വർഷം 1997. പ്രഭാതം. ഞാൻ അനസ്‌തേഷ്യ ഐസിയുവിൽ ചെല്ലുമ്പോൾ ഹരിദാസ് കണ്ണടച്ചുകിടക്കുകയായിരുന്നു. വാതിൽ തുറന്ന ശബ്ദം കേട്ടിട്ടാകണം ഹരി കണ്ണ് തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടുപോലെത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു. ഹരിദാസ് ഉറങ്ങുകയായിരുന്നില്ല. കവിളിൽ ഉണങ്ങിയ കണ്ണുനീർചാലുകൾ. വെന്റിലേറ്ററിലായിരുന്നു ഹരിദാസ്. തലേന്ന് പ്രീ അനസ്‌തേഷ്യ ചെക്കപ്പിന് .
ട്രോമാവാർഡിൽ നടക്കുമ്പോഴാണ് ഡോ. ചന്ദ്രമോഹൻ എന്നെ ഒരു ബെഡ്‌സൈഡിലേക്ക് ക്ഷണിച്ചത്. സാർ തൊറാസിക്കിലെ ഒരു രോഗിയെ കാണാൻ ചെല്ലുമ്പോൾ ഹരിദാസ് ശ്വാസത്തിനായി ക്ലേശിക്കുകയാണ്. ഞാനും സാറും ചേർന്നാണ് ഹരിദാസിനെ ഇൻട്യൂബേറ്റ് ചെയ്തു അനസ്‌തേഷ്യ ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ചന്ദ്രമോഹൻ സാർ അങ്ങനെയാണ്. തൊറാസിക് സർജറി യൂണിറ്റിന്റെ തലവൻ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങളിൽ തിളങ്ങുമ്പോഴും ഏതു രോഗിയെയും അദ്ദേഹം കാണുകയും വേണ്ടതു ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. സാറിന്റെ അനുകരണീയമായ രീതിയായിരുന്നു അത്.
ഞാൻ നോക്കുമ്പോൾ ഹരിദാസിന്റെ ഭാര്യ അടുത്തുതന്നെയുണ്ട്. നെറ്റി തടവിയും കണ്ണീരൊപ്പിയും ട്യൂബിലൂടെ ഭക്ഷണം കൊടുത്തും ഹരിദാസ് കാണാതെ സ്വന്തംകണ്ണീർ തുടച്ചും അങ്ങനെ…
ചുമട്ടുതൊഴിലാളിയായിരുന്നു ഹരി. ചുമട് തലയിലേറ്റുന്നതിനിടെ കഴുത്തിലെ കശേരുക്കൾ ഏറ്റവും മുകളിലുള്ളവ തെന്നി കഴുത്തിനുള്ളിലെ സുഷുമ്‌നാ കാണ്ഡത്തിന് പരിക്ക്പറ്റി കഴുത്തിന് താഴേയ്ക്ക് സർവം തളർന്നുപോയി. നിത്യമായി വെന്റിലേറ്ററിലേക്ക് ആക്കുമ്പോൾ ഹരിക്ക് വെറും ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഹരി. ആജീവനാന്ത വെന്റിലേറ്റർ ജീവിതത്തിലേക്ക് വിധി അയാളെ തളച്ചിടുമ്പോൾ സ്ഥിരമായി ഉപയോഗപ്പെടുത്തിയ ട്രക്കിഓസ്റ്റമിയിലേക്കും ഹരിയുടെ ജീവിതം തീറെഴുതി. സംസാരശേഷി ഇല്ലാതെ, കഴുത്തിന് താഴേക്ക് പഴമക്കാർ പറയുന്നതുപോലെ ‘ഈന്തിൻതടി’ പോലെ ശരീരം.
ഹരിയുടെ ഭാര്യയെക്കുറിച്ച് ഒരിക്കൽ ഞങ്ങളുടെ ഡോ. സോജൻ പറഞ്ഞത് ഇങ്ങനെ: കണ്ടുപഠിക്ക് എല്ലാവരും. ഭർത്താക്കന്മാരെ എങ്ങനെയാണ് രോഗശയ്യയിൽ പരിചരിക്കേണ്ടതെന്ന്. ഇതിനാണ് ഹരിയെ ദൈവം ഇങ്ങനെ കിടത്തിയിരിക്കുന്നത്.
