യ നാളുകൾ ആത്മീയവും മാനസികവും ശാരീരികവുമായ അടുപ്പവും താല്പര്യവും വർദ്ധിപ്പിക്കേണ്ടതും പരസ്പരം മനസ്സിലാക്കേണ്ടതുമായ അവസരങ്ങളാണ്. ഓരോ ദിവസം കഴിയും തോറും ദമ്പതികൾ തമ്മിലുളള അടുപ്പം വർദ്ധിക്കണം. പരസ്പരം മനസ്സിലാക്കാൻ കഴിയണം. ഉൾക്കൊള്ളാൻ കഴിയണം.
വളരെ വ്യത്യസ്തവും വിഭിന്നവുമായ ജീവിതസാഹചര്യങ്ങളിൽ നിന്ന്  ഒരുമിച്ചുചേരുന്നവരാണ് എല്ലാ ദമ്പതികളും. അവരുടെ കുടുംബപാരമ്പര്യവും ഇഷ്ടങ്ങളും താല്പര്യങ്ങളും ആഗ്രഹങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും.  ജീവിതത്തിന്റെ ആരംഭം മുതൽ രണ്ടിലൊരാളുടെ മരണംവരെയുള്ള യാത്രയിൽ ഒരിക്കലും ഭാര്യ ചിന്തിക്കുന്നതുപോലെ ഭർത്താവോ ഭർത്താവ് ചിന്തിക്കുന്നതുപോലെ ഭാര്യയോ പെരുമാറുകയോ ചിന്തിക്കുകയോ ചെയ്യണമെന്നില്ല. ഇക്കാര്യം രണ്ടുകൂട്ടരും മനസ്സിലാക്കിക്കഴിയുമ്പോൾ തന്നെ അവർക്കിടയിലുള്ള പ്രശ്നങ്ങൾ തലപൊക്കാതെയാകും.

വിവാഹം എന്ന് പറയുന്നത് എന്നിൽ നിന്ന്, നിന്നിലേക്ക്, നമ്മളിലേക്കുള്ള ഒരു യാത്രയാണ്. ഈ യാത്രയിൽ അവനവന്റെ ഇടം നഷ്ടപ്പെടുത്താതെ മറ്റേ ആളെ, ജീവിതപങ്കാളിയെ ഉൾക്കൊണ്ട് മുന്നോട്ടുപോകുകയാണ് വേണ്ടത്. രണ്ടുപേരും ചേർന്ന് ഒരു പൊതു ഇടം സൃഷ്ടിക്കുന്നു. ഈ പൊതുഇടത്തിന്റെ സ്വീകാര്യതയും ഇഴയടുപ്പവും ദമ്പതികൾക്കിടയിൽ നമ്മൾ ഒന്നാണ് എന്ന ചിന്തയുണർത്തുന്നു. ഒരു കരിയറോ ഒരു ബിസിനസോ മെച്ചപ്പെടുത്തിയെടുക്കാൻ നാം എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുമോ അതിന്റെ പതിന്മടങ്ങ് അദ്ധ്വാനവും ശ്രമവും സമർപ്പണവും കുടുംബജീവിതത്തിന്റെ വളർച്ചയ്ക്കും ദൃഢതയ്ക്കുമായി ദമ്പതികൾ നടത്തേണ്ടതുണ്ട്.

ഇവിടെ ദമ്പതികൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് എന്റെ താല്പര്യങ്ങളിലേക്ക്, ഇഷ്ടാനിഷ്ടങ്ങളിലേക്ക് പിടിച്ചുവലിച്ച് പങ്കാളിയെ അടിമപ്പെടുത്തരുത്. മുമ്പ് പറഞ്ഞതുപോലെ രണ്ടുപേരുടെയും താല്പര്യങ്ങളെ മാനിച്ച് പങ്കാളിയെ ബഹുമാനിച്ചും ആദരിച്ചും തന്നോട് ചേർത്തുപിടിച്ച് ഒരു പുതിയ ഇടവും പൊതുഇടവും സൃഷ്ടിച്ചെടുക്കുക. അതായത് രണ്ടുപേരുടെയും കുടുംബസാഹചര്യങ്ങളിലെ നന്മകളെ സ്വീകരിക്കുകയും കുറവുകളെ അവഗണിക്കുകയും ചെയ്തുകൊണ്ട് രണ്ടുകുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ തനിമ  സ്വന്തം കുടുംബത്തിൽരൂപപ്പെടുത്തുക.

