വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

Date:

spot_img

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണനയും തിരസ്‌ക്കരണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നവരാണ് ഭൂരിപക്ഷം വൃദ്ധ മാതാപിതാക്കളും. താലോലിച്ച് ഓമനിച്ച് വളർത്തിയ മക്കളെ  വിശ്വസിച്ച് ജീവിതസായാഹ്നത്തിൽ വീടും  സ്വത്തും അവരുടെ പേരിൽ എഴുതി കൊടുത്തതിന്റെ പേരിൽ അവർ തന്നെ എഴുതിത്തള്ളിയവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അദ്ധ്വാനിച്ചു നേടാൻ ആരോഗ്യമോ സാഹചര്യമോ ഇല്ലാത്തതിന്റെ പേരിൽ ഇനി ഒരു സ്വപ്നങ്ങളും കൂടെയില്ലാത്തവർ കൂടിയാണ് ഈ മാതാപിതാക്കൾ. തങ്ങളുടെവിയർപ്പിൽ കെട്ടിയുണ്ടാക്കിയ വീട്ടിൽ പലപ്പോഴും അവർക്ക് സ്ഥാനമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ വൃദ്ധരുടെ ദുരിതജീവിതത്തിന് മറുപടിയായി ചില നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരെ പീഡനങ്ങളിൽ നിന്നും രക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

ഈ നിയമം അനുസരിച്ച് മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം മക്കളുടെയും ബന്ധുക്കളുടെയും ഉത്തരവാദിത്തമാണ്. അവരിൽ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ സംരക്ഷണത്തുക അവരിൽ നിന്ന് ഈടാക്കാൻ പുതിയ നിയമത്തിൽ വകുപ്പുകളുണ്ട്. മക്കൾ എന്ന നിർവചനത്തിൽ പ്രായപൂർത്തിയായ പേരക്കുട്ടികളും ഉൾപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം.
ബന്ധുവെന്നത് മക്കളില്ലാത്ത മുതിർത്ത പൗരന്മാരുടെ സ്വത്ത് കൈവശം വച്ചിരിക്കുന്നവരോ അവരുടെ സ്വത്തിൽ പിന്തുടർച്ചാവകാശം ഉള്ളതോ ആയ പ്രായപൂർത്തിയായ വ്യക്തിയാണ്. സംരക്ഷണ ചെലവ് എന്നതു കൊണ്ട് ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം, ചികിത്സ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

വിനോദത്തിനും വിശ്രമത്തിനും വൃദ്ധർക്ക് അവകാശമുണ്ടെന്നും അറിഞ്ഞിരിക്കണം. മക്കളെ വിശ്വസിച്ച് സ്വത്ത് മക്കളുടെ പേരിൽ എഴുതി നല്കിയ മാതാപിതാക്കൾക്ക് അവർ സംരക്ഷിക്കാത്ത സാഹചര്യത്തിൽ സ്വത്ത് കൈമാറ്റം അസാധുവാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇഷ്ടദാനപ്രകാരം സ്വത്ത് കൈവശപ്പെടുത്തിയശേഷം മാതാപിതാക്കളെയോ മുതിർന്ന പൗരന്മാരെയോ സംരക്ഷിക്കുന്നില്ലെങ്കിൽ സ്വത്ത് കൈമാറ്റം റദ്ദാക്കുകയും ആധാരം അസാധുവാക്കി പ്രഖ്യാപിക്കുകയോ ചെയ്യാം. അങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കുകയും ചെയ്യും.
മെയിന്റനൻസ് ട്രൈബ്യൂണലിലാണ് ഇത്തരം അപേക്ഷകളും പരാതികളും സമർപ്പിക്കേണ്ടത്. റവന്യൂ ഡിവിഷനൽ ഓഫീസർ അഥവാ ആർഡിഒ ആണ് ഇത്തരം പരാതികൾ സ്വീകരിക്കുന്നത്. വൃദ്ധർക്കോ സംഘടനകൾക്കോ അധികാരപ്പെടുത്തിയ വ്യക്തികൾക്കോ പരാതി നല്കാം. മാത്രവുമല്ല മെയിന്റനൻസ് ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാനും അധികാരമുണ്ട്. കാലതാമസമില്ലാതെ തന്നെ തീർപ്പാക്കാൻ കഴിയുന്നുഎന്നതാണ് ഇത്തരം പരാതികളുടെ മറ്റൊരു പ്രത്യേകത. എതിർകക്ഷികളെ വിളിച്ചുവരുത്തി 90 ദിവസത്തിനുള്ളിൽ പരാതികളിന്മേൽ തീർപ്പാക്കാൻ കഴിയും. മെയിന്റനൻസ് അലവൻസായി ഒരു മാസം പതിനായിരം രൂപയാണ് സാധാരണയായി വിധിക്കുന്നത്. ഈ വിധിയെയും ലംഘിക്കുകയോ വൃദ്ധരെ വീണ്ടും അവഗണിക്കുകയോ ചെയ്യുന്നവർക്ക് ജയിൽവാസം പോലെയുള്ള കഠിനശിക്ഷകൾ വേറെയുമുണ്ട്.

പല വൃദ്ധരും ഇത്തരത്തിലുള്ള പുതിയ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. ഇനി അറിഞ്ഞെങ്കിൽ തന്നെ മക്കളോടുള്ള അതിരുകടന്ന വൈകാരികതയാൽ അവർക്കെതിരെ നിയമയുദ്ധത്തിന് തുനിയാൻ പലരും തയ്യാറാവാകുകയുമില്ല. പക്ഷേ ഹൃദയം കഠിനമാക്കിയ മക്കളോട് ഇനിയും കരുണ കാണിക്കേണ്ട കാര്യമില്ല എന്നതാണ് വാസ്തവം. വൈകാരികതയ്ക്കപ്പുറം പ്രായോഗികതയാണ് വൃദ്ധരെ നയിക്കേണ്ടത്. ഈ ലോകത്തിൽ ഏതൊരു മനുഷ്യനും തുല്യമായ ആദരവോടും മഹത്വത്തോടും എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാൻ വൃദ്ധർക്കും അവകാശമുണ്ട്. ഈ ലോകത്തിന്റെ സന്തോഷങ്ങൾ അവർക്ക് അന്യമാക്കേണ്ടതുമില്ല. അതുകൊണ്ട് വൃദ്ധരേ ഉണരൂ, നിങ്ങളുടെ സന്തോഷങ്ങൾ തിരിച്ചുപിടിക്കൂ, നിങ്ങളുടെ അവകാശങ്ങൾ തിരികെയെടുക്കൂ, ഈ ലോകത്ത് ആത്മാഭിമാനത്തോടെ തലയുയർത്തി  നടക്കൂ.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...
error: Content is protected !!