ആരാണ് മുതലാളി?

Date:

spot_img

നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് പുളിയന്മലയിൽ നിന്ന് ഒരാൾ എന്റെ വണ്ടിക്ക് കൈ കാണിച്ചത്. ഞാൻ കാർ വഴിയുടെ ഓരത്തായി നിർത്തി. അയാൾ കട്ടപ്പനയിലേക്കായിരുന്നു. ഡോർ തുറന്ന് അയാൾ അകത്തുകയറി. പല യാത്രകളിലും ഞാൻ ഇതുപോലെ വഴിയാത്രക്കാരെ കാറിൽ കയറ്റികൊണ്ടുപോകാറുണ്ട്.സ്ത്രീകളെയൊഴിച്ച്. കാലം നല്ലതല്ലല്ലോ? വഴിയാത്രയിൽ കൂടെ കൂട്ടുന്നവരെല്ലാം എനിക്കൊരോ പാഠപുസ്തകങ്ങളാണ്.

സരസനായ ഒരു വ്യക്തിയായിരുന്നു അയാൾ. പലതും സംസാരിച്ചു പോകവെ അയാൾ പെട്ടെന്ന് എന്നോട് ചോദിച്ചു. ആരാണച്ചോ മുതലാളി? നല്ല ചോദ്യം. ആരാണ് മുതലാളി. ഞാൻ എന്തെങ്കിലും ഉത്തരം പറയുന്നതിന് മുമ്പ് അയാൾ തന്നെ മറുപടിയും പറഞ്ഞു.

ഉള്ളത് മതിയെന്ന് പറയാൻ കഴിയുന്നവനാണ് മുതലാളി.
അത് വല്ലാത്തൊരു ചിന്തയായിരുന്നു. എന്റെ അന്തരാത്മാവിലേക്കാണ് ആ വാക്കുകൾ പ്രകാശമായി കടന്നുചെന്നത്. ആർത്തിയുടെയും അത്യാർത്തിയുടെയും ഇക്കാലത്ത്, എത്ര കിട്ടിയാലും തൃപ്തിയാകാത്തവരുടെ ഇക്കാലത്ത് ഉള്ളത് മതിയെന്ന് പറയാൻ കഴിയുന്നവൻ മുതലാളി. ഇന്ന് ലോകത്ത് മുതലാളിമാരുടെ പട്ടികയിൽ പല മലയാളികളുമുണ്ട്. എന്നിട്ടും അവരിൽ ഒന്നാമനാകാൻ ശ്രമിക്കുന്നവരുണ്ട്. കിട്ടിയതുകൊണ്ട് തൃപ്തിവരാത്തവർ. ഇനിയും പണം. ഇനിയും ബിസിനസിൽ വൻ വിജയങ്ങൾ.. വെട്ടിപിടിക്കാൻ ഇനിയും എന്തൊക്കെയോ… അവർക്കൊരിക്കലും മതിയാവുകയില്ല. മരണം വന്നെത്തുന്ന നേരത്തും അവരുടെ മനസ്സ് പണത്തിനും നേട്ടങ്ങൾക്കും പിന്നാലെയായിരിക്കും. പുറമേയ്ക്ക് വിജയികളായി പ്രത്യക്ഷപ്പെടുന്ന അവരൊരിക്കലും സംതൃപ്തരായിരിക്കുകയില്ല. കാരണം ഉള്ളതു മതിയെന്ന് പറയാൻ അവർക്ക് കഴിയില്ല.

ഉള്ളതു മതിയെന്ന് പറഞ്ഞ് ജീവിക്കുന്നവരാണ് മുതലാളിയെങ്കിൽ അങ്ങനെയുള്ള ഒരുപാട് മുതലാളിമാരെ ഇക്കാലയളവിൽ കണ്ടുമുട്ടിയിട്ടുണ്ട്. പെട്ടെന്ന് ഓർമ്മവരുന്നത് തിരുവനന്തപുരത്ത് ഓട്ടോ ഓടിക്കുന്ന രാജനെയാണ്.

ജീവിതത്തിൽ ഇത്രയധികം സംതൃപ്തനായ ഒരു മനുഷ്യൻ വേറെയുണ്ടോയെന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. ദിവസം ആയിരമോ ആയിരത്തിയിരുന്നൂറോ രൂപ ഓട്ടോ ഓടിച്ച് കിട്ടി, അതിൽ നിന്ന് വീട്ടുസാമാനങ്ങളും പച്ചക്കറിയും കുട്ടികൾക്ക് മിഠായിയും വാങ്ങി വീട്ടിലെത്തി, പത്തോ നൂറോ രൂപ ഭാര്യയുടെ കയ്യിലേക്ക് സൂക്ഷിക്കാനായി വച്ചുകൊടുക്കുകയും ചെയ്യുമ്പോൾ രാജനെപോലെയുള്ളവർ അനുഭവിക്കുന്ന സംതൃപ്തി എത്രയോ വലുതാണ്. ശരിക്കും രാജനെപോലെയുള്ളവരാണ് യഥാർത്ഥ മുതലാളിമാർ. അവർക്ക് വിശപ്പുണ്ട്, ശോധനയുണ്ട്, ഉറക്കമുണ്ട്. പക്ഷേ പ്രഷറില്ല, ഹൃദ്രോഗമില്ല, ഷുഗറില്ല.
അന്നന്നുവേണ്ടുന്ന ആഹാരം തരണമേയെന്ന പ്രാർത്ഥനയുടെ പൊരുൾ ഇത്തരം ചില സന്ദർഭങ്ങളിലാണ് കൂടുതൽ വ്യക്തമാകുന്നത്. ഓരോ ദിവസത്തിനും അതിന്റേതായ ആകുലതകളും സമ്മർദ്ദങ്ങളും മതിയാകും. നാളെ നമ്മൾ ജീവിച്ചിരിക്കുമോ എന്നുപോലും നിശ്ചയമില്ലാതെയാണ് പല കാര്യങ്ങളും ശേഖരിച്ചുകൂട്ടുന്നത്.
ആരാണ് മുതലാളിയെന്ന കൊച്ചുചിന്ത ഇതിനകം പതിനായിരങ്ങളോട് ഞാൻ പങ്കുവച്ചിട്ടുണ്ട്. തന്റെ ഇല്ലായ്മയെക്കുറിച്ച് ചിന്തിക്കുന്നവനും കടവും കടക്കെണിയും തലയിൽ ചുമക്കുന്നവനും ഒരിക്കലും ആ കുടുക്കിൽ നിന്ന് മോചിതനാകില്ല. ചിന്തയ്ക്ക് കൈയുംകാലുമുണ്ട്. കൈ നിറയെ പണമാണെന്ന് ചിന്തിച്ചാൽ ആ ചിന്ത കൊണ്ട് തന്നെ പണക്കാരനാകാൻ കഴിയും എന്ന കാര്യവും കൂടി ഓർമ്മയിലുണ്ടാവട്ടെ.

ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!