കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്‍ക്കുന്നത്.! നാളെ അവര്‍ ഈ വീടിന്റെ ഭരണകര്‍ത്താക്കളും നമ്മള് അവരുടെ ആശ്രിതരുമായിത്തീരുമെന്ന വിചാരമൊന്നും ഇല്ലാതെയല്ലേ അവരെ ചിലപ്പോഴെങ്കിലും നാം ട്രീറ്റ് ചെയ്യുന്നത്? അവരോട് ഇടപെടുകയും സംസാരിക്കുകയും ചെയ്യുമ്പോഴും ഇതേ സമീപനം തന്നെയാണ് നാം പുലര്‍ത്തുന്നത്. വീടിനുള്ളില്‍ ഇതാണ് അവസ്ഥയെങ്കില്‍ വീടിന് വെളിയിലും അവര്‍ വിവേചനവും അവഗണനയും നേരിടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഈ വിവേചനത്തി്ന്റെ ഏറ്റവും പ്രകടമായ തെളിവാണ് കുട്ടികള്‍ക്ക് നല്കുന്ന സൗജന്യ പഠനോപകരണങ്ങളുടെയും മറ്റ് സാമ്പത്തികസഹായങ്ങളുടെയും വിതരണത്തിന്റെ പേരിലുള്ള പരസ്യപ്പെടുത്തലുകള്‍.
അതുപോലെ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്തഥികള്ക്ക് വീടു നിര്മ്മിച്ചുകൊടുക്കുമ്പോഴും കാണാം ഇത്തരത്തിലുള്ള എട്ടുകോളം വാര്‍ത്തകള്‍. ആ ഫോട്ടോകളില്‍ നിര്‍ദ്ധനരായ മാതാപിതാക്കളുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന കുട്ടികളുടെ കണ്ണുകളിലെ ദൈന്യതയും മുറിവും ഇത്തിരിയൊക്കെ വെളിച്ചമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുുന്നതേയുള്ളൂ. പലപ്പോഴും തോന്നിയിട്ടുണ്ട് അത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അവസാനിപ്പിച്ചൂകൂടെ എന്ന് ? നല്‍കുന്നത് സ്വീകരിക്കുന്നവരോടുള്ള സ്നേഹം കൊണ്ടും കരുണ കൊണ്ടുമായിരുന്നുവെങ്കില് ഇത്തരം പ്രസിദ്ധപ്പെടുത്തലുകള്ക്ക് എന്തര്‍ത്ഥമാണുള്ളതെന്ന്! സമാനമായി ചിന്തിക്കുന്ന അനേകരുണ്ട് എന്നതും യാഥാര്‍ത്ഥ്യം. അത്തരക്കാരുടെയെല്ലാം നിശ്ശബ്ദമായ ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് ഇപ്പോള്‍ ഫലവത്തായിരിക്കുന്നത്. കുട്ടികള്‍ക്ക് നല്കുന്ന സാമ്പത്തികസഹായങ്ങളുടെയൊന്നും വാര്‍ത്തയോ ഫോട്ടോയോ പ്രസിദ്ധീകരിക്കരുതെന്ന ഔദ്യോഗികമായ നിയമം വന്നിരിക്കുന്നു. നോട്ബുക്കുകള്‍ പോലും നല്‍കുന്നത് എട്ടുകോളം വാര്‍ത്തയും ചിത്രവുമാക്കി മാറ്റുന്നവര്‍ക്ക് ഈ താക്കീത് കനത്ത പ്രഹരം തന്നെയായിരിക്കും. തങ്ങളുടെ പേരും ഫോട്ടോയും പത്രത്തില്‍ വരാന്‍ ആഗ്രഹിച്ചും നാട്ടുകാരുടെ കൈയടി ആഗ്രഹിച്ചും നല്കുന്ന ദാനങ്ങള്‍ ഈ നിയമം വരുന്നതോടെ എത്രത്തോളം തുടരുമെന്നും കണ്ടറിയണം. ദാനം നല്‍കുന്നത് നല്ലതു തന്നെ. എന്നാല്‍ എങ്ങനെ നല്കുന്നു എന്നതാണ് അതിനേക്കാള്‍ പ്രധാനം. ഞാന്‍ ഒരാള്‍ക്ക് ഒരു രൂപ കൊടുക്കുന്നത് അയാള്‍ എന്നെക്കാള്‍ ഇല്ലാത്തവനായതുകൊണ്ടാണല്ലോ. ആ ഇല്ലായ്മയെ എന്റെ സമ്പന്നതകൊണ്ട് മുറിപ്പെടുത്തുന്നത് സംസ്കാരയോഗ്യമല്ല.
സംസ്കാരഹീനതയാണ് കുട്ടികള്‍ക്ക് നല്കുന്ന സാമ്പത്തികസഹായങ്ങളെ പ്രസി്ദ്ധപ്പെടുത്തുന്നതിലൂടെ സംഭവിക്കുന്നത്. കുട്ടികളുടെ മനസ്സിലേല്ക്കുന്ന മുറിവുകള്‍ക്ക് വലിയ ആഴമുണ്ട്. ആ മുറിവുകള്‍ അവരുടെ ഭാവിജീവിതത്തെ കൂടി ദോഷകരമായി ബാധിക്കും. അത്തരം മുറിവുകളില്‍ നിന്ന് മോചിതരാകാന്‍ പുതിയ ഇത്തരം നിയമങ്ങള്ക്ക കഴിയട്ടെ. കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്ക്കെല്ലാം അഭിനന്ദനങ്ങള്‍.