ക്യാൻവാസിലെ കവിതകൾ

Date:

spot_img

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ കവിതയും മറുപാതിയിൽ ചിത്രരചനയും നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ ഏതിനോടാണ് കൂടുതലിഷ്ടം എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയെന്നേ അദ്ദേഹത്തിന് മറുപടി പറയാനുള്ളൂ. കാരണം രണ്ടും ഒാരോതരത്തിൽ അദ്ദേഹത്തിന് ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ്.

നന്നേ ചെറുപ്പം മുതൽക്കേ വരച്ചുതുടങ്ങിയിരുന്നു സുനിൽ. ഭൂരിപക്ഷം കുട്ടികളെയും പോലെ ദൈവത്തിന്റെയും പ്രകൃതിയുടെയുമൊക്കെ ചിത്രങ്ങളായിരുന്നു അവയിൽ പലതും. എന്നാൽ ആ വരകളിൽ ഭാവിയിലെ ഒരു ചിത്രകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നും തന്റെ വഴി വരയുടേതായിരിക്കുമെന്നും അന്ന് സുനിൽ കരുതിയിരുന്നതേയില്ല. പക്ഷേ വരയിലേക്ക് വഴിതിരിയാനും വഴിയായി വര കണ്ടെത്താനുമായിരുന്നു സുനിലിന്റെ നിയോഗം. അതിന് നിമിത്തമായതാവട്ടെ മറ്റ് പല കലാകാരന്മാരെയും പോലെ സ്കൂൾ തന്നെയായിരുന്നു.

അന്ന് ചിത്രരചനമത്സരങ്ങളിലെല്ലാം പതിവായി പങ്കെടുത്തിരുന്നത് സുനിലിന്റെ ക്ലാസിലെ ഒരു വിദ്യാർത്ഥിയായിരുന്നു. ചിത്രകാരൻ എന്ന് പരക്കെ അവന് മേൽവിലാസം പതിയുകയും ചെയ്തിരുന്നു. പതിവുപോലെ സബ് ജില്ല കലോത്സവത്തിനായി തിരഞ്ഞെടുക്കപ്പെട്ടതും ആ കുട്ടി തന്നെയായിരുന്നു. അപ്പോഴാണ് തനിക്കും മത്സരത്തിൽ പങ്കെടുക്കണമെന്ന അടക്കിവച്ച മോഹം ആ നാലാം ക്ലാസുകാരൻ അധ്യാപകനോട് പങ്കുവച്ചത്. രണ്ടുപേരിൽ ആരെ സബ്ജില്ലയിലേക്ക് അയക്കും എന്ന വിഷമസന്ധി ഉടലെടുത്തതോടെ രണ്ടുപേർക്കു മാത്രമായി ഒരു ചിത്രരചനാ മത്സരം നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ സുനിലിനും മറ്റേക്കുട്ടിക്കുമായി സ്കൂൾ ലെവലിൽ മത്സരം നടത്തി. അതുവരെയുള്ള പാരമ്പര്യത്തെ തിരുത്തിയെഴുതികൊണ്ട് സുനിലിനെയാണ് സബ്ജില്ലാ കലോത്സവത്തിനായി സ്കൂളിൽ നിന്ന് അയച്ചത്. അവിടെ നിന്ന് ജില്ലാതലത്തിലേക്കും സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ഒളിച്ചുവച്ചിരുന്ന നിധി പുറത്തെടുത്തവനെപോലെ സ്കൂളിൽ സുനിൽ ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനാകുകയായിരുന്നു. വരയുടെ ഒഴുക്ക് അവിടം മുതൽക്ക് ആരംഭിക്കുകയായിരുന്നു.

