കാമുകനൊപ്പം ജീവിക്കാൻ സ്വന്തം അമ്മ കുഞ്ഞിനെ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ കുറിപ്പ് ആരും വായിക്കാതെ പോകരുത് ..

Date:

spot_img

വിയാനെന്ന ഒന്നര വയസ്സുള്ള പിഞ്ചോമനയെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം അമ്മ നിഷ്ഠൂരമായി കടൽഭിത്തിയിലെ കരിങ്കൽ പാറയിലേക്കെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നാമേവരും. ഒരമ്മക്ക് ഇത്രയും ക്രൂരയാകാൻ എങ്ങനെ സാധിക്കുന്നു എന്നാലോചിച്ച് മൂക്കത്ത് വിരൽ വെക്കുയാണ് എല്ലാവരും.

മുമ്പും പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന അമ്മമാരെ കുറിച്ചുള്ള വാർത്തകൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ ഭൂരിഭാഗവും കാമുകന്മാർക്കൊപ്പം ജീവിച്ചതിൻ്റെ തെളിവില്ലാതാക്കാൻ വേണ്ടി ചെയ്ത കൊലപാതകങ്ങളായിരുന്നു. അതായത് അവിഹിത ഗർഭത്തിലുണ്ടായ കുഞ്ഞുങ്ങളായിരുന്നു അവരുടെ മാതാപിതാക്കളുടെ കൈ കൊണ്ട് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ആ കുഞ്ഞുങ്ങൾക്ക് നിഷേധിച്ചത്. ഇത്തരം കൊലപാതകങ്ങൾ വർധിച്ചപ്പോഴാണ് 2002 ൽ സംസ്ഥാന സർക്കാർ അമ്മത്തൊട്ടിൽ എന്ന ആശയം അവതരിപ്പിച്ചത്.അമ്മത്തൊട്ടിൽ വന്നതിൽ പിന്നെ നൂറുകണക്കിന് കുട്ടികൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം ലഭിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നമ്മുടെയെല്ലാം പ്രിയങ്കരിയായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളാകെ ഹൈടെക്ക് സാങ്കേതിക വിദ്യയിലേക്കുയർത്തി. ഇതു പ്രകാരം പ്രത്യേകം തയ്യാറാക്കിയ കെട്ടിടത്തിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന തൊട്ടിലില്‍ ഉപേക്ഷിക്കുന്ന സ്വന്തം കുഞ്ഞിനെ കിടത്തി അമ്മയ്ക്ക് മടങ്ങാം. തൊട്ടിലില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. കുഞ്ഞുമായി അമ്മ വരുന്നത് സാങ്കേതിക വിദ്യകളുടെ സഹായത്താൽ മനസ്സിലാക്കി വാതിൽ സ്വമേധയാ തുറക്കുന്നു. വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ അരുത് കുഞ്ഞിനെ ഉപേക്ഷിക്കരുത് എന്നുള്ള ഉപദേശം അമ്മയെ അവിടെ സജ്ജീകരിച്ചിരിക്കുന്ന സ്പീക്കറുകളുടെ സഹായത്തോടെ കേൾപ്പിക്കുന്നു. എന്നിട്ടും അമ്മ പിന്തിരിയുന്നില്ലെങ്കിൽ അമ്മതൊട്ടിലിൻ്റെ വാതിൽ തുറക്കപ്പെടുന്നു. അതിൽ കുഞ്ഞിനെ കിടത്തി അമ്മക്കു മടങ്ങാം. സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകള്‍ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലില്‍ കുട്ടികളെത്തുന്ന തത്സമയത്തു തന്നെ ജില്ലാകളക്ടര്‍, സമിതി അധികൃതര്‍ എന്നിവര്‍ക്ക് സന്ദേശമെത്തും. തൊട്ടിലില്‍ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ വരെ ഈ ആപ്പിലുടെ അധികൃതര്‍ക്ക് സന്ദേശമായി എത്തും.

ഈ സംവിധാനം വഴി ഒരിക്കലും അമ്മയുടെ ചിത്രങ്ങൾ പകർത്തുന്നതല്ല. അമ്മക്കെതിരെ യാതൊരു തരത്തിലുളള നിയമ നടപടികളുമുണ്ടാകുന്നതല്ല.കുഞ്ഞിനെ സർക്കാർ സംരക്ഷിക്കും.യോഗ്യരായ അപേക്ഷകരുണ്ടെങ്കിൽ കുഞ്ഞിനെ സർക്കാർ ദത്തു നൽകും. എന്തു തന്നെയായാലും ആ കുഞ്ഞുങ്ങൾ നല്ല രീതിയിൽ ജീവിക്കുമെന്നുറപ്പ്, എനിക്ക് ശരണ്യയെ പോലുള്ള അമ്മമാരോട് പറയാനുള്ളതിതാണ്. നിങ്ങൾ സുഖം തേടി പൊക്കോളൂ. പക്ഷേ ആ സുഖജീവിതത്തിന് തടസ്സമെന്ന രീതിയിൽ ഒരിക്കലും എട്ടും പൊട്ടും തിരിയാത്ത, നാളെയുടെ പ്രതീക്ഷകളായ നിങ്ങളുടെ കുഞ്ഞുങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്തു കൊണ്ടാകരുത്.

