അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

Date:

spot_img
ഡോ.ഡെയ്സൻ പാണേങ്ങാടൻ
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ ഗവേഷണം നടത്താത്ത സർവ്വകലാശാലകളോ ലോകത്തു തന്നെ കാണാനിടയില്ല. അതു മാത്രമല്ല; പഠന വൈകല്യമെന്ന വിദ്യാഭ്യാസ പ്രശ്നത്തെ ശാസ്ത്രീയമായി തന്നെ മറികടക്കുന്നതിനുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുന്ന വിദ്യാഭ്യാസ ഡിപ്ലോമ,ബിരുദ,ബിരുദാനന്തര കലാലയങ്ങൾ നമ്മുടെ സാക്ഷര കേരളത്തിൽ തന്നെ ഇരുനൂറിലധികമുണ്ട്.

എന്നാൽ പഠന വൈകല്യത്തോടൊപ്പം അധ്യാപനവൈകല്യവും ഒരു സാമൂഹ്യ വിപത്തു തന്നെയാകുന്ന കാലഘട്ടത്തിനു സാക്ഷികളാണ് ഇവിടുത്തെ പൊതു സമൂഹം. ഇന്നും കോടതീയ നടപടികൾ തുടർന്നുകൊണ്ടിരിക്കുന്ന പാമ്പാടിയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെയും അഞ്ചലിലെ ഒൻപതാം ക്ലാസ്സുകാരി ഗൌരി നേഘയുടേയും മരണമുയർത്തിയ ദുരൂഹത ഈ വിപത്തിന്റെ സാമൂഹിക മാനങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.നേരത്തെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും ഈയടുത്ത ദിവസങ്ങളിൽ മദ്രാസ് ഐ.ഐ.ടി.യിൽ ആത്മഹത്യ ചെയ്ത മലയാളിവിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലുള്ള അധ്യാപകരുടെ പേരുകളും ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ടതാണ്. തമിഴ്നാട്ടിലെ ഭാരതിദാസൻ സർവ്വകലാശാലയിലെ രണ്ടാം വർഷ ഇന്റഗ്രേറ്റഡ്‌ എം.എസ്.സി.ബിരുദ വിദ്യാർത്ഥിയും 19 കാരിയുമായ യുവതി, ഈ ദിവസങ്ങളിൽ നടത്തിയ ആത്മഹത്യാശ്രമത്തിന്റെ മൂലകാരണമായി റിപ്പോർട്ട് ചെയ്തിരിക്കുന്നതും അവിടുത്തെ അധ്യാപകരുടെ മാനസിക പീഢനമാണെന്നത്, ഇത്തരം സംഭവങ്ങൾ ആവർത്തിയ്ക്കപ്പെടുന്നുവെന്നതിന്റെ സുപ്രധാന തെളിവാണ്.

പഞ്ചാബിലെ ജിബി പാന്ത് സർവ്വകലാശാലയിൽ നിന്നുള്ള അധ്യാപകൻ, രാത്രിയിൽ പാചകം ചെയ്യാൻ, വിദ്യാർത്ഥിനിയെ അർദ്ധരാത്രി വിളിച്ച സംഭവവും ഈ ദിവസങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്.ഏറെ കൗതുകകരം, ഈ അധ്യാപകനാണ് വനിതാഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്നതെന്നതാണ്. കാഷ്വൽ ലീവ് ആവശ്യപ്പെട്ടതിന്റെ പേരിൽ അസഭ്യം പറഞ്ഞ പ്രധാനാധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത് നമ്മുടെ സാംസ്കാരിക കേരളത്തിലാണെന്നത് എന്തൊരു വിരോധാഭാസമാണ്. ഇന്റെണൽ മാർക്കിന്റെയും റെക്കോഡിന്റെയും പ്രായോഗിക പരീക്ഷയുടെയും പേരിൽ ഓരോ വർഷവും സർവകലാശാലകളിൽ കുമിഞ്ഞുകൂടുന്ന വിദ്യാർത്ഥികളുടെ പരാതികളിൽ ശരിയുടെ നീതി പേറുന്നവ കണക്കിലെടുത്താൽപ്പോലും എണ്ണം വളരെ കൂടി വരുന്നുണ്ടെന്നതാണ് വാസ്തവം. ചുരുക്കി പറഞ്ഞാൽ അധ്യാപനവൈകല്യത്തിന്റെ ഇരകളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ഇരയേയും വേട്ടക്കാരനേയും പരസ്പരം വേർതിരിക്കാനാകാത്ത വിധം സങ്കീർണ്ണമായ ഒരു നിയമ പ്രശ്നം തന്നെയായി ഇതു മാറുമ്പോൾ, മാറിയ കാലഘട്ടത്തിന്റെ വാഹകരാകാൻ ഇരുപക്ഷവും (അധ്യാപക-വിദ്യാർത്ഥി ) വ്യഗ്രതപ്പെടുന്നതും ഇന്നിന്റെ പ്രത്യേകതയായി മാറിയിരിക്കുന്നു.

