അവിനാശിയിലെ കണ്ണീര്‍പ്പുക്കള്‍

Date:

spot_img

എത്രയോ പേരുടെ കാത്തിരിപ്പുകള്‍, എത്രയെത്ര സ്വപ്‌നങ്ങള്‍.  ഒന്നും സഫലമാകാതെ പാതിവഴിയില്‍ നിലച്ചുപോയപ്പോള്‍ ചിതറിത്തെറിച്ചത് 19 ജീവനുകള്‍. കേരളത്തിന്റെ  നെഞ്ചിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമരണം. അതാണ് കഴിഞ്ഞ ദിവസം സേലം കൊച്ചി ദേശീയപാതയായ അവിനാശിയില്‍ സംഭവിച്ചത്.

ബസിലുണ്ടായിരുന്നത് 48 യാത്രക്കാര്‍  അവരില്‍ മരണമടഞ്ഞത് 19 പേര്‍. മരണമടഞ്ഞവരുടെ പ്രായം നോക്കുമ്പോള്‍ മനസ്സിലാകുന്നത് അവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നുവെന്നാണ്. 21 ഉം 24 ഉം മുപ്പത്തിമൂന്നുമൊക്കെ പ്രായമുണ്ടായിരുന്നവര്‍. ജീവിച്ചുതുടങ്ങിയവരും സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി തേടിയിരുന്നവരും. എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷയും ആശ്രയവും ആയിരുന്നവരുമുണ്ട് അക്കൂട്ടത്തില്‍.

പ്രായത്തിന്റെ കുറവോ കൂടുതലോ മരണം പോലെയുള്ള ഒരു യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ പരിഗണനാര്‍ഹമായ വിഷയമാകുന്നില്ല. കാരണം ജീവനുകള്‍ക്കെല്ലാം ഒരേ വിലയും ഒരേ മൂല്യവുമാണ്. ഓരോ അപകടമരണവും നടക്കുമ്പോള്‍ അവയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കാറുണ്ട്. അതിനടുത്ത ദ ിവസങ്ങളില്‍ ചില ചര്‍ച്ചകളും എഴുത്തുകളും ഒഴിവാക്കിയാല്‍ അതോടെ ആ സംഭവം മറന്നുപോകുകയാണ് പതിവ്. അപകടത്തിന്റെ കാരണങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കാനുള്ള നടപടികളും ഉണ്ടാകാറില്ല.

അവിനാശിയിലെ ദുരന്തത്തിന് കാരണമായത് ട്രക്ക് ഡ്രൈവര്‍ ഉറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നര്‍ ട്രക്കിന്റെ മുന്‍ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന ഡ്രൈവറുടെ വാദം മോട്ടര്‍ വാഹനവകുപ്പ്് തള്ളിക്കളഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ആദ്യത്തെ സാധ്യതയിലേക്ക് തന്നെയാണ് എല്ലാവിരലുകളും ചൂണ്ടുന്നത്. മാത്രവുമല്ല വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതലും സംഭവിക്കുന്നതും പുലര്‍്‌ച്ചെയാണെന്നാണ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ പഠനം പറയുന്നതും.

ഇത് സത്യമാണെന്നിരിക്കെ ഇതിനെതിരെയുള്ള മുന്‍കരുതലുകള്‍ നാം എടുക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയരുന്നു. അഞ്ചുദിവസമായി തുടര്‍ച്ചയായി വാഹനമോടിക്കുന്ന ട്രക്ക് ്‌ഡ്രൈവര്‍മാരുണ്ടെന്ന വാര്‍ത്ത ആരെയാണ് ഞെട്ടിക്കാത്തതായുള്ളത്?

ട്രക്ക് ഡ്രൈവര്‍മാരും മനുഷ്യരാണ്. പൈദാഹങ്ങളും ഉറക്കവുമെല്ലാമുള്ള മനുഷ്യര്‍. അവരെ യന്ത്രങ്ങളെപോലെ പരിഗണിക്കുന്ന അധികാരവര്‍ഗ്ഗത്തിനും വ്യവസ്ഥയ്ക്കും ഇത്തരം അപകടങ്ങളില്‍ പ്രധാനപ്പെട്ടതായ പങ്കുതന്നെയുണ്ട് അവരുടെ ജീവന്‍ പ്രധാനപ്പെട്ടതാകുന്നതുപോലെ തന്നെ മറ്റുള്ളവരുടെ ജീവനുകളുടെ സംരക്ഷണവും അവരുടെ കൈകളിലാണ്.
വാഹനമോടിക്കുന്നവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതുപോലെ വാഹനമോടിക്കുന്നവര്‍ മതിയായി ഉറങ്ങിയിട്ടുണ്ടോ എന്ന് കണ്ടറിയാനും കൂടി അന്വേഷണം വേണം. ഉറങ്ങിയിട്ട് മതി ഇനി തുടര്‍യാത്രയെന്ന് ഡ്രൈവര്‍മാരും തീരുമാനിക്കണം. അതിന് വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും ക്രമീകരിക്കപ്പെടുകയും വേണം.

അങ്ങനെയെങ്കില്‍ മാത്രമേ ഉറക്കംമൂലം വഴിതെളിക്കുന്ന അപകടങ്ങളില്‍ നിന്ന് ഒരുപരിധിവരെ രക്ഷനേടാന്‍ കഴിയൂ. വണ്ടിയോടിക്കുന്നവര്‍ എല്ലാവരും തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവന്റെ സംരക്ഷകരാണ്.
റോഡുനിയമങ്ങള്‍ ഒരാള്‍ മാത്രം പാലിക്കേണ്ടതുമല്ല. എല്ലാവരുടെയും ഉത്തരവാദിത്തവും കടമയുമാണ് അത്. ജാഗരൂകതയോടെയും ജീവനോടുള്ള ആദരവോടെയും വാഹനമോടിക്കുക.
ഒരു ജീവന്‍ പോലും എന്റെ അശ്രദ്ധകൊണ്ട് ആര്‍ക്കും നഷ്ടമാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയും ആഗ്രഹവും ശ്രമവും ഓരോ ഡ്രൈവര്‍മാരുടെയും ഭാഗത്തുനിന്നുണ്ടാകണം.

അവിനാശിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് അന്ത്യാഞ്ജലികള്‍.. അവരുടെ പ്രിയപ്പെട്ടവരുടെ വേദനകള്‍ക്ക് ഒപ്പം…

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!