മാർപാപ്പ മുതൽ താരങ്ങൾ വരെ

Date:

spot_img

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലർ മാധ്യമങ്ങൾ വരെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു. സംഭവത്തിൽ പിന്നീട് പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കാരണം താൻ ഒരു ദുർമാതൃകയാണ് ലോകത്തിന് നല്കിയത് എന്നതിന്റെ പേരിൽ. ഈ സംഭവം മറ്റ് പല സംഭവങ്ങളിലേക്കും നമ്മുടെ ഓർമ്മയുണർത്തുന്നുണ്ട്.

ആരാധകരും സെലിബ്രിറ്റികളും തമ്മിലുള്ള ബന്ധങ്ങളുടെ അതിരുകൾ മുതൽ എത്ര വലിയവരിലും ആത്യന്തികമായി നിറഞ്ഞുനില്ക്കുന്ന നിസ്സാരതയിലേക്ക് വരെയാണ് ആ ചിന്തകൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.

എഴുത്തുകാരും അഭിനേതാക്കളും പോലെയുള്ള നാലാൾ അറിയുന്നവരുടെയെല്ലാം നിലനില്പ് എന്ന് പറയുന്നത് അവരെ സ്നേഹിക്കുന്നവരുടെ പിന്തുണയാണ്. ആരാധകർ എന്ന് നാം അതിനെ വിശേഷിപ്പിക്കുന്നു. വെള്ളിത്തിരയിൽ തങ്ങൾ കാണുന്ന താരങ്ങളെ നേരിൽ കാണുമ്പോൾ അവരെ കെട്ടിപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നവരുണ്ട്.

എഴുത്തുകാരുടെ കൈകൾ മുത്തുന്നവരുണ്ട്. സെലിബ്രിറ്റികൾക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നവരുണ്ട്. ആരാധകർ വ്യത്യസ്തരാണ് എന്നതുപോലെ തന്നെ സെലിബ്രിറ്റികളും വ്യത്യസ്തരാണ്. ഭാവവ്യത്യാസങ്ങളും മാനസികസമ്മർദ്ദങ്ങളും അവർക്കുമുണ്ട്. തങ്ങൾ അപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ,തങ്ങൾ ആഗ്രഹിക്കാത്ത രീതിയിലുള്ള പ്രതികരണം ഉണ്ടാകുമ്പോൾ അതിനോട് അവർ തത്തുല്യമായ രീതിയിൽ പ്രതികരിച്ചുവെന്നു വരാം.
തന്നെ അനുചിതമായി സ്പർശിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്ത ഒരു ആരാധകനെ ഒരു യുവതാരം ചീത്തവിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ട് അധികകാലമായില്ല.

സൂപ്പർ താരം പത്രലേഖകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിച്ചതും തനിക്കൊപ്പം സെൽഫിയെടുത്ത ആരാധകന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി ഗാനഗന്ധർവൻ ഫോട്ടോ ഡിലീറ്റ് ചെയ്തതും മറ്റ് ചില സംഭവങ്ങൾ. ഇതിനൊക്കെ അവർക്ക് അവരുടേതായ ന്യായങ്ങളും വിശദീകരണങ്ങളുമുണ്ടാകും. തന്നെ കാണാൻ വന്ന ആരാധകനെ സെക്യൂരിറ്റി തടഞ്ഞപ്പോൾ അവരെ വിലക്കുകയും ആരാധകനെ അടുത്തുനിർത്തി ഫോട്ടോയെടുക്കുകയും ചെയ്ത സൂപ്പർതാരങ്ങളുമുണ്ട്.
ഇങ്ങനെയൊക്കെയാകുമ്പോഴുംആരാധകൻ പ്രതീക്ഷിക്കുന്ന രീതിയിൽ സെലിബ്രിറ്റികൾ പെരുമാറണമെന്ന് ശഠിക്കരുത്. അവർ നിങ്ങളെ ഏതൊക്കെയോ തരത്തിൽ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് നിങ്ങൾ അവരെആരാധിക്കുന്നത്. നിങ്ങളെക്കാൾ ‘സംതിങ് ഡിഫറന്റ്’ ആയതുകൊണ്ടാണ് അവർ ആരാധനാമൂർത്തികളായത്. നിങ്ങൾക്കും അവർക്കുമിടയിൽ ഒരുവിടവുണ്ട്. ആ വിടവിനെ അതായിതന്നെ നിലനിർത്തുന്നതാണ് സുരക്ഷിതമായ ബന്ധത്തിന് നല്ലത്.
പക്ഷേ സെലിബ്രിറ്റികളും മനുഷ്യരാണ് എന്ന കാര്യം മറക്കരുത്. വലിയ കാര്യങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവർ ചിലപ്പോഴെങ്കിലും ചെറിയ മനുഷ്യരെ പോലെ പെരുമാറിക്കളയും. കാരണം എല്ലാവരും മനുഷ്യരാണ്.

ബലഹീനതകളുള്ളവരും മാനുഷികപ്രവണതകൾ ഉള്ളവരുമാണ്. ഒരു വ്യക്തിയിൽ ആദ്യം പുറത്തേക്ക് വരുന്നത് പലപ്പോഴും അയാളിലെ നെഗറ്റീവായിരിക്കും.
ഒരാൾ അറിയാതെയാണെങ്കിൽ പോലും തിരക്കുള്ള ബസിൽ വച്ച് കാലിൽ ചവിട്ടിയാൽ നാം ചോദിക്കുന്നത് തന്റെ മുഖത്തെന്താ കണ്ണില്ലേ എന്നായിരിക്കും. സഡൻ റിയാക്ഷൻ പലപ്പോഴും നെഗറ്റീവ് കമന്റ്‌സായിട്ടായിരിക്കും. നെഗറ്റീവ് പ്രതികരണമായിട്ടായിരിക്കും.

താൻ വീഴുമെന്ന് ഭയന്നപ്പോൾ മാർപാപ്പയ്ക്ക് ചെയ്യാനുണ്ടായിരുന്ന ഏറ്റവും മാന്യമായ പ്രതികരണം ആ സ്ത്രീയുടെ കൈയ്ക്ക് തട്ടി പിടി വിടുവിക്കുക എന്നതായിരുന്നു. എന്നാൽ താൻ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോൾ പാപ്പ മാപ്പ് പറയുകയും ചെയ്തു.

സൂപ്പർതാരങ്ങൾക്കും സെലിബ്രിറ്റികൾക്കും ഇല്ലാത്ത ഔന്നത്യത്തിലേക്ക് പാപ്പ ഉയർന്നത് അവിടെയാണ്. ആരാധകർ ഉണ്ടാവട്ടെ. സെലിബ്രിറ്റികൾ ഉണ്ടാവട്ടെ. പക്ഷേ അതിരുകൾ നിശ്ചയിക്കാൻ മറക്കരുത്. വലിയവരോട് അകന്ന് വലുതാകാനാണ് ശ്രമിക്കേണ്ടത് എന്നും കൂടി ഓർമ്മിപ്പിക്കട്ടെ.

More like this
Related

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട്...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...
error: Content is protected !!