ആരാധകര്‍ വിഡ്ഢികളാണെന്ന് ആദ്യം തുറന്നു സമ്മതിച്ചത് നമ്മുടെ സരോജ് കുമാറാണ്.( ഉദയനാണ് താരത്തിലെ ശ്രീനിവാസന്റെ കഥാപാത്രം) . ആരാധനാമൂര്‍ത്തികളോട് ആരാധകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ സൂക്ഷ്മബുദ്ധികളായ ഏതൊരാളും സരോജ് കുമാറിന്റെ അഭിപ്രായത്തോട് അനുകൂലിക്കുകയും ചെയ്യും. എന്തൊക്കെയാണ് ആരാധകരെന്ന് പേരിട്ട ഈ വിഡ്ഢിക്കൂട്ടങ്ങള്‍ കാട്ടിക്കൂട്ടുന്നത്? ആരാധനാമൂര്‍ത്തികളുടെ കട്ടൗട്ടുകളുടെ മീതെ പാലഭിഷേകങ്ങള്‍, ഫാന്‍സ് തിരിഞ്ഞുള്ള പോര്‍വിളികളും കൂകിതോല്പിക്കലുകളും തെറിവിളികളും.
ആരാധനകള്‍ വൈയക്തികമാണെന്ന് പറഞ്ഞ് നമുക്ക് അതിനോട് ചേര്‍ന്നുനില്ക്കുകയോ അകന്നുനില്ക്കുകയോ ആവാം. ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ആരാധന അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ദോഷമുണ്ടാക്കുന്നില്ലെങ്കില്‍ നാം അതിനെ അതിന്റെ പാട്ടിന് വിടുകയാണ് നല്ലതും. പക്ഷേ ആരാധകര്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമ്പോള്‍, ആരാധന പൊതുജനങ്ങള്‍ക്ക് ദോഷം ചെയ്യുമ്പോള്‍ അവിടെ വലിയൊരു അപകടമുണ്ട്.
അത്തരമൊരു അപകടത്തിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജത് കുമാറിന്‌നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്കിയ സ്വീകരണം വ്യക്തമാക്കിയത് ആരാധകര്‍ വിഡ്ഢികളാണെന്ന് തന്നെയായിരുന്നു. കടുത്ത ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ ഭാഗമായി മാറിക്കഴിഞ്ഞ കൊറോണ വ്യാപനപശ്ചാത്തലത്തിലായിരുന്നു ആ ആള്‍ക്കൂട്ടം സൃഷ്ടിക്കപ്പെട്ടത് എന്നതായിരുന്നു ഏറ്റവും നടുക്കമുളവാക്കിയത്.
കോവീഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളും ആരാധനാലയങ്ങള്‍ പോലും അടച്ചിടുകയും ആളുകള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്ത സാഹചര്യത്തെ അവഗണിച്ചായിരുന്നു ആ ആള്‍ക്കൂട്ടം തങ്ങളുടെ ആരാധനാമൂര്‍ത്തിയെ സ്വീകരിക്കാനായി എത്തിച്ചേര്‍ന്നത്.കടുത്ത സുരക്ഷാനിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി അവരെത്തിയതോ എത്തിച്ചതോ.. അറിയില്ല നിയമവ്യവസ്ഥയോടുള്ള നിന്ദയും പുച്ഛവും മാത്രമല്ല മറ്റുള്ളവരോടുള്ള അനാദരവിന്റെ കൂടി പ്രകടനമായിരുന്നു അത്. ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൂടാത്ത എത്ര പേരുണ്ടാവും അന്ന് അവിടെ ഒന്നിച്ചുചേര്‍ന്നത്?അത്തരമൊരു സാഹചര്യം ഒരുക്കാന്‍ മാത്രം അധികാരികള്‍ എന്തിനാണ് അനുവാദം നല്കിയത്?
തങ്ങള്‍ക്ക് ഹൃദയൈക്യം തോന്നുന്ന വ്യക്തികളോട് സനേഹവും ബഹുമാനവും തോന്നുന്നത് സ്വഭാവികം. പക്ഷേ ആരാധന അമിതമാകരുത്. അത് തങ്ങളെ തന്നെയോ മറ്റുള്ളവരെയോ അപകടത്തിലാക്കുകയുമരുത്.
ജീവന്‍പണയംവച്ചുംആരാധകര്‍ എന്താണ് നേടുന്നത്. ആത്യന്തികമായി ഉപരിപ്ലവമായ ബന്ധം മാത്രമാണ് സൂപ്പര്‍സ്റ്റാര്‍സും ഫാന്‍സും തമ്മിലുള്ളത്. എത്ര ആരാധകരെ ഒരുസൂപ്പര്‍ സ്റ്റാര്‍ വ്യക്തിപരമായി മനസ്സിലാക്കുന്നുണ്ട്..അവന്റെ ആവശ്യങ്ങളില്‍ സഹായ ഹസതം നീട്ടുന്നുണ്ട്? ഒന്നുമില്ല. എന്നിട്ടും ആരാധനയുടെ പേരില്‍ സ്വന്തം ജീവിതം തീറെഴുതികൊടുക്കാന്‍ ഫാന്‍സുകള്‍ തയ്യാറാകുന്നു. ഇത് വി്ഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല. സൂപ്പര്‍ സ്റ്റാറുകള്‍ ജീവന്‍ വെടിയുമ്പോള്‍ ആത്മത്യാഗം ചെയ്യുന്നവരെക്കുറിച്ച് നാം പരിഹാസത്തോടെ സംസാരിച്ചിട്ടുണ്ട്. അത്തരം ചെയ്തികളുടെ തുടര്‍ച്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തിലാണെന്ന് മാത്രം.
എഴുത്തിന്റെയും അഭിനയത്തിന്റെയും സംഗീതത്തിന്റെയും കായികത്തിന്റെയുമെല്ലാം പേരിലുള്ള ഇഷ്ടങ്ങള്‍ നല്ലതുതന്നെ. എന്നാല്‍ ആ ഇഷ്ടങ്ങള്‍ സ്വന്തം ജീവിതത്തെ അപ്രധാനീകരിച്ചുകൊണ്ടുള്ളതാകരുത്. ആരാധകരും സൂപ്പര്‍സ്റ്റാര്‍സും തമ്മിലുള്ള ബന്ധം ആരോഗ്യപരമായി മാറട്ടെ.ആര്‍ക്കും ദോഷം ചെയ്യാത്തതും.