ഒരുവന് ആത്മാഭിമാനം കുറവാണെങ്കിൽ അയാൾക്കൊരിക്കലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാനോ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ കഴിയുകയില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആത്മാഭിമാനം എന്ന് പറയുന്നത് വ്യക്തിപരമായ സംതൃപ്തിയാണ്, നമുക്ക് നമ്മോടു തന്നെയുള്ളത്. നമ്മുടെ ജീവിതത്തെ നാം തന്നെ എങ്ങനെ കാണുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. നമുക്ക് നമ്മെക്കുറിച്ചുതന്നെ വസ്തുനിഷ്ഠമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കിൽ നമ്മുടെ ആത്മാഭിമാനം കൃത്യമായ തോതിലുള്ളതായിരിക്കും. ഇനിഎങ്ങനെയാണ് ആത്മാഭിമാനം വർദ്ധിപ്പിക്കാൻ കഴിയുന്നത് എന്ന് നോക്കാം.
പ്രതീക്ഷകൾ യാഥാർത്ഥ്യബോധമുള്ളതായിരിക്കണം
നമുക്ക് നമ്മെക്കുറിച്ചുതന്നെയുള്ള പ്രതീക്ഷകൾ യാഥാർഥ്യബോധമുള്ളതായിരിക്കണം. ചിലപ്പോൾ നാം നമ്മെക്കുറിച്ച് തന്നെ തെറ്റായ സങ്കല്പങ്ങൾ വച്ചുപുലർത്തുന്നവരായിരിക്കും.അയഥാർത്ഥമായവ നമ്മെ നിരാശപ്പെടുത്തും. അതുകൊണ്ട് എപ്പോഴും ഭാവിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം.
ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ചിലരൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തവരായിട്ടുണ്ട്. അല്ലെങ്കിൽ ഉത്തരവാദിത്വം ഭാരപ്പെട്ടതാണെന്ന് കരുതി അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ട്. ഇത്തരം ഒഴിഞ്ഞുമാറൽ കൊണ്ട് ഒരിക്കലും ആത്മാഭിമാനം മെച്ചപ്പെടുകയില്ല ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനെയും നിയന്ത്രിക്കാൻ നമുക്ക് കഴിയുകയില്ല, പക്ഷേ നമുക്ക് ഒരു കാര്യം തീരുമാനിക്കാനാവും. ഞാൻ എന്തായിത്തീരണമെന്ന്. ഇതുതന്നെയാണ് ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കലും.
ആദരവ് നേടിയെടുക്കുക
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നത് നമ്മുടെ ആത്മാഭിമാനം വർദ്ധിപ്പിക്കും. അംഗീകാരവും ആസ്വാദനവും ആത്മാഭിമാനം വളർത്തുന്ന രണ്ടു ഘടകങ്ങളാണ്. നമ്മോട് അനാദരവോടെ പെരുമാറുന്ന വ്യക്തികളോട്- അതാരുമാകാം ജീവിതപങ്കാളി, മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ- നമുക്കൊരിക്കലും ആരോഗ്യപ്രദമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിയുകയില്ല. നാം ബോധപൂർവ്വം ശ്രമിച്ചെങ്കിൽ മാത്രമേ ആ വ്യക്തിയുമായി അടുക്കാൻ കഴിയൂ. അതുകൊണ്ട് മറ്റുള്ളവരുടെആദരവും അഭിനന്ദനവും നേടിയെടുക്കാൻ ശ്രമിക്കുക.
ആരോഗ്യകരമായ ബന്ധം സ്ഥാപിച്ചെടുക്കുക
സ്നേഹിക്കപ്പെടുക എന്നതാണ് ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരമായ അവസ്ഥ. ആരെങ്കിലുമൊക്കെ നമ്മെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് നമ്മുടെ ആത്മാഭിമാനത്തിന് മുതൽക്കൂട്ടാണ്.
നല്ല ഓർമ്മകൾ സൂക്ഷിക്കുക
നല്ല ഓർമ്മകളും ആത്മാഭിമാനവും തമ്മിൽ ബന്ധമുണ്ട്. കുടുംബാംഗങ്ങളുമായി, സുഹൃത്തുക്കളുമായി, സഹപ്രവർത്തകരുമായി,ജീവിതപങ്കാളിയുമായി… ഇങ്ങനെ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളുമായിട്ടുള്ളനല്ല ഓർമ്മകളുടെ ശേഖരം തന്നെ ജീവിതത്തിലുണ്ടായിരിക്കട്ടെ.