പ്രണയത്തിന്റെ തപ്തനിശ്വാസങ്ങൾ

Date:

spot_img

പ്രണയം പോലെ മനുഷ്യനെ ഒന്നുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വികാരമുണ്ടോ? എല്ലാവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രണയം സ്വീകരിക്കാൻ കൊതിക്കുന്നവരും.
എന്നിട്ടും കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന തീർത്ഥകണം കണക്കെയാണ് മിക്ക പ്രണയങ്ങളും. കൈക്കുമ്പിളിൽ ഉണ്ടെന്ന് കരുതുമ്പോഴും അറിയാതെ, അപ്രതീക്ഷിതമായി അത് ചോർന്നുപോകുന്നു.

ഒരു പക്ഷേ പ്രണയിക്കുമ്പോഴോ പ്രണയം തിരികെ ലഭിക്കുമ്പോഴോ ആയിരിക്കില്ല പ്രണയത്തിന്റെ വില അറിയുന്നത്. ഒരിക്കലും പ്രണയിക്കപ്പെടാതെ വരുമ്പോഴോ പ്രണയം തിരികെ ലഭിക്കാതെ വരുമ്പോഴോ.അപ്പോൾ മാത്രം പ്രണയം എന്താണെന്ന് നാം തിരിച്ചറിയുന്നു.


തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനെ പ്രേമത്തിന്റെ രുചിയറിയൂ എന്ന് യൂസഫലി കേച്ചേരി എഴുതിയത് അതുകൊണ്ടാവാം.
പ്രണയം നഷ്ടമാകുന്നതോ പ്രണയിക്കാതെ പോകുന്നതോ അല്ല വേദനയെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയങ്ങളാണ് വേദനാകരം. നല്കുന്ന പ്രണയത്തെ പുറംകാൽ കൊണ്ട് ചവിട്ടി മെതിച്ചു കടന്നുപോകുന്നതാണ് സങ്കടകരം. പ്രണയഭാവങ്ങളുടെയും ഹൃദയസ്നേഹത്തിന്റെയും അടയാളമായി വച്ചുനീട്ടുന്ന പനിനീർപുഷ്പങ്ങൾ നിസ്സാരമെന്ന് കരുതി വലിച്ചെറിഞ്ഞുകളയുമ്പോൾ ഓ… അതെന്റെ ഹൃദയമായിരുന്നു എന്ന് ബഷീറിനെപോലെ നിസ്സാരവല്ക്കരിക്കാൻ നാമാരും അത്രമേൽ നിസ്സംഗരുമല്ലല്ലോ.

അറിയാതെ പോകുന്ന പ്രണയത്തിന്റെ തപ്തനിശ്വാസങ്ങൾ അതാ സുഗതകുമാരിയിലും മുഴങ്ങികേൾക്കുന്നു.

കാടിന്റെ ഹൃത്തിൽ കടമ്പിന്റെ ചോട്ടിൽ
നീയോടക്കുഴൽ വിളിക്കുമ്പോൾ
പണിയുമുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാലൊഴുകി മറിയുന്നതോർക്കാതെ
വിടുവേല തീർക്കാതെ,
ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കൺനിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാൻ
വല്ലവികളൊത്ത് നിൻചാരെ
കൃഷ്ണാ നീയെന്നെ അറിയില്ല
എന്നാണ് സുഗതകുമാരിയുടെ വേദന.

പ്രണയത്തിന്റെ തീവ്രതയിൽ നാം എന്തെല്ലാം പറഞ്ഞിരുന്നു അന്ന്. ഒരേ ഹൃദയത്തോടെയും ഒരേ വിചാരത്തോടെയും നാം പങ്കുവച്ചവ എത്രയെത്ര കാര്യങ്ങളായിരുന്നു. പക്ഷേ പിന്നീട് തിരിഞ്ഞു നിന്ന് ആലോചിക്കുമ്പോൾ മനസ്സിലാവുന്നു