അതിന് പകരമായി എന്റെ കുടുംബത്തിൽ ഇങ്ങനെയാണ്, എന്റെ മാതാപിതാക്കൾ ഇങ്ങനെയാണ്, ഞാൻ ഇങ്ങനെയാണ് പഠിച്ചത് എന്ന് പറഞ്ഞ് താൻ ജനിച്ചുവളർന്ന രീതികളിൽ നിന്ന് മാറാൻ തയ്യാറാകാതെ അള്ളിപിടിച്ചിരിക്കുന്നത് ശരിയായ മനോഭാവമല്ല. താൻ ജനിച്ചുവളർന്ന കുടുംബത്തിലെ നന്മകൾ  തന്റെ ജീവിതപങ്കാളിയുടെ ജീവിതത്തിൽ ഇല്ലെങ്കിൽ ആ നന്മകൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുക.

വേണമെങ്കിൽ തന്റെ കുടുംബത്തിൽ നിന്നും വ്യത്യസ്തമായ ചുറ്റുപാടിലേക്ക് കടന്നുവന്ന അവൾക്ക് പൊട്ടിത്തെറിക്കാമായിരുന്നു. ഭർത്താവിനെ നിന്ദിക്കാമായിരുന്നു കുറ്റപ്പെടുത്താമായിരുന്നു. പക്ഷേ അവൾ ചെയ്തത് അതൊന്നുമായിരുന്നില്ല. അവൾ ഭർത്താവിനെ സ്വാധീനിച്ചു. തന്റെ നന്മകൾ കൈമാറി. ആ നന്മകൾ സ്വീകരിക്കാൻ മാത്രം അയാൾക്കും ഹൃദയത്തിൽ തുറവിയുണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം.

വിവേകവും ബുദ്ധിയും പ്രായോഗികജ്ഞാനവും ഉള്ളവരായിരിക്കണം ദമ്പതികൾ. ഇതിന് ആദ്യം ചെയ്യേണ്ടത് ദമ്പതികൾ പരസ്പരം നിരീക്ഷിക്കുക എന്നതാണ് പരസ്പരം കൂടുതൽ ആഴത്തിൽ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും ഈ നിരീക്ഷണം ഏറെ സഹായകരമാണ്. പങ്കാളിയുടെ സ്നേഹപ്രകടനങ്ങളും ആശയവിനിമയ രീതിയും എല്ലാം നിങ്ങളിൽ നിന്നും തുലോം വ്യത്യസ്തമായിരിക്കാം.
ചിലർക്ക് സ്നേഹത്തിന്റെ ഭാഷ സ്പർശനമാകാം. വേറെ ചിലർക്ക് സംസാരമാകാം. ഇനിയും ചിലർക്ക് സമ്മാനങ്ങൾ നല്കുന്നതാവാം. ഹണിമൂൺ ഘട്ടത്തിൽ തന്നെ പങ്കാളിയുടെ സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കുക.  ചിലർക്ക് സ്നേഹം പ്രകടിപ്പിക്കാനറിയില്ലായിരിക്കും. എന്നുകരുതി ആ വ്യക്തിയിൽ സ്നേഹമില്ലെന്ന് കരുതാനാവില്ല. പങ്കാളി ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ കണ്ടുപിടിച്ച് അതിനെ അഭിനന്ദിക്കാൻ മറക്കരുത്.

ഭാര്യയുടെ പാചകത്തിന് കൈപ്പുണ്യമില്ലെങ്കിലും അവളെ വേദനിപ്പിക്കുന്ന രീതിയിൽ മറുപടി പറയരുത്. അവൾക്ക് നന്നായി പാകം ചെയ്യാൻ അവസരം കൊടുക്കണം. അതിനായി അവളുടെ കൂടെ നില്ക്കണം. പുതിയൊരു മണ്ണിലേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്ന ചെടിയാണ് ഭർത്തൃഗൃഹത്തിലേക്ക് ആദ്യമായി കടന്നുവരുന്ന  പെൺകുട്ടി. അവൾക്ക് ആ മണ്ണിൽ വളരാൻ താമസമുണ്ടാകും. വേരു മണ്ണിലുറയ്ക്കണം. അതിന് വെള്ളവും വളവും കിട്ടണം. ഭർത്താവിൽ നിന്ന് കിട്ടുന്ന പ്രോത്സാഹനവും നല്ല വാക്കുകളുമാണ് അവളുടെ വെള്ളവും വളവും. അഭിനന്ദന വാക്കുകൾ ഒരു സ്ത്രീക്ക് സുരക്ഷിതത്വബോധം നല്കുന്നുണ്ട് എന്ന കാര്യം മറക്കരുത്.

എല്ലാ പുരുഷന്മാരും തന്റെ അമ്മയെപോലെയുള്ള ഒരു പെണ്ണിനെയും എല്ലാ സ്ത്രീകളും തന്റെ അപ്പനെപോലെയുള്ള ഒരു പുരുഷനെയുമാണ് ആഗ്രഹിക്കുന്നത്. അപ്പനും അമ്മയും തീരെ മോശക്കാരാണെങ്കിൽ മാത്രമേ ഇതിന് വിരുദ്ധമായി ചിന്തിക്കുകയുള്ളൂ. പക്ഷേ ഒരിക്കൽപോലും അപ്പനെയോ അമ്മയേയോ കൂട്ടുകാരന്റെ ഭാര്യയെയോ കൂട്ടുകാരിയുടെ ഭർത്താവിനെയോ ഒന്നും  താരതമ്യപ്പെടുത്തലായി തങ്ങൾക്കിടയിലേക്ക വലിച്ചിഴയ്ക്കരുത്.