നിസംഗത :-

അധ്യാപനവൈകല്യത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ചുരുക്കം ചില അധ്യാപകരെയെങ്കിലും ബാധിച്ചിരിക്കുന്ന നിസ്സംഗത. “അവിടെയെന്തെങ്കിലും നടക്കട്ടെ; ഞാനെന്തിന് അതിൽ തലയിട്ട് പൊല്ലാപ്പിലേറണം” എന്നു ചിന്തിക്കുന്ന അധ്യാപകരുടെയെണ്ണം കൂടി വരുന്നു. വിദ്യാർത്ഥിയുടെ പ്രശ്നങ്ങളിലിടപെടാൻ മടി കാണിക്കുന്ന, വിദ്യാർത്ഥികളിലെ മൊബൈൽ ദുരുപയോഗം, കണ്ടീട്ടും കണ്ടില്ലെന്നു നടിക്കുന്ന, കോപ്പിയടി കണ്ടിട്ടും പ്രശ്നമാകേണ്ടെന്നു കരുതി കണ്ടില്ലെന്നു നടിക്കുന്ന ഈ നിസ്സംഗത ഇന്ന് അധ്യാപക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. വിദ്യാർത്ഥികളുടെ മാനസിക-മാനുഷിക പ്രശ്നങ്ങളിൽ ഉത്തരവാദിത്വ ബോധത്തോടെ ഇടപെടേണ്ട അധ്യാപക സമൂഹം; നിസ്സംഗതയുടെ പേരിൽ ഈ ദൗത്യത്തിൽ നിന്നു പിൻവലിഞ്ഞാലുള്ള ബാധ്യത ക്രിയാത്മകമായേറ്റെടുക്കാൻ സമൂഹത്തിൽ വേറെയാളുകളില്ലെന്ന യാഥാർത്ഥ്യം മനസ്സില്ലാക്കാതെ പോകരുത്. പ്രശ്നങ്ങളിലിടപെടുമ്പോൾ ഉണ്ടാകാനിടയുള്ള സമ്മർദ്ദങ്ങളെ നിരൂപിക്കുന്നതിനപ്പുറത്ത് പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളിലേക്കടുക്കാൻ അധ്യാപക സമൂഹം കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണമെന്നതു തന്നെയാണ് സമൂഹതാൽപ്പര്യം.

സദാചാരബോധം :-

കപട സദാചാരബോധം, ഈ കാലഘട്ടത്തിലും ചുരുക്കം ചില സ്റ്റാഫ് മുറികളെയെങ്കിലും ബാധിച്ചിരിക്കുന്ന അധ്യാപനവൈകല്യമായി അധ:പതിച്ചിരിക്കുന്നു. കുട്ടികൾ തമ്മിലുള്ള നല്ല സുഹൃത്ബന്ധങ്ങൾ പോലും ഈ കപട സദാചാര ബോധത്തിന്റെ മേമ്പൊടിയോടെ കഥയും തിരക്കഥയുമെഴുതി ആത്മസംതൃപ്തിയടയുന്ന അധ്യാപകർ സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുമെന്ന് തീർച്ച. സുതാര്യമായ നല്ല ബന്ധങ്ങളെപ്പോലും അവിശുദ്ധ കൂട്ടുകെട്ടെന്നു വരുത്തി തീർക്കുന്നതിൽ പ്രാവിണ്യമുള്ള ചുരുക്കമെങ്കിലും ചില പാരമ്പര്യ സദാചാരവാദികൾ നാം അധ്യാപകർക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം നാം വിസ്മരിച്ചു കൂടാ.

