വഴിവിട്ട സൗഹൃദങ്ങൾക്ക് വീണ്ടും ഇര

Date:

spot_img

എല്ലാ ബന്ധങ്ങൾക്കും ചില അതിരുകൾവേണം, അതിർത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാൻ. നീ ഇത്രയുംവരെയെന്നും ഞാൻ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിർവചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാർ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയിൽ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങൾക്ക്. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദങ്ങളെ വിലക്കേണ്ടതൊന്നുമില്ല. വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ അവർ സൗഹൃദങ്ങളെ ഒഴിവാക്കേണ്ടതുമില്ല. പക്ഷേ അവിടെ മേൽപ്പറഞ്ഞ വിധത്തിലുള്ള ചില തത്വദീക്ഷകൾ പാലിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അതിരുകൾ മാഞ്ഞുപോകും, അതിർത്തികൾ ലംഘിക്കപ്പെടും.  ഫലമോ അനിഷ്ടകരമായ പലതും സംഭവിച്ചെന്നിരിക്കും. കാസർഗോഡുകാരിയായ അധ്യാപിക രൂപശ്രീയുടെ കൊലപാതകവുമായി  ബന്ധപ്പെട്ട് സഹപ്രവർത്തകനും സുഹൃത്തുമായ വ്യക്തി അറസ്റ്റ് ചെയ്തപ്പെട്ടു എന്ന വാർത്ത വായിച്ചപ്പോൾ തോന്നിയ  വിചാരങ്ങളാണിവയൊക്കെ. ഒരേ തരംഗദൈർഘ്യമുള്ള വ്യക്തികൾ തമ്മിൽ ഏതു സാഹചര്യത്തിൽ കണ്ടുമുട്ടുമ്പോഴാണെങ്കിലും അവർക്ക്  ഒരുമിച്ചു മുന്നോട്ടുപോകാനുള്ള പ്രചോദനം ഉണ്ടാവുക സ്വഭാവികമാണ്.  പക്ഷേ അവയിൽ മൂല്യനിരാസം സംഭവിക്കരുതെന്ന് മാത്രം. പരസ്പരമുള്ള സൗഹൃദങ്ങളെ കുടുംബത്തിന്റെ മൂല്യങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും അതിലേർപ്പെട്ടിരിക്കുന്നവർക്ക് കഴിയണം.

 വെങ്കിട്ടരമണയ്ക്കും രൂപശ്രീക്കും കുടുംബമുണ്ടായിരുന്നു. ജീവിതപങ്കാളിയും മക്കളുമുണ്ടായിരുന്നു. എന്നിട്ടും അതിനെ അപ്രധാനീകരിക്കുന്ന വിധത്തിലുള്ള ബന്ധം അവർക്കിടയിൽ ഉടലെടുത്തു. ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം തങ്ങൾക്കിടയിലേക്ക് മറ്റൊരു അധ്യാപകൻ കടന്നുവന്നതായുള്ള വെങ്കിടരമണയുടെ സംശയമാണ് ഈ ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്. സാമ്പത്തികമായ ഇടപാടുകളും മന്ത്രവാദവുമൊക്കെ മറ്റ് കാരണങ്ങൾ. എങ്കിലും അടിസ്ഥാനപരമായി അവരെ ഒന്നിപ്പിച്ചത് വിവാഹബന്ധത്തിന് വെളിയിലുള്ള സൗഹൃദം തന്നെയായിരുന്നു. വഴിവിട്ട ബന്ധങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയൊക്കെ തന്നെയെന്ന് പുറമേ നിന്ന് നമുക്ക് വിധിയെഴുതാമെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയും അവർ സമൂഹത്തിൽ നേരിടേണ്ടിവരുന്ന അപമാനങ്ങളും മാനസികസമ്മർദ്ദങ്ങളും കൂടി നാം കാണേണ്ടിയിരിക്കുന്നു. ആ വേദനകളുടെ അളവുകളെ നിശ്ചയിക്കാൻ നമ്മുടെ അന്ധമായ വിധിയെഴുത്തുകൾക്ക് സാധിക്കുകയുമില്ല.