ഇനിയെനിക്ക് പറയാനുള്ളത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോടാണ്. സാർ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മൾ രാജ്യത്ത് മുൻപന്തിയിലാണ്.അടച്ചു പൂട്ടലിൻ്റെ വക്കിലായിരുന്ന സർക്കാർ വിദ്യാലയങ്ങളെ വീണ്ടെടുത്തതും സംസ്ഥാനമൊട്ടാകെ ഹൈടെക് ക്ളാസ് റൂമുകൾ സജ്ജീകരിക്കുന്നതുമെല്ലാം അഭിനന്ദനീയം തന്നെ. ഫിസിക്സ്, കെമിസ്ട്രി, ഭാഷ, കണക്ക് എന്നിവയൊക്കെ പഠിപ്പിക്കുന്ന അതേ പ്രാധാന്യത്തിൽ തന്നെ എങ്ങനെ ഒരു നല്ല വ്യക്തിയായി, സമൂഹത്തോട് ചേർന്ന് ജീവിക്കാം എന്നതും സിലബസിലേർപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും ഇന്ന് ജാതിമത ചിന്തകളും, മറ്റുള്ളവരോടുള്ള വെറുപ്പും വെച്ചു പുലർത്തുന്ന സാഹചര്യത്തിൽ.

സാർ, ഇന്ന് 15 വയസ്സിൽ പത്താം ക്ളാസ്സും, 17 വയസ്സിൽ പ്ളസ് ടു വും, 20 വയസ്സിൽ ഡിഗ്രിയും പൂർത്തീകരിക്കുന്ന പെൺകുട്ടികൾ ഭൂരിഭാഗവും ഉടനെ വിവാഹിതരായി ഒരു വർഷത്തിനുള്ളിൽ അമ്മമാരാവുന്ന കാഴ്ച സാധാരണമാണ്. അമ്മ എന്ന പദവി വഹിക്കാൻ അക്കാദമിക് യോഗ്യതകളല്ല മാനദണ്ഡം. പെട്ടെന്നൊരു നാൾ അമ്മ എന്ന ഉത്തരവാദിത്വമേറ്റെടുക്കുമ്പോൾ സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളിലൂടെയാണ് നമ്മുടെ യുവതികളായ അമ്മമാർ കടന്നു പോകുന്നത്. ഭൂരിഭാഗവും അത്തരം അവസ്ഥയുമായി പൊരുത്തപ്പെടുമെങ്കിലും മനശാസ്ത്രജ്ഞൻമാർ യുവതികളായ അമ്മമാരിലുണ്ടാകുന്ന ഡിപ്രഷൻ അതീവ ശ്രദ്ധ ചെലുത്തേണ്ടുന്ന ഒരു രോഗമാണ് എന്ന് തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു നല്ല അമ്മയാകാൻ, അഛനാകാൻ, സഹോദരനാകാൻ, സാമൂഹിക ജീവിയാകാൻ, ഉത്തമ പൗരനാകാൻ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരണം സാർ.

പിഞ്ചു കുഞ്ഞിൻ്റെ മരണം കുറേ നാളേക്ക് നമ്മുടെയെല്ലാം മനസാക്ഷിയെ വേട്ടയാടും. ആ കുഞ്ഞിനോട് സഹതാപമർപ്പിക്കാനും, ആദരാഞ്ജലിയർപ്പിക്കാനുമേ നമുക്കാവുകയുള്ളൂ. ശാസ്ത്രീയമായി ഏറ്റവും വേഗത്തിൽ കേസ് തെളിയിച്ച കേരള പോലീസിൻ്റെ കഴിവിൽ അഭിമാനമുണ്ട്. ഇനി കുറ്റക്കാരിയായ അമ്മയെ ഏറ്റവും ഉചിതമായ രീതിയിൽ ശിക്ഷിച്ചു കൊണ്ട് ആ പിഞ്ചു കുഞ്ഞിന് നീതി ലഭ്യമാക്കേണ്ട ചുമതല നീതി പീoത്തിനാണ്. ശിക്ഷയെ കുറിച്ച് ഭയമില്ലാത്ത ഒരു സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടേയിരിക്കും. കുറ്റം ചെയ്യാനാലോചിക്കുമ്പോൾ തന്നെ ശിക്ഷയെ കുറിച്ച് ഭയപ്പെടുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം നീതി പീoത്തിനുണ്ട്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!