മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ. ഇതാരുടേതാണ് എന്ന് അമ്മ ശാന്തതയോടെ ചോദിച്ചു. മകൻ തന്റെ കൂട്ടുകാരന്റെ പേരു പറഞ്ഞു. നാളെ ഇത് തിരികെ കൊടുക്കണം കേട്ടോ. കൂട്ടുകാരനോട് സോറിയും പറയണം, എടുത്തുകൊണ്ടുവന്നതിൽ. അടുത്ത ദിവസം അമ്മ ബാഗു പരിശോധിച്ചപ്പോൾ കണ്ടത് മണമുള്ള ഇറൈസറായിരുന്നു. ഇതെവിടെ നിന്ന്? അമ്മയുടെ സ്വരം ഇത്തവണ ഉയർന്നിരുന്നു. മകൻ തന്റെ മറ്റൊരു കൂട്ടുകാരന്റെ പേരു പറഞ്ഞു. നിന്നോട് പറഞ്ഞിട്ടില്ലേ വല്ലവരുടെയും സാധനം എടുത്തുകൊണ്ടുവരരുതെന്ന്. അമ്മ ദേഷ്യത്തോടെ മകനിട്ട് ഒരടി നല്കി.
ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ എങ്ങനെ പെരുമാറണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
കുറ്റപ്പെടുത്താതിരിക്കുക
ചെറുപ്രായത്തിൽ കുട്ടികൾ മറ്റുള്ളവരുടെ സാധനങ്ങൾ എടുത്തുകൊണ്ടുവരുന്നത് മോഷണം എന്ന സ്വഭാവം ഉള്ളതുകൊണ്ടായിരിക്കണമെന്നില്ല. ചിലപ്പോൾ കൗതുകം കൊണ്ട് എടുത്തുവച്ചതാകാം. അല്ലെങ്കിൽ അബദ്ധത്തിൽ എടുത്തതാകാം. സാഹചര്യമറിയാതെ കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക. മോഷണം ഒരിക്കലും ഒരു നല്ല പ്രവൃത്തിയോ സ്വീകാര്യമായ കാര്യമോ അല്ല എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക. മനപ്പൂർവ്വമാണ് ചെയ്തത് എങ്കിൽ ആ പ്രവൃത്തി മോശമാണെന്ന് വ്യക്തമായി പറയണം.
സംയമനം പാലിക്കുക
ശബ്ദമുയർത്തുകയോ കുട്ടിയോട് അലറുകയോ ചെയ്യാതിരിക്കുക. ഇനിയൊരിക്കലും മോഷ്ടിക്കില്ല എന്നൊക്കെയുള്ള ശപഥങ്ങൾ കുട്ടികളെക്കൊണ്ട് എടുപ്പിക്കാതിരിക്കുക. മാതാപിതാക്കളുടെ ഭാവമാറ്റം കണ്ട് കുട്ടികൾ പേടിച്ചുപറയുന്നതായിരിക്കും പലപ്പോഴും അത്തരത്തിലുള്ള ശപഥങ്ങൾ.
കുട്ടിയോട് ക്ഷമിക്കുക
കുട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്റെ തെറ്റ് ക്ഷമിക്കുക. കുട്ടിയുടെ പ്രവൃത്തി മോശമാകുമ്പോഴും കുട്ടിയെ സ്നേഹിക്കുന്നുവെന്ന് അവന് മനസ്സിലാകണം.
യഥാർത്ഥകാരണം കണ്ടെത്തുക
മോഷണപ്രകൃതം കുട്ടി ആവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥകാരണം കണ്ടെത്തുക. കൂട്ടുകാരെക്കുറിച്ച് അന്വേഷിക്കുക. എന്തു സ്വാധീനത്താലാണ് കുട്ടി മോഷണം നടത്തുന്നതെന്ന് തിരിച്ചറിയുകയും ആ സാഹചര്യങ്ങളിൽ നിന്ന് കുട്ടിയെ മോചിപ്പിച്ചെടുക്കുകയും ചെയ്യുക.
ഉടമസ്ഥാവകാശം പഠിപ്പിക്കുക
ഓരോ സാധനത്തിനും അതിന്റെ ഉടമയുണ്ടെന്ന പാഠം ചെറുപ്രായത്തിലേ കുട്ടികളെ പഠിപ്പിക്കുക. മറ്റ് കുട്ടികളുമായി കളിക്കുമ്പോഴും കളിപ്പാട്ടം ഉപയോഗിക്കുമ്പോഴും ആവശ്യം കഴിഞ്ഞ് ഉടമസ്ഥരെ തിരികെയേല്പിക്കുന്ന രീതി പഠിപ്പിക്കുക.