തീരുമാനങ്ങളിൽ കുരുങ്ങുന്നവൾ…

Date:

spot_img

നമുക്കയാളെ മോഹനൻ എന്ന് വിളിക്കാം. ലോഡിങ് തൊഴിലാളി. ഭാര്യയും രണ്ടു  പെൺമക്കളും അടങ്ങുന്ന കുടുംബം. നല്ലതുപോലെ മദ്യപിക്കുന്ന വ്യക്തിയാണ് അയാൾ. അതുകൊണ്ടു  ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാൻ അയാൾക്ക് അധികമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ദിവസമാണ് അന്നുവരെയുള്ളജീവിതത്തെമുഴുവൻ കീറിമുറിച്ചുകൊണ്ട് അയാൾക്ക് കിഡ്നി രോഗമാണെന്ന് കണ്ടെത്തിയത്. ആകെപ്പാടെ തകർന്നുപോയി അയാൾ. വിറങ്ങലിച്ചു ഭയചകിതനായി അയാൾ  എന്നെ നോക്കിയ  നോട്ടം ഇപ്പോഴും കൺമുമ്പിൽ തെളിയുന്നുണ്ട്.  നമുക്ക് നോക്കാം, പേടിക്കുകയൊന്നും വേണ്ട എന്നെല്ലാം ഏതൊരാളോടും പറയുന്നതുപോലെ ഞാൻ മോഹനനെയും ആശ്വസിപ്പിച്ചു. ഭാര്യയുടെ കിഡ്നി അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ പകുതി ആശ്വാസമായി. കിഡ്നിക്ക് വേണ്ടി  അലയേണ്ടതുമില്ല, ഏറെനാൾ കാത്തിരിക്കേണ്ടതുമില്ലല്ലോ? പക്ഷേ  ഭാര്യയോട് വിഷയം പങ്കുവയ്ക്കുന്നതുവരെ മാത്രമേ ആ ആശ്വാസത്തിന് ആയുസുണ്ടായിരുന്നുള്ളൂ. വിവരം പറഞ്ഞതും ആ സ്ത്രീ പൊട്ടിത്തെറിച്ചു.

പറ്റില്ല സാറേ… ഞാനെന്റെ കിഡ്നി അയാൾക്ക് കൊടുക്കില്ല. വെറുപ്പും പകയും കലർന്നതായിരുന്നു ആ വാക്കുകൾ. അതുകേട്ടപ്പോൾ ഞെട്ടിപ്പോയി. ഭർത്താവിന്റെ ജീവന് വേണ്ടി ഏതറ്റവും പോകാൻ തയ്യാറായിരിക്കുന്ന ഒരുപിടി സ്ത്രീകളെ എനിക്ക് പരിചയമുണ്ടായിരുന്നു. പക്ഷേ അവരിൽ നിന്നെല്ലാം വ്യത്യസ്തയായി ഇതാ ഒരു സ്ത്രീ.

ഒരുപക്ഷേ സ്ത്രീകളുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം ഇങ്ങനെയുമാവാം. സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ഉദാത്തഭാവമെന്ന് വാഴ്ത്തപ്പെടുമ്പോഴും തനിക്ക് മാത്രമുള്ള സ്വാർത്ഥതയുടെ അരങ്ങിൽ അവൾ തനിക്കുള്ളതെല്ലാം അടക്കിവച്ച് ഏകാംഗവേഷം ആടുന്നുണ്ടാവും.
ആ സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. ഇത്രയും കാലത്തെ  ജീവിതത്തിനിടയിൽ എനിക്ക് അയാളിൽ നിന്ന് സന്തോഷമുള്ള ഒരു വാക്കോ സ്നേഹപൂർവ്വമായ തലോടലോ ഒന്നും കിട്ടിയിട്ടില്ല സാറേ. എന്നും അടിയും ഇടിയും.  ഞാനെന്റെ കിഡ്നി  കൊടുത്താലും അയാൾ പഴയതുപോലെ തന്നെയായിത്തീരില്ലെന്ന് എന്താണുറപ്പ്. അതുകൊണ്ട് എന്റെ കിഡ്നി കൊടുത്ത് അയാള് ജീവിക്കണ്ടാ സാറേ.. അയാള് മരിക്കുകയോ ജീവിക്കുകയോ എന്നതാന്നുവച്ചാ ചെയ്തോട്ടെ എന്നാലും എന്റെ കിഡ്നികൊണ്ട് അയാള് രക്ഷപ്പെടണ്ടാ… ഇത്രയും നേരം ദൈവങ്ങളായ ദൈവങ്ങളോട് മുഴുവൻ പ്രാർത്ഥിച്ചത് കിഡ്നി മാച്ച് ആകരുതേയെന്നായിരുന്നു. എന്നിട്ടും…
പൊടിക്കുഞ്ഞുങ്ങളെ തന്നോട് ചേർത്തുപിടിച്ച് ഓടിരക്ഷപ്പെടുന്ന മട്ടിൽ ആ സ്ത്രീ ആശുപത്രിവരാന്തയിലൂടെ അതിവേഗം നടന്നുനീങ്ങി.

