എവറസ്റ്റ്…
ഏതൊരാളുടെയും കുട്ടിക്കാലം മുതൽ ഉള്ളിൽ വളർന്നുവരുന്ന വലിയൊരു സ്വപ്‌നമാണ് എവറസ്റ്റ്. എന്നെങ്കിലും ഒരിക്കൽ അതിന്റെ മുകളിലെത്തി അവിടെ തന്റെ വിജയത്തിന്റെ കൊടി നാട്ടുക. ഭൂരിപക്ഷം ആളുകൾക്കും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുന്ന വലിയ സ്വപ്‌നമായി അത് മാറുമ്പോൾ സാഹസികരും ഉത്സാഹികളുമായ ചിലർ അതിന്റെ മുകളിലെത്തി ലോകത്തെ നോക്കി ഒന്ന് നീട്ടികൂവാറുണ്ട്. അവരിൽ ചിലരാണ് ഹിസാറിലെ പതിനാറുകാരി ശിവാൻഗിയും ഉത്തരാഖണ്ഡുകാരിയായ പൂനവും ഒഡീസ്സക്കാരിയായ സ്വർണലതയും. സാഹസികമായ വിജയങ്ങളാണ് ഇവർ മൂന്നുപേരും നേടിയത് എന്നത് അവരെ സംബന്ധിച്ച മറ്റു കാര്യങ്ങൾ അറിയുമ്പോൾ ഏതൊരാളും സമ്മതിച്ചുപോകും. വെറും പതിനാറ് വയസേയുള്ളൂ ശിവാൻഗിക്ക്. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ഖ്യാതിയിലേക്കായിരുന്നു ശിവാൻഗിയുടെ കൊടുമുടികയറ്റം. ഇതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം വരെ നേടിയെടുത്ത ഈ സാഹസികയ്ക്ക് പതിനേഴിന്റെ മധുരം തികയാൻ രണ്ടുമാസങ്ങൾ കൂടിയുണ്ട്.
പൂനത്തിന് 21 ഉം സ്വർണലതയ്ക്ക് 20 ഉം ആണ് വയസ്. മൂന്നുപേരും പറയുന്ന പൊതുവായ ഒരു കാര്യമുണ്ട്. ചെറുപ്പകാലം മുതൽ എവറസ്റ്റിന്റെ മുകളിലെത്തുന്നത് ഇവരുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നത്തിനൊപ്പമാണ് ഇവർ ഓരോ ദിനവും കഴിച്ചുകൂട്ടിയത്. അതിന് വേണ്ടി അദ്ധ്വാനിക്കാനും കഠിനപരിശീലനങ്ങളിൽ ഏർപ്പെടാനും തെല്ലും മടിയും ഉണ്ടായിരുന്നില്ല. മികച്ച പരിശീലനകേന്ദ്രങ്ങളിൽ ചെലവിട്ട മണിക്കൂറുകൾ സ്വപ്‌നത്തിലേക്കുള്ള അവരുടെ ദൂരം താണ്ടാൻ ഏറെ സഹായകവുമായി.
ഒടുവിൽ എവറസ്റ്റിന് മുകളിലെത്തി അവർ ചരിത്രത്തിന്റെ താളുകളിൽ അടയാളങ്ങൾ പതിപ്പിക്കുകയും ചെയ്തിരിക്കുന്നു.