വർണമേധാവിത്വം :-

ഉയർന്ന ജാതീയബോധം വെച്ചു പുലർത്തുന്ന അധ്യാപന രീതിയും അധ്യാപനവൈകല്യത്തിന്റെ അപരിഷ്കൃത രീതി തന്നെ. ജാതിയുടെയും നിറത്തിന്റേയും വംശത്തിന്റേയും കുലമഹിമയുടേയും പേരിൽ ചുവപ്പു മഷിയിട്ടു വർഗ്ഗീകരിക്കുന്ന വിദ്യാഭ്യാസ ഭരണ സമ്പ്രദായങ്ങൾക്കൊപ്പം, അതേ വർഗ്ഗീകരണം മനസ്സിൽ പേറുന്ന അധ്യാപകർ നാടിനു ശാപം തന്നെ. തുല്യനീതിയും സമത്വവും ക്ലാസ്സ് മുറികളുടെ പഠനാന്തരീക്ഷത്തിൽ സായത്തമാക്കേണ്ട വിദ്യാർത്ഥി തലമുറ; വിരോധാഭാസം പേറുന്ന അധ്യാപകരിൽ നിന്ന് സായത്തമാക്കുന്ന ശീലങ്ങൾ സമൂഹത്തിലുതപ്പുണ്ടാക്കുമെന്നത് നിസ്തർക്കമായ വസ്തുത തന്നെയാണ്.

സമീപനമാറ്റം :-

വിദ്യാർത്ഥികളോടുള്ള സമീപനവും അധ്യാപനവൈകല്യത്തിന്റെ സ്വാഭാവികമായ പരിഛേദം തന്നെയാകുന്നതും ഇന്നിന്റെ പതിവുകാഴ്ചകളിലൊന്നു തന്നെയാണ്. രാജ്യവ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന മി ടൂ (Me Too) കാമ്പയിനിലുള്ള ഏറ്റുപറച്ചിലുകളിലും തുറന്നു പറച്ചിലുകളിലും ചെറു ന്യൂനപക്ഷം വരുന്ന അധ്യാപകരും പ്രതിക്കൂട്ടിലുണ്ടെന്നത് ഈ സമീപനത്തിലെ മാറ്റത്തെ തുറന്നു കാണിക്കുന്നുണ്ട്.

അധികാര വടംവലികൾ:-

അധ്യാപകർ തമ്മിലുള്ള വടംവലികളും ശീതസമരങ്ങളും പല കലാലയങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും നിശബ്ദമായതും ശബ്ദമുഖരിതമായതുമായ അന്തരീക്ഷമുണ്ടാക്കാറുണ്ട്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും സ്ഥാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയും നൈതികത ലവലേശമില്ലാതെ വൈരനിരാതന ബുദ്ധിയോടെ തന്നെ സ്വജനപക്ഷപാതം കാണിക്കുന്നയാളുകൾ ന്യൂനപക്ഷമെങ്കിലും അധ്യാപകർക്കിടയിലുണ്ടെന്ന കാര്യം പറയാതെ വയ്യ. ഒപ്പം വ്യക്തികേന്ദ്രീകൃതമായ ആശയങ്ങളും ലക്ഷ്യങ്ങളും അവരവരെ ന്യായീകരിക്കുന്നതിനും മറ്റുള്ളവരെ പക്ഷം ചേർന്ന് അധിക്ഷേപിക്കുന്നതിലും അവർ കാണിക്കുന്ന വ്യഗ്രത, അധ്യാപക സമൂഹത്തിനു തന്നെ ഇടർച്ചയും പൊതു സമൂഹത്തിൽ അവമതിപ്പുമുണ്ടാക്കുന്നതാണ്. ഈ ന്യൂനപക്ഷത്തേയും അതു തീർക്കുന്ന അന്തരീക്ഷത്തേയും കണ്ടു വളരുന്ന പുതുതലമുറയുടെ അവസ്ഥ ഊഹിക്കാവുന്നതിലുമപ്പുറത്താണെന്നത് വസ്തുതാപരമായ യാഥാർത്ഥ്യം തന്നെയാണ്.ഒരു തലമുറയുടെ ചിന്താധാരകളേയും പ്രവർത്തന മണ്ഡലങ്ങളേയും പരോക്ഷ പരമായി മലീമസമാക്കുന്ന കാരണം കൊണ്ട് തന്നെ ഇതും വൈകല്യങ്ങളുടെ ഗണത്തിൽ ചേർക്കപ്പെടുക തന്നെ വേണം.