സ്ത്രീകളോടുള്ള എല്ലാ ആദരവും പുലർത്തിക്കൊണ്ടു തന്നെ പറയട്ടെ, ഇങ്ങനെയും ചില സ്ത്രീകളുണ്ടെന്ന് നമുക്ക് നിഷേധിക്കാനാവില്ല.  ഒരു പക്ഷേ അവരുടെ സാഹചര്യവും ജീവിതാനുഭവവുമായിരിക്കാം ഇങ്ങനെയൊരു അഭിപ്രായത്തിൽ അവരെയെത്തിച്ചത്.

മറ്റൊരു ഭാര്യയുടെ ചോദ്യം വേറൊന്നായിരുന്നു. കിഡ്നി കൊടുത്തിട്ട് എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ എന്റെ കുട്ടികൾക്ക് ആരുണ്ട് ? അയാള് വേറെ വിവാഹം കഴിക്കുകയില്ലെന്നും പറയാൻ പറ്റില്ലല്ലോ? അപ്പോ എന്റെ മക്കളുടെ ഗതിയെന്താകും?

ഭർത്താവിന് കരൾ പകുത്തു കൊടുക്കുന്ന ഭാര്യമാരുള്ള ഇക്കാലത്തും കിഡ്നി കൊടുക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ് എന്നുതന്നെയാണ് എന്റെ അനുഭവം. കരൾ ചെറിയൊരു ഭാഗം മാത്രം മതിയായും ദാനം ചെയ്യാൻ. അത് പിന്നീട് വളർച്ച പ്രാപിക്കുകയും ചെയ്യും. എന്നാൽ കിഡ്നിയുടെ കാര്യം അങ്ങനെയല്ല.  കൊടുത്താൽ കൊടുത്തതാണ്. അത് കൈവിട്ടുപോയി. പിന്നെ തിരിച്ചുപിടിക്കാനാവില്ല. ഇനിയുള്ള ജീവിതം അത്രയും ശേഷിക്കുന്ന ആ കിഡ്നി കൊണ്ട് ജീവിക്കണം. അതിന് വല്ലതും പറ്റിപ്പോയാൽ…

ഇത്തരത്തിലുള്ള അതിരുകടന്ന ആകുലതകളും ടെൻഷനുകളുമാണ് സ്ത്രീകളെ അവയവദാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഭയമാണ് പലരുടെയും അടിസ്ഥാനപ്രശ്നം. തനിക്ക് എന്തെങ്കിലും പറ്റിപ്പോയാൽ തന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്താകുമെന്ന പേടി. ഭർത്താവ് ദുഃസ്വഭാവം വീണ്ടും തുടരുമോയെന്ന പേടി. ഭർത്താവിന് കിഡ്നി കൊടുക്കാൻ മടിക്കുന്ന ഭാര്യമാരൊക്കെ അതിന്റെ മറുവശം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും. നാളെ എനിക്കും അസുഖം വന്നുകൂടായ്കയില്ലല്ലോ?
ഇങ്ങനെയാണെങ്കിലും അവയവദാനത്തിന്റെ കാര്യത്തിൽ മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീകളും വേർതിരിവിനും ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്. ഭർത്താവിനാണ് കിഡ്നി രോഗമെങ്കിൽ  ഭാര്യയോട് ഭർത്തൃവീട്ടുകാരുടെ പ്രതികരണം ഇപ്രകാരമായിരിക്കും. ഭർത്താവിന്റെ ജീവൻ രക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് നീ നിന്റെ കിഡ്നി കൊടുക്കണം.
ഇനി ഭാര്യയ്ക്കാണ് കിഡ്നി രോഗമെങ്കിലോ. ഭർത്തൃവീട്ടുകാരുടെ പ്രതികരണം മറ്റൊരുരീതിയിലായിരിക്കും. നീ നിന്റെ വീട്ടിൽ ചെന്ന് കാര്യം പറയൂ. അവിടെ അച്ഛനും ആങ്ങളമാരുമുണ്ടല്ലോ. അതായത് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യയ്ക്ക് ഉത്തരവാദിത്വവും കടമയുമുണ്ട്. എന്നാൽ ഭാര്യയുടെ ജീവൻ അപകടത്തിലാകുമ്പോൾ അത് കാത്തുസംരക്ഷിക്കേണ്ടത് അച്ഛനും കൂടപ്പിറപ്പുകളുമാണ്. ഇതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടും നിലപാടും.
ഇവിടെ ഞാൻ സ്നേഹത്തോടെ ഓർമ്മിക്കുന്ന ഒരു ഭർത്താവുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. അന്ന് അയാൾക്ക് 52 വയസു പ്രായമുണ്ട്. ഭാര്യയ്ക്ക് 42 ഉം.  ഭാര്യക്കാണ് കിഡ്നി രോഗം. വൃക്ക മാറ്റിവച്ചാൽ മാത്രമേ അവർക്ക് ആയുസോടെയിരിക്കാനാവൂ.

