കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ. കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ് ചെയ്തിരുന്നത്. കാരണം കർഷകരെ സംഘടിപ്പിച്ചു നിർത്താനോ മുൻനിരയിലേക്ക് നീക്കിനിർത്തി അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ അധികമാരുമുണ്ടായിരുന്നില്ല.അവർ എന്നും പിന്നാക്കം നിന്നിരുന്നവരായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെയും നേരിട്ടുള്ള വോട്ടുബാങ്കുകളല്ലാതിരുന്നവർ. ഇത്തരം ഒരു സാഹചര്യത്തിലാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള കർഷകസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തി വർദ്ധിച്ചിരിക്കുന്നത്. തലശ്ശേരിയിൽ തുടങ്ങിവച്ച ആ മുന്നേറ്റം മറ്റ് പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വാർത്തകൾ.
നമ്മുടെ സമൂഹത്തെ താങ്ങിനിർത്തുന്ന ഏറ്റവും വലിയ ശക്തിസ്രോതസാണ് കർഷകർ എന്നതാണ് സത്യം. ഒരു എൻജിനീയർ ഇല്ലെങ്കിലും കളക്ടർ ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. സിനിമ കണ്ടില്ലെങ്കിലും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷേ ഒരു കർഷകൻ ഇല്ലാതെ നമുക്കെങ്ങനെ ജീവിക്കാനാവും. ഭക്ഷണമില്ലാതെ നമുക്കെങ്ങനെ ജീവിക്കാനാകും?
പക്ഷേ ഡോക്ടർക്കോ സിനിമാതാരത്തിനോ സാഹിത്യകാരനോ കൊടുക്കുന്ന ആദരവോ അംഗീകാരമോ ബഹുമതിയോ ഒരു കർഷകന് ഒരിക്കലും കിട്ടുന്നില്ല. താഴെക്കിടയിലുള്ള വർഗ്ഗമായിട്ടാണ് ഉദ്യോഗസ്ഥവരേണ്യവർഗ്ഗം അവരെ കാണുന്നത്. ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്ന് നാം പറയാറുണ്ട്. അതുപോലെ ഓരോ അരിമണിയിലും അതിന് വിയർപ്പൊഴുക്കിയ ആളുടെ പേരും എഴുതിവച്ചിട്ടില്ലേ? പക്ഷേ അതാര്
ഓർക്കുന്നു?
നമ്മൾ നമ്മുടെ പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങികഴിക്കുന്നു. അവർ എഴുതിത്തരുന്ന ബില്ല പേ ചെയ്ത് ഏമ്പക്കം വിട്ട് ഒന്നുകിൽ സന്തോഷത്തോടെയോ അല്ലെങ്കിൽ കുറ്റം പറഞ്ഞോ ഇറങ്ങിപ്പോകുന്നു. പക്ഷേ അപ്പോഴൊക്കെ ഒരിക്കലെങ്കിലും ആ ഭക്ഷണത്തിന് പിന്നിൽ വിയർപ്പൊഴുക്കിയ ഒരു വ്യക്തിയെ അത് പാടത്ത് വിളയിച്ച, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ അതിന് വേണ്ടി അദ്ധ്വാനിച്ച വ്യക്തിയെ ഓർമ്മിക്കുന്നുണ്ടോ? വീടുകളിൽ നിന്ന് അതിരാവിലെ വാങ്ങുന്ന പാൽ മുതൽ എത്രയോ സാധനങ്ങളുടെ പേരിലാണ് നാം ഓരോദിവസവും ഓരോ കർഷകനോടും കടപ്പെട്ടിരിക്കുന്നത്?
നമ്മൾ കൊടുക്കുന്ന വിലയിൽ പലപ്പോഴും അർഹിക്കുന്നതുപോലും ഈ കർഷകരുടെ കൈകളിൽ എത്തുന്നുമുണ്ടാവില്ല. എന്നിട്ടും നഷ്ടം സഹിച്ചും അവർ ഓരോരോ കൃഷി ചെയ്യുന്നു. നെല്ലുവിതച്ചും പച്ചക്കറികൃഷി നടത്തിയും റബർ വെട്ടിയും പശുവിനെ വളർത്തിയും എല്ലാം. കാരണം ഇതാണ് അവരുടെ ജീവിതം. അവർക്ക് ഇതല്ലാതെ മറ്റൊന്നും അറിയില്ല. അറിവുകുറഞ്ഞവർ… വിദ്യാഭ്യാസം കുറഞ്ഞവർ…
തങ്ങൾ അനുഭവിക്കുന്ന ചൂഷണം കാരണമായിത്തന്നെയാണ് ഒരുകർഷകനും തന്റെ മക്കൾ കർഷകരായിത്തീരണമെന്ന് ആഗ്രഹിക്കാത്തത്. രണ്ടക്ഷരം പഠിച്ച് വല്ല ജോലിയും മേടിക്കെന്റെ മക്കളേ എന്നാണ് അവർ പിൻതലമുറയോട് പറയുന്നത്. ഡോക്ടറുടെ മകൻ ഡോക്ടറാകുമ്പോഴും അതുകൊണ്ടുതന്നെ കർഷകന്റെ മകൻ കർഷകനാകുന്നില്ല. ഈ രംഗത്തുള്ള അനീതിയും അസമത്വവും ജീവിതമാർഗ്ഗത്തിനുള്ള വെല്ലുവിളികളും തന്നെ പ്രധാന കാരണം.
വരുംകാലങ്ങളിലെങ്കിലും ഈ മനോഭാവത്തിൽ മാറ്റംവരണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ അവിടവിടെയായി കൃഷിയിൽ പൊന്നുവിളയിക്കുന്ന ചില വിജയഗാഥകൾ കേൾക്കുന്നത് സന്തോഷകരമായ കാര്യംതന്നെ. കൂടുതൽ ചെറുപ്പക്കാർ കൃഷിയിലേക്ക് വരണം. അതിനാദ്യം വേണ്ടത് കൃഷികൊണ്ട് ജീവിക്കാനാവശ്യമായതു ലഭിക്കും എന്ന സാഹചര്യം ഉറപ്പുവരുത്തലാണ്. അർഹമായതു കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്. ഗവൺമെന്റിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും പിന്തുണയും പിന്താങ്ങലുമാണ്. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ആളുകളുണ്ടെന്ന തിരിച്ചറിവാണ്. അത്തരമൊരു മാറ്റത്തിന് കാരണമാകട്ടെ പുതുതായി അരങ്ങേറുന്ന കാർഷികമുന്നേറ്റങ്ങൾ.
വിയർപ്പൊഴുക്കിയും വെയിലേറ്റും മഴ നനഞ്ഞും ഗ്ലാമറസ് ലോകത്തിന് അന്യമായിനിന്നുകൊണ്ട് ഞങ്ങളെ ഓരോ ദിവസവും തീറ്റിപ്പോറ്റുന്ന പ്രിയപ്പെട്ട കർഷകരേ നിങ്ങളുടെ കൈകളെ ഞങ്ങൾ ആദരവോടെ ചുംബിക്കട്ടെ. ജയ് കിസാൻ എന്ന് മുദ്രാവാക്യം ഉറക്കെവിളിക്കുകയും ചെയ്തുകൊണ്ട് എന്നും നിങ്ങൾക്കൊപ്പം..