TOP 12

Date:

spot_img

കുമ്പളങ്ങിനൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും

മലയാളി സിനിമാ പ്രേക്ഷകർക്ക് പുതിയ ഭാവുകത്വവും ആസ്വാദനവും നല്കിയ രണ്ടു ചിത്രങ്ങളായിരുന്നു കുമ്പളങ്ങി നൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാള സിനിമ പുതിയ രീതിയിൽ ചിന്തിക്കുകയും അവതരണത്തിൽ പുതിയ ഭാഷ പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് അടയാളപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് സാധിച്ചു. പുതിയ താരോദയങ്ങളെയും സാങ്കേതികവിദഗ്ദരെയും പ്രസ്തുത ചിത്രങ്ങളിലൂടെ മലയാളത്തിന് ലഭിക്കുകയും ചെയ്തു. അന്നാ ബെനും മധു സി നാരായണനും മാത്യു ജോസഫും അവരിൽ ചിലർ മാത്രം

ഉയരെ, ഹെലൻ, ഫൈനൽസ്

ജീവിതത്തിലെ തിക്താനുഭവങ്ങളുടെ നേരെ മിഴിപൂട്ടിയിരിക്കാതെ അതിജീവിക്കുകയാണ് വേണ്ടതെന്ന സന്ദേശം നല്കിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. സ്ത്രീകളായിരുന്നു ഈ മൂന്ന് സിനിമകളിലും പ്രധാന കഥാപാത്രങ്ങളായി വന്നത് എന്നതും ശ്രദ്ധേയം. പാർവതി, അന്നാബെൻ, രജിഷ വിജയൻ എന്നീ താരങ്ങളാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായത്.

ജല്ലിക്കെട്ട്, ചോല

മനുഷ്യനിലെ ആസുരതകളെ അനാവരണം ചെയ്യുന്നവയായിരുന്നു ലിജോ ജോസിന്റെ ജെല്ലിക്കെട്ടും സനൽകുമാർ ശശിധരന്റെ ചോലയും. മനുഷ്യനിൽ ഇനിയും സംസ്‌കരിക്കപ്പെടാത്ത മൃഗീയതയുണ്ടെന്ന് ജെല്ലിക്കെട്ടും മനുഷ്യമനസ്സിൽ അടർന്നുമാറിയിട്ടില്ലാത്ത കറയുണ്ടെന്ന് ചോലയും ഇരു സംവിധായകരും അവരുടെ വ്യത്യസ്തമായ ക്രാഫ്റ്റിലൂടെ പ്രേക്ഷകരോട് സംവദിച്ചു.

കക്ഷി അമ്മിണിപ്പിള്ള, കെട്ട്യോളാണ് എന്റെ മാലാഖ

 ദാമ്പത്യബന്ധങ്ങളിലെ സങ്കീർണ്ണതകൾ ഹൃദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞ ചിത്രങ്ങളായിരുന്നു ഇവ രണ്ടും. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ആഴപ്പെട്ട വിചാരങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിന്തിപ്പിക്കാനും തിരുത്തുവാനും ഈ ചിത്രങ്ങൾക്ക് കഴിഞ്ഞുവെന്നത് നിസ്സാരകാര്യമല്ല.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ

വരും കാലങ്ങളിൽ കേരള സമൂഹം അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന  ഈ ചിത്രം കാലത്തിന് മുമ്പേ സഞ്ചരിച്ചാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്.

വികൃതിയും പട്ടാഭിരാമനും

സോഷ്യൽ മീഡിയായുടെ ഇക്കാലത്ത് അവ എങ്ങനെ ഗൗരവത്തോടെയും വീണ്ടുവിചാരത്തോടെയും കൈകാര്യം ചെയ്യണമെന്ന്  ഓർമ്മപ്പെടുത്താൻ യഥാർത്ഥസംഭവത്തെ ആസ്പദമാക്കിയെടുത്ത വികൃതിക്ക് കഴിഞ്ഞു. പ്രതിപാദനത്തിലെ പുതുമ കൊണ്ടോ അവതരണമികവു കൊണ്ടോ അല്ല കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ്  പട്ടാഭിരാമൻ ശ്രദ്ധിക്കപ്പെട്ടത്. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് രണ്ടു ചിത്രങ്ങളും കൈകാര്യം ചെയ്തത്.
ഇഷ്‌ക്, ജൂൺ, വിജയ് സൂപ്പറും പൗർണ്ണമിയും പോലെയുളള  സിനിമകളും പോയവർഷത്തെ നല്ല സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചുരുക്കത്തിൽ മലയാളസിനിമയുടെ നടപ്പുശീലങ്ങൾ സൗമ്യതയോടെ എടുത്തുമാറ്റുന്ന കാഴ്ചയാണ് നാം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ ചിത്രങ്ങളിൽ ഭൂരിപക്ഷവും പുതിയ സംവിധായകരുടെയും പുതിയ തിരക്കഥാകൃത്തുക്കളുടെയും സംഭാവനകളായിരുന്നു. അഭിനേതാക്കളിൽ വ്യത്യസ്തമായ വേഷപ്പകർച്ചകൊണ്ടും ചിത്രങ്ങളുടെ സാമ്പത്തികവിജയം കൊണ്ടും എണ്ണം കൊണ്ടും മുമ്പിൽ നില്ക്കുന്നത് ആസിഫ് അലിയാണ് (വിജയ്സൂപ്പറും പൗർണ്ണമിയും, ഉയരെ,  വൈറസ്, കക്ഷി അമ്മിണിപ്പിളള, മേരാ നാം ഷാജി, അണ്ടർവേൾഡ,് കെട്ട്യോളാണ് എന്റെ മാലാഖ) എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!