അത് ശരിയായിരുന്നു. ഇത്ര നീണ്ട വർഷങ്ങളിൽ ഇത്ര വൃത്തിയായി ഒരു രോഗിയെ പരിചരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. രണ്ടുകുട്ടികളെ വീട്ടിലാക്കിയതിന് ശേഷമാണ് ഒറ്റദിവസം പോലും മാറിനില്ക്കാതെ ഭാര്യ ഹരിയെ ശുശ്രൂഷിച്ചിരുന്നത്. എല്ലാ ദിവസവും ഭംഗിയായി ഷേവ് ചെയ്ത് വെട്ടിയൊതുക്കിയ മേൽമീശ. മുല്ലമൊട്ടുകൾ പോലത്തെ ദന്തനിരകൾ. ആരെ കണ്ടാലും ഹരിദാസ് തുറന്നു ചിരിക്കും. കാണുമ്പോഴൊക്കെ ഞാൻ പതിവു ചോദ്യം ചോദിക്കും ഹരിദാസേ എന്തുണ്ട് വിശേഷം സുഖമല്ലേ? ട്രക്കി ഓസ്റ്റമിയിലൂടെ ഹരിദാസ് പറയും സുഖമാണ്, സന്തോഷമാണ്…
സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഏതൊരാളോടും ചോദിക്കുമ്പോൾ കിട്ടാവുന്ന ഉത്തരം കുഴപ്പമില്ല എന്നോ അല്ലെങ്കിൽ നെഗറ്റീവായിട്ടുള്ളതോ ആയിരിക്കുമ്പോഴാണ് ഹരിദാസ് സന്തോഷമാണ് എന്നും സുഖമാണ് എന്നും പറയുന്നത്. ട്രക്കി ഓസ്റ്റമിയിലൂടെയുളള ഹരിദാസിന്റെ സംസാരഭാഷ ഏറ്റവും അധികം മനസ്സിലാകുന്നത് ഭാര്യയ്ക്കായിരുന്നു. ആഴ്ചയിലൊരിക്കൽ ഹരിയെ കാണാൻ എത്തിയിരുന്ന അയാളുടെ മക്കൾക്ക് ആ ഭാഷ മനസ്സിലാക്കികൊടുത്തതും അവരുടെ അമ്മയായിരുന്നു.
കഴുത്തിന് താഴേക്ക് തളർന്നുപോയ ഹരിയുടെ ശരീരം സ്പർശം അറിയുന്നതേയുണ്ടായിരുന്നില്ല.
രൂചിയും അറിയുന്നുണ്ടായിരുന്നില്ല. ഹരിയുടെ പുണ്യം എല്ലാ അർത്ഥത്തിലും ഭാര്യ തന്നെയായിരുന്നു. വെന്റിലേറ്ററും അതിലെ രോഗീപരിചരണവും എന്ന വിഷയത്തിൽ ഒരു ക്ലാസെടുക്കാൻ മാത്രം അനുഭവസമ്പത്തും പരിചയവും ഇതിനിടയിൽ ഹരിയുടെ ഭാര്യ നേടിയെടുത്തിരുന്നു. എല്ലാവർക്കും അവർ ഒരു അത്ഭുതമായിരുന്നു. ഡോക്ടർമാർ പലരും അവരുടെ പല ആഘോഷങ്ങളും ചെലവു ചുരുക്കിയോ വെട്ടിക്കുറച്ചോ അതിന്റെ പണം ഹരിയുടെ വീട്ടുകാരെ സഹായിക്കാനായി നീക്കിവച്ചു. മാധ്യമങ്ങളിൽ നിന്ന് ഹരിയുടെ വിവരം അറിഞ്ഞ് മെഡിക്കൽ കോളജിൽ എത്തുന്ന പലരും അവരെ സഹായിക്കുകയും ചെയ്തിരുന്നു. നവജീവൻ ട്രസ്റ്റായിരുന്നു ഭക്ഷണകാര്യം ഏറ്റെടുത്തിരുന്നത്.
1998 ൽ ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ട്രാൻസ്ഫർ ആയി പോയി. രണ്ടുവർഷം കഴിഞ്ഞ് ഞാൻ വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോഴും ഹരി ഐസിയുവിൽ തന്നെയായിരുന്നു. ഞങ്ങളുടെ അന്നത്തെ അനസ്‌തേഷ്യ എച്ച് ഒഡി ഡോ.സാറാമ്മ പി എബ്രഹാമിന്റെ പരിശ്രമഫലമായി മംഗളം ഗ്രൂപ്പ് ഒരു ഹോം വെന്റിലേറ്റർ ഹരിക്ക് സ്‌പോൺസർ ചെയ്തു. രണ്ടു വർഷത്തോളം ഹരി അതുമായി കൂത്താട്ടുകുളം താലൂക്കാശുപത്രിയിൽ കഴിഞ്ഞു. ഡോക്ടർ ആഷയാണ് അന്ന് ഹരിക്ക് വെന്റിലേറ്റർ പരിചരണം നല്കിയിരുന്നത്.
ഒടുവിൽ അനിവാര്യമായ വിധിക്ക് കീഴടങ്ങി ഹരി സ്വതന്ത്രമായി ശ്വസിക്കാവുന്ന സ്വർഗത്തിലേക്ക് ഒരുനാൾപറന്നുപോയി. ഹരിക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയവർ എല്ലാവരും ഒരുപോലെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് – ‘ഹരി ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ.’
വർഷമെത്രയോ കഴിഞ്ഞുപോയി. പക്ഷേ ഇന്നും ഹരിയും ഭാര്യയും മനസ്സിലുണ്ട്. ഓരോ രോഗിയും അനന്യർ ആണ്. പല പാഠങ്ങളാണ് അവർ നമ്മെ പഠിപ്പിക്കുന്നത്. രോഗിയും അയാളുടെ കുടുംബംവും ചേർന്നുകഴിഞ്ഞാൽ പല ഏടുകളുള്ള പുസ്തകമായിരിക്കും നമുക്ക് വായിക്കാനും മനസ്സിലാക്കാനുമായി കിട്ടുന്നത്. മനസ്സിൽ കുളിർമയുള്ള ഡോക്ടർമാർ മാത്രമേ അത്തരം പാഠങ്ങൾ പഠിച്ചെടുക്കുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.
ഡോ.കുഞ്ഞമ്മ ജോർജ്
(റിട്ടയേർഡ് പ്രഫസർ, അനസ്‌തേഷ്യ വിഭാഗം, കോട്ടയം മെഡിക്കൽ കോളജ്)