ഇതിന് പകരം ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ ഒരു കരിക്കെങ്കിലും കുടിക്കാമായിരുന്നുവെന്നൊക്കെ ചില ഡയലോഗുകൾ കേട്ടിട്ടില്ലേ. കരിക്കിൻവെള്ളത്തിന്റെ നാനാവിധത്തിലുള്ള ഗുണഗണങ്ങളെക്കുറിച്ച് വിശദമായി അറിയുമ്പോൾ അതിൽ ചിലപ്പോഴെങ്കിലും ശരിയുണ്ടെന്ന് മനസ്സിലാവും. അതെ കരിക്കിൻവെള്ളം നിസ്സാരക്കാരനല്ല. പ്രത്യേകിച്ച് ഈ കടുത്ത വേനൽക്കാലത്ത്. കൃത്രിമനിറങ്ങളോ പഞ്ചസാരയോ രാസമാലിന്യങ്ങളോ കലരാത്ത ഉത്തമ പാനീയമാണ് കരിക്കിൻവെള്ളം. പഞ്ചസാരയും സോഡിയവും കുറവാണ് എന്നു മാത്രമല്ല പൊട്ടാസ്യവും കാൽസ്യവും ധാരാളമുണ്ട് താനും. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും എല്ലാം കരിക്കിൻവെള്ളം പ്രയോജനപ്പെടുന്നുമുണ്ട്. ഒരു കപ്പ് ഇളനീരിൽ ഏകദേശം 295 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. മൂത്രാശയരോഗങ്ങൾക്ക് കരിക്കിൻവെള്ളം അത്യുത്തമമാണ്. വൃക്കയിലെ കല്ലുകൾ അലിയിച്ചുകളയുക, മൂത്രവിസർജ്ജനം വേഗത്തിലാക്കുക എന്നിവയെല്ലാം ഇതിലൂടെ സാധിക്കും. ഇളനീരിലുള്ള പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയത്തിന് സംരക്ഷണം നല്കുന്നവയാണ്. ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും ഒരുപരിധി വരെ തടയാനും സാധിക്കും.
പ്രമേഹം, കാൻസർ, അമിതഭാരം എന്നിവയ്ക്കും ഇളനീര് ഗുണപ്രദമാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാതങ്ങളിൽ പതിവായി കരിക്കിൻവെളളം കുടിക്കേണ്ടതാണ്. അസിഡിറ്റി, മലബന്ധം എന്നിവ കുറയ്ക്കാനും സഹായിക്കും. ഇളനീരിലുള്ള സൈറ്റോകിനിൻസ് എന്ന ഹോർമോൺ ശരീരത്തിലുള്ള കോശങ്ങളുടെ നാശം തടയുന്നതുവഴി ചെറുപ്പം നിലനില്ക്കുന്നു. ഇത് ചർമ്മത്തിന് സ്വഭാവികസൗന്ദര്യം നല്കുന്നു. പ്രായം, അന്തരീക്ഷമലിനീകരണം എന്നിവയെ അതിജീവിക്കാനും പ്രയോജനപ്പെടുന്നു. പതിവായി ഇളനീരു കുടിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് അത്യുത്തമമെന്ന് തിരിച്ചറിഞ്ഞവരാണ് സെലിബ്രിറ്റികൾ. സൂപ്പർസ്റ്റാറുകൾ പലരും ഇളനീര് മാത്രം കുടിക്കുന്നവരാണെന്ന് ചില വാർത്തകൾ ഉണ്ടല്ലോ. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിനും ഇളനീർ നല്ലതാണ്. ഇളനീരിലുള്ള വിറ്റമിൻ കെ, ഇരുമ്പ് എന്നീ പോഷകങ്ങൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചുരുക്കത്തിൽ കരിക്കിൻവെള്ളം രോഗങ്ങളെ പ്രതിരോധിക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും ഏറെ സഹായകരമാണ്. അതുകൊണ്ട് കഴിയുന്നത്ര കരിക്കിൻവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വീട്ടുമുറ്റത്ത് ഒരു തെങ്ങെങ്കിലും നട്ടുപിടിപ്പിക്കാനും.
നമ്മുടെ നെഞ്ചിലാകെ അനുരാഗക്കരിക്കിൻ വെള്ളം എന്നാരോ അരികത്തിരുന്ന് പാടുന്നുണ്ടോ?