ദമ്പതികൾ തമ്മിൽ സ്നേഹമുണ്ടായാൽ മാത്രം പോരാ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയും സ്നേഹിക്കാനും ആദരിക്കാനും പഠിക്കണം. തന്റെ ഇണയെ ഇത്രനാൾ വളർത്തിയതും തനിക്ക് സ്വന്തമായി നല്കിയതും ഈ മാതാപിതാക്കളാണെന്നു ദമ്പതികൾ രണ്ടുപേരും മനസ്സിലാക്കണം. ചിലപ്പോൾ ഭാര്യയുടെ മാതാപിതാക്കൾ ഭർത്താവിനോട് നല്ലരീതിയിൽ പെരുമാറിക്കൊള്ളണമെന്നില്ല. അതുപോലെ തിരിച്ചും. പക്ഷേ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പോലും ദമ്പതികൾ തമ്മിൽ ആഴമായ ആത്മബന്ധം ഉണ്ടെങ്കിൽ മാതാപിതാക്കളോട് തോന്നുന്ന മാനസികമായ അകൽച്ച പോലും ഒരുപരിധിവരെ ഇല്ലാതാക്കാൻ കഴിയും.

തന്റെ മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും പുലർത്തുന്ന ഒരു ഭാര്യയെ ഏതൊരു ഭർത്താവും നിഷ്‌ക്കളങ്കമായി സ്നേഹിക്കും. തന്റെ മാതാപിതാക്കളോടും കൂടപ്പിറപ്പുകളും സ്നേഹവും ആദരവും പുലർത്തുന്ന ഒരു ഭർത്താവിനെ ഭാര്യയ്ക്കും സ്നേഹിക്കാതിരിക്കാനാവില്ല.

ഹണിമൂൺകാലഘട്ടത്തിൽ തന്നെ താനുദ്ദേശിക്കുകയോ ആഗ്രഹിക്കുകയോ ചെയ്ത ആളെയല്ല തനിക്ക് ലഭിച്ചിരിക്കുന്നതെന്നു മനസ്സിലാക്കുകയും  പങ്കാളിയെ ഉൾക്കൊള്ളാൻ കഴിയാതെ പോകുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഹണിമൂൺ കാലത്തെ ചെറിയ പ്രശ്നങ്ങൾ പോലും വലുതാക്കി വിവാഹമോചനത്തിലെത്തിച്ചേരുന്ന സംഭവങ്ങളും കുറവൊന്നുമല്ല. അറേഞ്ച്ഡ് മാര്യേജിൽ മാത്രമല്ല ലവ് മാര്യേജുകളിൽ പോലും ഇത് കണ്ടുവരാറുണ്ട്.
പ്രണയവിവാഹത്തിൽ നേരത്തെ പരസ്പരം പരിചയമുള്ളവരായിരുന്നതുകൊണ്ട് വിവാഹപ്പിറ്റേന്ന് മുതൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കാറുണ്ട്. കാരണം അവർക്കിടയിലെ വിവാഹത്തിന്റെ ആദ്യനാളുകൾ കണ്ടെത്തലിന്റെ ദിനങ്ങളാണ്. വീട് എന്ന കൂട്ടത്തിലേക്ക് വന്നിട്ട് തന്റെ പെരുമാറ്റം എങ്ങനെയാണ്, ഞാനെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.
ഹണിമൂൺ സ്റ്റേജിൽ തന്നെ ദമ്പതികൾക്കിടയിൽ ആഴമായ ആത്മബന്ധം അടിയുറയ്ക്കുകയും ആശയവിനിമയം സാധ്യമാകുകയും ചെയ്താൽ പിന്നീട് എന്തുപ്രശ്നമുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാൻ അവർക്ക് സാധിക്കും. പങ്കാളിയെ മൊത്തത്തിൽ വിലയിരുത്തി ഈ വ്യക്തി എനിക്ക് തെല്ലും യോജിച്ച ആളല്ല എന്ന തീരുമാനത്തിലെത്തുന്നത് വിഡ്ഢിത്തമാണ്.

ഒരു വ്യക്തിയിൽ കണ്ടെത്താൻ ഇനിയും അനേകം മേഖലകളുണ്ട്. അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകുക.

Sr Dr Rose Jose CHF

More like this
Related

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ...

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്....

വില്ലനാകുന്ന കുട്ടിക്കാലം

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം....
error: Content is protected !!