അവധിദിനങ്ങളിലും സമയം കിട്ടുമ്പോഴുമെല്ലാം സുനിൽ വരകൾ കൊണ്ട് നിറങ്ങൾ കൊണ്ട് കടലാസുകൾ നിറച്ചു. പ്രകൃതിദൃശ്യങ്ങളും വ്യക്തികളുമെല്ലാം ചിത്രങ്ങളിൽ നിറഞ്ഞെങ്കിലും ദൈവത്തിന്റെ ചിത്രങ്ങൾ ഇങ്ങനെ അലസമായി കോറിയിടുന്നത് വീട്ടുകാരെ അസ്വസ്ഥപ്പെടുത്തി. വരാന്തയിലും മുറ്റത്തുമെല്ലാം നിറങ്ങളിൽ നിറഞ്ഞ് വ്യക്തികളും സ്ഥലങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടപ്പോൾ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഭിക്ഷാംദേഹിയായ ഒരു ജ്ഞാനവൃദ്ധനാണ് വീട്ടുകാരോട് ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ ഉപദേശിച്ചത്. അന്നുമുതൽ ചിത്രരചനയ്ക്ക് കൂടുതൽ അടുക്കും ചിട്ടയും വന്നു. വരയ്ക്കുന്നവ സൂക്ഷിച്ചുവയ്ക്കാനും നോട്ടുബുക്കുകളിൽ ചിത്രം വരയ്ക്കാനും തുടങ്ങിയത് അതോടെയാണ്.
എവിടെ നിന്നോ വന്ന് എവിടേയ്ക്കോ പോകുന്ന ആ ജ്ഞാനവൃദ്ധൻ വരയുടെ ലോകത്തിലേക്ക് തന്നെ നയിച്ച ആദ്യവ്യക്തികളിലൊരാളായിട്ടാണ് സുനിൽ ജോസ് സ്മരിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് പ്രോത്സാഹനം നല്കിയ ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും ഒപ്പം തന്നെയാണ് ആ വൃദ്ധനെയും അദ്ദേഹം ചേർത്തുനിർത്തിയിരിക്കുന്നത്.

ഭൂരിപക്ഷം ചെറുപ്പക്കാരുടെയും സാധാരണ വഴികളിൽ നിന്ന് വ്യത്യസ്തമായി മുതിർന്നതിന് ശേഷം സന്യാസത്തിലേക്ക് ചേക്കേറിയപ്പോഴും സുനിൽ ജോസിനെ വര വിട്ടുപോയില്ല. പിരിഞ്ഞുപോകാത്ത ആ ചങ്ങാതിയെ നെഞ്ചോടു ചേർത്തുവച്ച് സന്യാസവും ചിത്രരചനയും കൂടെക്കൂട്ടി അദ്ദേഹം ദൈവത്തിന്റെ പ്രതിപുരുഷനുമായി. ഹൃദയത്തിന്റെ താളമായും കരത്തിലെ അടയാളമായും വര സുനിലിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നു.സിഎംഎെ സന്യാസസമൂഹത്തിലെ അധികാരികളും സഹസന്യാസിമാരും പ്രോത്സാഹനങ്ങളും നല്കിയതോടെ സുനിലിന്റെ വരകൾക്ക് കുറെക്കൂടി രൂപവും മികവും കൈവരുകയും ചെയ്തു. എഴുത്തുംവരയും ഒന്നുപോലെ കൊണ്ടുനടക്കുന്ന പ്രതിഭകൾ കുറവാണ്. അവിടെയാണ് സുനിൽ ജോസിന്റെ സ്ഥാനം സവിശേഷമായി നമുക്ക് അടയാളപ്പെടുത്തേണ്ടിവരുന്നത്.

യഥാതഥമായ ചിത്രീകരണങ്ങളോട് പൊതുവെ ഇൗ ചിത്രകാരന് ആഭിമുഖ്യം കുറവാണ്. ഫോട്ടോഗ്രഫി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് അത്തരം ചിത്രീകരണങ്ങളുടെ പ്രസക്തി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസവും. അതുകൊണ്ടുതന്നെ അമൂർത്തമായ രീതിയിലുള്ളവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളേറെയും. കൂടുതൽ സാധ്യതകൾ നല്കുന്നവയാണ് ഇവയെന്നും അദ്ദേഹം വിശ്വസിക്കുന്നു.