അധ്യാപനം എന്നത് പവിത്രമായ ജോലിയും അധ്യാപകർ  വെളിച്ചം പകർന്നുനല്കുന്നവരുമായിരുന്നു പണ്ടുകാലങ്ങളിൽ. അല്ലെങ്കിൽ അത്തരമൊരു പദവി അറിഞ്ഞോ അറിയാതെയോ ആ ജോലിക്ക് ലഭിച്ചിരുന്നു. പക്ഷേ ഇന്ന് അധ്യാപനത്തിന്റെ വിശുദ്ധിയും അധ്യാപകർക്കുള്ള മഹത്വവും നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.  മാന്യമായ ശമ്പളം കൈപ്പറ്റുന്ന ഒരു ജോലി എന്നതിന് അപ്പുറം കുട്ടികളോട് പ്രതിബദ്ധതയില്ലാത്ത ഒരു അധ്യാപകസമൂഹം ഇവിടെ വളർന്നുവരുന്നു എന്നത്  നടുക്കമുളവാക്കുന്ന യാഥാർത്ഥ്യമാണ്. വെങ്കിടരമണയെപോലെയുള്ള അധ്യാപകരിൽ നിന്ന് എന്തുവെളിച്ചമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്? ആകസ്മികമായി ചെയ്ത ഒരു കുറ്റ കൃത്യമോ അവിചാരിതമായി സംഭവിച്ച പിഴവോ ആയിരുന്നില്ല രൂപശ്രീയുടെ മരണം. അത് ആസൂത്രിതമായിരുന്നു. അപ്പോൾ അത് നടക്കുന്നതിന് മുമ്പു തന്നെ അയാളുടെ മനസ്സിൽ രൂപശ്രീ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. ജന്മനാ കുറ്റകൃത്യങ്ങളിലേക്കു മനസ്സ് തിരിഞ്ഞ ഒരാൾക്ക് മാത്രമേ അങ്ങനെയൊരു കൊലപാതകം ചെയ്യാൻ കഴിയൂ. ചില കോഴ്സുകൾ പൂർത്തിയാക്കിയതുകൊണ്ടുമാത്രമോ സർട്ടിഫിക്കറ്റുകൾ ഉള്ളതുകൊണ്ടു മാത്രമോ അധ്യാപനം എന്ന ജോലിക്ക് ഒരാൾ യഥാർത്ഥത്തിൽ അർഹനാകുന്നില്ല. അയാളുടെ ബുദ്ധിനിലവാരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരിക നിലയും. ഐക്യുവിന് ഒപ്പം തന്നെ പ്രാധാന്യം ഇന്ന് ഇക്യുവിനും നലകുന്നുണ്ട്. ഐക്യു ശ്രമിച്ചാൽ മെച്ചപ്പെടുത്താം. പക്ഷേ മോശപ്പെട്ട ഇക്യു ഒരിക്കലും മെച്ചപ്പെടുത്തിയെടുക്കാനാവില്ല. കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ശരീരത്തോട് ഒട്ടിച്ചേർന്നുകിടക്കുന്നവയാണ് അവ. ജന്മനാ അത്ആർജ്ജിച്ചിരിക്കുന്നവയാണ്.

അത്തരക്കാർ ഭാര്യയായാലും അമ്മയായാലും ഭർത്താവായാലും അധ്യാപകനായാലും അതേ രീതിയിലേ പ്രതികരിക്കൂ. പഴയകാല ചില അധ്യാപകരെ ഓർമ്മയിലേക്ക് കൊണ്ടുവരൂ. പുസ്തകം വലിച്ചെറിയുന്നവർ.. അലറുന്നവർ.. കഠിനമായി ശിക്ഷിക്കുന്നവർ… ശപിക്കുന്നവർ.. ഇത്തരക്കാരൊക്കെ ഉണ്ടായിരുന്നില്ലേ? അവരെയൊരിക്കലും നല്ല അധ്യാപകരായി നമുക്ക് മനസ്സിൽ സൂക്ഷിക്കാൻ കഴിയുമോ? ഇല്ല, വൈകാരികപക്വതയില്ലാത്തവർ. സ്വാഭാവികമായ ദേഷ്യങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്. നല്ല രീതിയിൽ അധ്യാപകർ വിദ്യാർത്ഥികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ വ്യക്തിജീവിതം, കുടുംബജീവിതം എന്നിവ കൂടി ജോലിയിലുള്ള നിയമനത്തിന് പരിഗണിക്കേണ്ട സാഹചര്യം എന്നെങ്കിലും നമ്മുടെ നാട്ടിലുണ്ടാവുമോ? നിശ്ചിതകാലത്തെ നിരീക്ഷണത്തിനും വിലയിരുത്തലിനും ശേഷം മാത്രം അധ്യാപകജോലിയിലുള്ള സ്ഥിരം നിയമനം എന്ന വ്യവസ്ഥ വന്നാൽ അത് ഭാവിയിലെ നമ്മുടെ കുട്ടികളുടെ മാനസികനിലയ്ക്കും സന്മാർഗ്ഗനിരതയ്ക്കും മൂല്യാധിഷ്ഠിതജീവിതത്തിനും വലിയൊരു മുതൽക്കൂട്ടായിരിക്കില്ലേ? വിദ്യാർത്ഥികളെ ചിരിച്ച് മയക്കിയെടുക്കുന്ന അധ്യാപകരാകാതെ അവർക്ക് തങ്ങളുടെ ജീവിതം കൊണ്ട് പ്രകാശം നല്കുന്ന അധ്യാപകരാകാൻ വരുംകാലങ്ങളിലെങ്കിലും കഴിയട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!