അറിഞ്ഞതിൽ പാതി പറയാതെ പോയി
പറഞ്ഞതിൽ പാതി പതിരായും പോയി

പ്രണയത്തിന്റെ മധ്യാഹനത്തിൽ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോയ ആ ദിവസത്തെക്കുറിച്ച് ഓർമ്മിക്കുന്നു. നട്ടുച്ചയ്ക്കിരുട്ട് എന്ന പ്രയോഗം അന്വർത്ഥമായതുപോലെ.. അതെ, ആ രാത്രി അങ്ങനെയൊരു രാത്രിയായിരുന്നു.
അന്ന് മനസ്സിന്റെ വിങ്ങലുകളിൽ നിന്ന് എന്നോ വായിച്ച കവിയുടെ വരികൾ ഇങ്ങനെ ആർത്തലച്ചു.

ഈ രാത്രിയാകുമെനിക്കേറ്റവും
ദുഃഖ പൂരിത വരികളെഴുതുവാൻ

പ്രണയവിജയങ്ങളല്ല പ്രണയമാമാങ്കങ്ങളുമല്ല അനശ്വരസൃഷ്ടികൾക്ക് ജീവൻ നല്കിയത്. ഓരോ സങ്കടങ്ങളിൽ നിന്നായിരുന്നു കാലത്തെ അതിജീവിച്ച കവിതകളുടെ പിറവി. ഓരോ കവിതയും സങ്കടങ്ങളുടെ വഴിയോരങ്ങളിൽ നിന്ന് ജീവിതത്തിന്റെ വരമ്പിലേക്ക് പ്രണയത്തിന്റെ കൈപിടിച്ച് കൂട്ടുവന്നവയായിരുന്നു. എന്നോ ഒരിക്കൽ വേർപിരിയേണ്ടവരാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടായിരുന്നു. കാരണം മൗനം ഇടയ്ക്കെപ്പോഴോ അസ്വസ്ഥകരമായ മതിൽക്കെട്ടുകൾ തീർത്തിരുന്നു.

അടുത്തിരിക്കവെ നാം അന്യോന്യം
അകലുന്നു
ഇടയിൽ മൗനത്തിന്റെ
മതിൽക്കെട്ടുകളുയരുന്നു

എത്രകാലം ഞാനീ പ്രണയത്തിന്റെ ഭാരം ചുമലിലേറ്റി നടക്കണം. എത്രകാലം ഞാൻ നിന്റെ ഓർമ്മകളുടെ തീ തിന്ന് അലയണം? അറിയില്ല.. ജന്മാന്തരങ്ങൾക്കപ്പുറത്തേക്കും നീളുന്ന പ്രണയത്തിന്റെ മിഴിമുനയായി ഞാൻ നിന്നെ എന്നും പിന്തുടർന്നുകൊണ്ടേയിരിക്കും.
മതിയെന്ന് നീ പറയുമ്പോഴല്ല.. എനിക്ക് മതിയെന്ന് തോന്നുമ്പോൾ
അരുത് എന്ന് നീ പറയുമ്പോഴല്ല അരുത് എന്ന് ഞാനെന്നോട് പറയുമ്പോൾ..
നീ മരിക്കുമ്പോഴല്ല, എന്റെ ഉള്ളിലെപ്രണയത്തിന്റെ അവസാനത്തെ അംശവും നിർജീവമായിക്കഴിയുമ്പോൾ..

പ്രണയമാണോമനേ
നിന്നെക്കുറിച്ചുള്ള പ്രണയമെനിക്കെന്തൊരാനന്ദമാണോമനേ എന്ന് ചുള്ളിക്കാടിനെപോലെ ഞാനും പാടുന്നു.
ഒടുവിൽ മധുസൂദനൻ നായരെപോലെയും
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത്
സ്വർഗ്ഗംവിളിച്ചാലും…
കാരണം,
നീയില്ലാത്ത സ്വർഗ്ഗം നരകമാണെനിക്ക്… നീ ഒപ്പമുള്ള നരകം സ്വർഗ്ഗവും.

More like this
Related

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!