സാമൂഹ്യജീവിയായി ജീവിക്കുമ്പോഴും ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ഒറ്റയ്ക്കായി പോകുന്ന മനുഷ്യാവസ്ഥകൾ സുനിൽ അനേകം ചിത്രങ്ങൾക്ക് വിഷയമായി സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനും അവന്റെ വ്യഥകളും സംത്രാസങ്ങളും സ്വപ്നങ്ങളും ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ നിഴൽവിരിച്ചുനില്ക്കുന്നുണ്ട്.
വർത്തമാനകാലത്തിലെ മനുഷ്യാവസ്ഥകളുടെ ചിത്രീകരണങ്ങളാണ് സുനിലിന്റെ ചിത്രങ്ങൾ. ആകാശം പോലെ നീലിമയാർന്നവയാണ് സുനിലിന്റെ ചിത്രങ്ങളേറെയും. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നിറവും നീലയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.എങ്കിലും ബോധപൂർവ്വം നീല നിറം ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ആക്രിലിക്ക് ഒായിൽ പെയിന്റുകളാണ് സുനിൽ ഏറെയും ചെയ്തിരിക്കുന്നത്. വേഗത്തിൽ വരയ്ക്കുന്ന ഒരാളായതുകൊണ്ട് തനിക്ക് പറ്റിയ മാധ്യമമായി സുനിൽ തിരഞ്ഞെടുത്തിരിക്കുന്നതും അതുതന്നെയാണ്.

company of artists for radiance of peace (carp) എന്ന കൂട്ടായ്മയുടെ ഭാഗമായി നിരവധി ക്യാമ്പുകളിൽ സുനിൽ ജോസ് പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായിട്ടാണ് ഇൗ ക്യാമ്പ് നടത്തുന്നത്. ഒരേപോലെ ചിന്തിക്കുകയും ഒരേ തരംഗദൈർഘ്യത്തോടെ മുന്നോട്ടുപോകാൻ കഴിയുകയും ചെയ്യുന്ന ചിത്രകാരന്മാർ ഒരുമിച്ചുകൂടി സംവദിക്കുകയും ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇത്തരം ക്യാമ്പുകൾ ചിത്രരചനയുടെ പുതിയ ലോകങ്ങൾ തനിക്ക് തുറന്നുതന്നിട്ടുണ്ടെന്ന് സുനിൽ വ്യക്തമാക്കുന്നു. ചിത്രരചനയെക്കുറിച്ചുള്ള വിവിധ അറിവുകൾ ലഭിക്കാനും ഇവയേറെ സഹായകമാണ്. ഇപ്പോൾ സ്കൂൾ കുട്ടികൾക്കായി കാർപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വരയുടെ ലോകത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടത്ര നിർദ്ദേശങ്ങളും തിരുത്തലുകളും പ്രോത്സാഹനങ്ങളും നല്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ മലയാളം അധ്യാപകനായ സുനിൽ ജോസ് കണ്ണൂർ മാങ്ങോട് സ്വദേശിയാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാധ്യമപഠനത്തിൽ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്.

ഇരുപുറത്തിൽ കവിയാതെ പിന്നെയും, പൂവുകൾ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങൾ, ഹുയാൻ സാങിന്റെ കൂട്ടുകാരി എന്നിവയാണ് പ്രമുഖ കൃതികൾ. സിബിഎസ് ഇ സിലബസിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള മലയാളം പാഠപുസ്തകമായ “പ്രിയ മലയാളം’ പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നതും ഇദ്ദേഹമാണ്. നിരവധി പുസ്തകങ്ങൾക്ക് കവറും ഇല്ലസ്ട്രേഷനും ചെയ്തിട്ടുമുണ്ട്.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!