നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

Date:

spot_img

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത മേഖലകൾ പോലും വരണ്ടുണങ്ങി. കിണറുകൾ വറ്റിവരണ്ടു. ഒരുകാലത്ത് ജല സമ്പന്നതയുടെ പേരിൽ അഭിമാനിച്ചിരുന്ന നമ്മുടെ നാട് കടുത്ത ജലദൗർലഭ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നത് നടുക്കമുളവാക്കുന്ന യാഥാർത്ഥ്യം തന്നെ.

ജലസ്രോതസുകൾ മലിനപ്പെടുത്തിയതും അവയോട് അനാദരവ് കാണിക്കുന്നതുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്ന് നമുക്ക് നിഷേധിക്കാനാവില്ല. ഓരോ ജലസ്രോതസും മലിനപ്പെടുത്തിയതിൽ നമ്മളോരോരുത്തരും ചെറുതും വലുതുമായ പങ്കു വഹിച്ചിട്ടുണ്ട്. പാരിസ്ഥിതികമായ ചൂഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിച്ചെറിയലും മുതൽ ഒരുപാട് കാരണങ്ങൾ അതിനു പിന്നിലുണ്ട്.

ജലമാണ് ജീവന്റെ നിലനില്പ്. പുൽക്കൊടിത്തുമ്പു മുതൽ മനുഷ്യൻ വരെ നിലനിന്നുപോരുന്ന ആവാസവ്യവസ്ഥയിൽ ജലത്തിന്റെ പ്രാധാന്യം ആർക്കും നിഷേധിക്കാനാവില്ല. പ്രപഞ്ചത്തിൽ ആദ്യമായി ജീവനുണ്ടായത് വെള്ളത്തിലാണെന്നതാണ് മതവിശ്വാസങ്ങൾ. എന്നിരിക്കിലും ആവശ്യം നിർവഹിച്ചുകഴിയുമ്പോൾ  അതിന്റെ പ്രാധാന്യം മറന്നുപോകുന്നവരാണ് നമ്മളെല്ലാവരും.

ദാഹിച്ചു വരണ്ടുവരുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് വല്ലാത്ത രുചിയുണ്ട്. എന്നാൽ തണലത്തിരിക്കുമ്പോൾ വെള്ളത്തെക്കുറിച്ച് നാം ചിന്തിക്കുന്നതുപോലുമില്ല.   പണം പോലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടതാണ് വെള്ളമെന്ന പാഠങ്ങൾ വീടുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് നാം പഠിപ്പിച്ചുകൊടുക്കണം. ഇക്കാര്യത്തിൽ അമ്മമാർക്ക് പ്രത്യേക പങ്കുണ്ട്  എന്നതാണ് വിശ്വാസം. നമ്മുടെ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒരു രീതി ടാപ്പ് തുറന്നുവച്ച് അടുക്കളയിൽ പാത്രം കഴുകുന്ന രീതിയാണ്. വാഷ്ബെയ്സിന്റെ ടാപ്പുതുറന്നുവച്ച് വായും മുഖവും കഴുകുന്ന രീതിയാണ്. ഇതിലൂടെ ആവശ്യത്തിൽ കൂടുതൽ വെള്ളമാണ് പാഴാക്കിക്കളയുന്നത്.

പണ്ടുകാലങ്ങളിൽ ഇതായിരുന്നില്ല രീതി. പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ.  ഒരു കപ്പ് വെള്ളത്തിൽ ഒതുക്കിനിർത്തേണ്ട കാര്യങ്ങളാണ് ഒരുബക്കറ്റ് വെള്ളത്തിലേക്ക് പുതുതലമുറ എത്തിച്ചിരിക്കുന്നത്. അതിന് അവരെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം നാം ചെയ്തുകാണിക്കുന്നത് അതാണ്.

അതുകൊണ്ട് ജലം പരിമിതമായി ഉപയോഗിക്കേണ്ടതിന്റെ പാഠങ്ങൾ നാം വീടുകളിൽ നിന്ന് തുടങ്ങണം. അടുക്കളയിൽ തുടങ്ങുകയും കാണിച്ചുകൊടുക്കുകയും ചെയ്യേണ്ട ജല പരിമിത ഉപയോഗത്തിന്റെ പാഠങ്ങളേ ഭാവിതലമുറയെ വെള്ളത്തോടുള്ള മിതത്വം പാലിക്കാൻ പ്രേരിപ്പിക്കുകയുള്ളൂ. അല്ലെങ്കിൽ അവർ വളരെ വലിയ ധൂർത്തന്മാരായി പോകും. വെള്ളത്തിന്റെ ധൂർത്തന്മാർ. വരും കാലത്ത് ഏറ്റവും വലിയ യുദ്ധം നടക്കാൻ പോകുന്നത് വെള്ളത്തിന് വേണ്ടിയാണെന്ന ചില മുന്നറിയിപ്പുകൾ കൂടിയുണ്ട്. അതുപോലെ ഈ നൂറ്റാണ്ടിന്റെ  മധ്യത്തോടെ ശുദ്ധജല ആവശ്യം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമമെന്നും എന്നാൽ ജലപരിപോഷണത്തിൽ കേരളം ഏറെ പിന്നിലാണെന്ന കാര്യവും അറിഞ്ഞിരിക്കുന്നത് നന്ന്.  

പല കുടിവെള്ള പദ്ധതികളും പാതിവഴിയിൽ നിലച്ചുപോയിരിക്കുന്ന അവസ്ഥയാണ് നമുക്ക് മുമ്പിലുള്ളത്. അവയെ പുനരുജ്ജീവിപ്പിക്കുകയും വർഷകാലത്തെ മഴവെള്ളം ഗുണപ്രദമായി ശേഖരിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്താൽ നാം ഇന്ന് നേരിടുന്ന ശുദ്ധജലദൗർലഭ്യത്തിന് വലിയൊരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയും.

നാടും വീടും ഒത്തുചേർന്നുള്ള കൈകോർക്കലുകളിലൂടെ വരുംകാലങ്ങളിൽ  നാം  ജലസ്വയംപര്യാപ്തത കൈവരിച്ചാൽ അതുതന്നെയാകും വരും തലമുറയ്ക്ക്  നമുക്ക് നല്കാൻ കഴിയുന്ന വലിയ നന്മകളിലൊന്ന്. ഏറ്റവും വലിയ സമ്പാദ്യവും.

More like this
Related

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം....

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്....
error: Content is protected !!