നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്‍പ്പുമാണ് അത്. സ്വന്തം വീടകങ്ങളില്‍ നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ ഈ ആധി പെരുകുന്നത്. ദേവനന്ദയെന്ന ആറുവയസുകാരിയുടെ തിരോധാനവും മരണവും അതിന്റെ ആക്കം കൂട്ടുകയും ചെയ്തു. തുടരെ തുടരെയുണ്ടായ ചില വാര്‍ത്തകളാകട്ടെ അത് ശരിവയ്ക്കുന്ന മട്ടിലുള്ളതുമായിരുന്നു. കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു അവ.. ദിവസം മൂന്നു കുട്ടികള്‍ എന്ന കണക്കില്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കാണാതെ പോകുന്ന കുട്ടികളുടെ കാര്യം പറയുമ്പോള്‍ ഇന്നും മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ആലപ്പുഴയിലെ രാഹൂല്‍ എന്ന ആറുവയസുകാരന്റെ ചിത്രമാണ്. ഇന്നും അവന്‍ എവിടെയെന്നറിയാതെ നീറിനീറിക്കഴിയുന്ന മാതാപിതാക്കള്‍. എഴുതുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം ക്രൂരതയാണെന്ന് എങ്കിലും പറയട്ടെ വീട്ടില്‍ നിന്ന് കാണാതാകുന്ന കുട്ടികള്‍ എവിടെയാണെന്നറിയാതെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ കഴിയുന്നതിനെക്കാള്‍ ഭേദമാണ് അവര്‍ മരിച്ചുപോയെന്നെങ്കിലും ഒരു തീര്‍പ്പുകിട്ടുന്നത്. കാരണം ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിക്കേണ്ടത് നേരത്തെ സംഭവിച്ചുവെന്ന് കരുതി വേദനയോടെയാണെങ്കിലും അവരതുമായി പൊരുത്തപ്പെട്ടുപോയേക്കാം.
പക്ഷേ ഒരു തീരുമാനത്തിലുമെത്താതെ ജീവിച്ചിരിപ്പുണ്ടോ ഏത് അവസ്ഥയിലായിരിക്കും അവന്‍ കഴിയുന്നത്, അവന്‍ ഉണ്ടിട്ടുണ്ടാവുമോ. ഉറങ്ങിയിട്ടുണ്ടാവുമോ എന്നെല്ലാം വിചാരിച്ച് കണ്ണീര്‍ വാര്‍ത്തുകഴിയുന്ന മാതാപിതാക്കളുടെ അവസ്ഥയല്ലേ മക്കള്‍ മരിച്ചുപോയ മാതാപിതാക്കളുടേതിനെക്കാള്‍ ഭീകരം? ആ മാതാപിതാക്കളെങ്ങനെ ഉറങ്ങും. ആത്മാവില്‍ തട്ടി ചിരിക്കും? അനുദിന വ്യാപാരങ്ങളില്‍ പൂര്‍ണ്ണമനസ്സോടെ മുഴുകും? ഇല്ല എനിക്ക് തോന്നുന്നില്ല അവര്‍ക്കൊരിക്കലും പിന്നെ സന്തോഷിക്കാനാവുമെന്ന്.. ജീവിച്ചിരിക്കെ തന്നെ ഉള്ളില്‍ മൃതദേഹങ്ങള്‍ പേറി ജീവിക്കുന്നവരാണ് അവര്‍. അവരുടെ വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും കടലോളംആഴമുണ്ട്. ഏതു പ്രായത്തിലുള്ള മക്കളുടെ നഷ്ടപ്പെടലും അവരെക്കുറിച്ചുള്ള അറിവില്ലായ്മയും അങ്ങനെ തന്നെ. അടിയന്തിരാവസ്ഥകാലത്ത് മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരെപോലെയുള്ള അച്ഛന്മാരുടെയും രാഹൂലിന്റേതുപോലെയുള്ള മാതാപിതാക്കളുടെ വേദനയും എല്ലാം തുല്യം തന്നെയാണ്. മക്കള്‍ക്കെന്തു സംഭവിച്ചു എന്ന് കൃത്യതയില്ലാത്തവരാണിവര്‍.
അവരുടെ വേദനകളെ തൂക്കിനോക്കാന്‍ ഒരു നീതിപീഠത്തിനും കഴിയുകയില്ല. ഒരു വശത്ത് കാമുകനും സ്വന്തം സുഖങ്ങള്‍ക്കും വേണ്ടി സ്വന്തം കുഞ്ഞിനെ ഏതുവിധേനയയും കൊലപ്പെടുത്താന്‍ മടിയില്ലാത്ത ശരണ്യയെപോലെയുള്ള അമ്മമാര്‍ പെരുകുമ്പോള്‍ ദേവനന്ദയെ പോലെയുളള കുഞ്ഞുങ്ങളുടെ നഷ്ടമാകലിനെ ഏതുരീതിയിലാണ് ഉപമിക്കേണ്ടതെന്നറിയാതെ മനസ്സ് വിഷമിക്കുന്നു. കുഞ്ഞുങ്ങളെ കരുതലോടെ നോക്കിയിരിക്കാത്തതുകൊണ്ടുമാത്രമാണോ അവര്‍ അപ്രത്യക്ഷരാകുന്നത്. അങ്ങനെ മാതാപിതാക്കളെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. എങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കുറെക്കൂടി കണ്ണും കാതും തുറന്നുവയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് തോന്നുന്നു.
അത്തരത്തിലുള്ള അടയാളപ്പെടുത്തലുകളാണ് ഓരോ ദിനവും വന്നുകൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍. മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ രാവുകള്‍ക്കുംപകലുകള്‍ക്കും ഇനി സമാധാനമില്ല. കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും. ഏതുതരത്തിലാണ് അവരെ തങ്ങളുടെ ചിറകിലൊതുക്കി സംരക്ഷിക്കാന്‍ കഴിയുന്നത്. അവരുടെ നിസ്സഹായതയും നെടുവീര്‍പ്പും അതുതന്നെ.