പ്രതീക്ഷകളും സ്വപ്നങ്ങളും :-

യാഥാർത്ഥ്യമുൾക്കൊള്ളുന്ന സ്വത്വബോധമുള്ള അധ്യാപകരെയാണ് സമൂഹം ആഗ്രഹിക്കുന്നതും വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്നതുമെന്ന യാഥാർത്ഥ്യം അധ്യാപകർ മനസ്സിലാക്കുകയെന്നതു തന്നെയാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി.അതിന് വിദ്യാർത്ഥികളിലേയ്ക്കും അവരുടെ പ്രശ്നങ്ങളിലേയ്ക്കും അതിലൂടെ സമൂഹത്തിലേക്കുമിറങ്ങി ചെല്ലാനവർക്കാകണം. വിദ്യാഭ്യാസമെന്നത് ഒരു മൂല്യവർദ്ധിത ഉപഭോഗവസ്തുവാണെന്ന വിദ്യാർത്ഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃ നയം മനസ്സിലാക്കി, അതിനനുസൃതമായ അധ്യാപന രീതികൾ ക്രിയാത്മകമായി പരീക്ഷിക്കാനും അതിൽ വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളിയെങ്കിലും വീരോചിതം തന്നെയാണ്. വ്യവസ്ഥാപിതവും പാരമ്പര്യ രീതിയിൽ നിന്നും മാറിയുള്ളതുമായ വ്യത്യസ്തവും വ്യതിരിക്തവുമായ അധ്യാപന രീതിയിലേയ്ക്കുള്ള മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിൽ കാലൂന്നി വിമർശനാത്മക ബോധന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധന രീതിയുടെ അകമ്പടിയോടെ വിഷയങ്ങളവതരിപ്പിക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കാനും അങ്ങിനെ തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിനും അവർ മുൻകയ്യെടുക്കേണ്ടിയിരിക്കുന്നു.

അധ്യാപകരിലെ ബഹുഭൂരിപക്ഷവും പരാതികൾക്കതീതമായി നൻമയുടെയും നീതിയുടേയും ശരിയുടേയും പക്ഷത്തു തന്നെയാണ്. അതു കൊണ്ട്, ഇത് വിദ്യാഭ്യാസ മേഖല നേരിടുന്ന ഒരു പൊതു പ്രശ്നമായി അവതരിപ്പിക്കാനാകില്ല എങ്കിലും, ഈ പ്രശ്നത്തിന്റെ അനുരണനമെന്നോണം വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഉണ്ടാകുന്ന സംഭവങ്ങളും വാർത്തകളും ശുഭസൂചകമല്ല.അതു കൊണ്ട് തന്നെ, ചെറു ന്യൂനപക്ഷം അധ്യാപകരെ മാത്രം ബാധിച്ചിരിക്കുന്ന ഈ അധ്യാപനവൈകല്യം തിരുത്തപ്പെടുകയും അവയെ സാമാന്യവൽക്കരിക്കാതിരിക്കുകയും വേണം. ഒപ്പം, നൻമയുടെ വാഹകരായ ബഹുഭൂരിപക്ഷം വരുന്ന അധ്യാപക സമൂഹത്തിന്റെ നൈസർഗികമായ പ്രവർത്തനക്ഷമത സാമാന്യവൽക്കരിക്കപ്പെടാനുള്ള ബാധ്യത നമുക്കേറ്റെടുക്കുകയും ചെയ്യാം. നൻമകൾ ഭവിയ്ക്കട്ടെ.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!