ഭാര്യക്ക് തന്റെ കിഡ്നി  കൊടുക്കാൻ അയാൾ സന്നദ്ധനായി. അതിന് അയാൾക്ക് പറയാനുണ്ടായിരുന്ന വിശദീകരണം ഒന്നുമാത്രമേയുണ്ടായിരുന്നുള്ളൂ.
”എന്റെ സാറേ ഞാൻ ദിവസം വെറും എട്ടു മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. പക്ഷേ എന്റെ ഭാര്യയുണ്ടല്ലോ അവൾ ഇരുപത്തിനാലുമണിക്കൂറും ജോലി ചെയ്യുന്നവളാ… അവൾ ജീവിച്ചിരിക്കണം സാറേ… അവളെ എനിക്ക് സ്നേഹിച്ചുമതിയായിട്ടില്ല.” ഇതാണ് ദാമ്പത്യസ്നേഹം. ഇങ്ങനെയുള്ള പുരുഷന്മാരുമുണ്ട്. ഭർത്താവിന് തന്റെ കിഡ്നി കൊടുക്കാൻ വിസമ്മതിക്കുന്ന ഭാര്യമാരെക്കുറിച്ച് നാം തുടക്കത്തിൽ വായിച്ചു.

എന്നാൽ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കിഡ്നി കൊടുത്ത ഭാര്യമാരുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമത്തിൽ താമസിക്കുന്ന മരിയ. ഭർത്താവ് ഹൃദ്രോഗി. കയറികിടക്കാൻ ചെറിയൊരു കൂര മാത്രം. ചിറകുമുളയ്ക്കാത്ത മൂന്നു മക്കൾ. എന്നിട്ടും പലയിടത്തുനിന്നും കടം വാങ്ങി ഭർത്താവിനെ ചികിത്സിച്ചു. പക്ഷേ കടം കൂടിയതല്ലാതെ രോഗം കുറഞ്ഞില്ല. കിടപ്പാടം കൂടി നഷ്ടപ്പെടേണ്ടിവരുമെന്ന സാഹചര്യത്തിൽ സൂസിയുടെ മുമ്പിൽ ഒരേയൊരു വഴിമാത്രമേയുണ്ടായിരുന്നുള്ളൂ. കിഡ്നി വില്ക്കുക.

പല കാരണങ്ങൾ പറഞ്ഞ് പണത്തിന് വേണ്ടി കിഡ്നി വില്ക്കാൻ തയ്യാറായിരിക്കുന്ന  പുരുഷന്മാരുമുണ്ട്. പക്ഷേ സ്ത്രീകൾ ഒരിക്കലും പണത്തിന് വേണ്ടി കിഡ്നി വില്ക്കാൻ തയ്യാറാവില്ല. അവർ തങ്ങൾ സ്നേ ഹിക്കുന്നവർക്ക് വേണ്ടി മാത്രമേ കിഡ്നി കൊടുക്കാൻ തയ്യാറാകുകയുള്ളൂ.  എന്നാൽ രക്തബന്ധമോ ഹൃദയബന്ധമോ ഇല്ലാത്തവർക്കു വേണ്ടിയും കിഡ്നി കൊടുത്ത് അത്ഭുതം ആയിത്തീർന്ന ചില സ്ത്രീകളുമുണ്ട്.

അജിത് നാരങ്ങൽ

(കിഡ്നി ദാതാവാണ് ലേഖകൻ, സാമൂഹ്യപ്രവർത്തകൻ, തൃശൂർ സ്വദേശി)

More like this
Related

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!