നൂലുകൊണ്ട് ഒരു ചിത്രലോകം

Date:

spot_img

നൂല് നട്ട് ചിത്രലോകം പണിയുന്ന ഒരാളെ പരിചയപ്പെടാം. രാജേഷ് പച്ച എന്നാണ് അദേഹത്തിന്റെ പേര്. സ്വദേശം കണ്ണൂർ ജില്ലയിലെ ചാലാട്. തൊഴിൽ ഇലക്ട്രീഷ്യൻ. പകൽ വെളിച്ചത്തിന്റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്‌നങ്ങളുടെ നിറലോകത്തേക്ക് എത്തും. അവിടെയിരുന്നാണ് അയാൾ തന്റെതുമാത്രമായ ചിത്രലോകം പണിതൊരുക്കുന്നത്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം..
ചിത്രകാരനായതുകൊണ്ട് പേരിന്റെ അറ്റത്ത് പച്ച  വച്ച ഒരാളല്ല രാജേഷ്. മറിച്ച് ആ നിറം തന്നെ അദേഹത്തിന്റെ കുടുംബപ്പേര് ആകുന്നു. ‘പച്ച’ കുടുംബത്തിൽ ഒരാൾ പോലും ചിത്രകാരനായിരുന്നില്ല. അതിനാൽ ചിത്രലോകത്തിന് പുറത്തായിരുന്നു രാജേഷിന്റെ ബാല്യം. തന്റെ 22 -ാം വയസിലാണ് ചിത്രലോകത്തിന്റെ ഉൾവിളി രാജേഷിനെ തേടിയെത്തുന്നത്. അങ്ങനെ അദേഹം ചെറിയരീതിയിൽ ചിത്രങ്ങളും മറ്റും വരച്ചുതുടങ്ങി. ഓയിൽ പെയിന്റിംഗ് ആയിരുന്നു ആദ്യകാലത്തെ പരീക്ഷണങ്ങൾ. വരച്ച ചിത്രങ്ങളിൽ സംതൃപ്തി കണ്ടെത്തിയും അവയിലെ പോരായ്മ സ്വയം മനസിലാക്കിയും അദേഹം വർഷങ്ങളോളം ചിത്രപ്പണി തുടർന്നു.
ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നൽ അയാളെ നിരന്തരം വേട്ടയാടി. അങ്ങനെയാണ് പരീക്ഷണങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. വൈക്കോലും ചകിരിയും കാൻവാസിൽ ഒട്ടിച്ചെടുത്ത് ചിത്രങ്ങളായി രൂപപ്പെടുത്തുകയായിരുന്നു ആദ്യ പരീക്ഷണം. പ്രകൃതിയിൽ നിന്ന് രൂപപ്പെടുന്ന ചിത്രങ്ങൾ അങ്ങനെ രാജേഷിൽ സംതൃപ്തി നിറച്ചു. വ്യത്യസ്തതയാർന്ന മാധ്യമം ഉപയോഗിക്കപ്പെട്ടപ്പോൾ ചിത്രങ്ങൾക്ക് ഒർജിനാലിറ്റി സംഭവിച്ചു. അങ്ങനെ ആ ചിത്ര പരീക്ഷണം മുന്നോട്ടുപോയി.

വീണ്ടും വ്യത്യസ്തതയ്ക്കുള്ള ഉൾവിളികൾ രാജേഷിനെ തേടിയെത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് അയാൾ നൂലുകളുടെ ലോകത്ത് എത്തുന്നത്. വർണ നൂലുകൾകൊണ്ട് ചിത്രങ്ങൾ ഒരുക്കുക. നല്ല ആശയമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ ചെറുതായി മുറിച്ചെടുത്ത് സ്‌കെച്ച് വരച്ചെടുത്ത ചിത്രങ്ങളിൽ പതിപ്പിച്ചു വയ്ക്കുക. ശ്രമകരമായിരുന്നു ജോലി. പക്ഷെ ചിത്രങ്ങൾ പൂർത്തിയായിക്കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി. താൻ അന്വേഷിച്ചു നടന്നിരുന്ന ചിത്രരചനാ മാധ്യമം ഇതുതന്നെയെന്ന് അദേഹം ഉറപ്പിച്ചു. കട്ട് ത്രെഡ് ആർട്ട് എന്ന് അദേഹം അതിനു പേരിടുകയും ചെയ്തു.

പിന്നീട് രചന ചാതുരിയുടെ സംതൃപ്ത ചിത്രങ്ങൾ കാൻവാസിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. പാവങ്ങളുടെ അമ്മ മദർ തെരേസ, ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, സ്വപനങ്ങളുടെ ചിറക് വിരിക്കാൻ പഠിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാം, വാക്കുകൾ കൊണ്ട് സാഗരം സൃഷിടിച്ച സുകുമാർ അഴീക്കോട് എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളുടെ നിറഭേദങ്ങൾ നൂലിൽ കോർത്ത് നിറഞ്ഞുനിന്നു. കാലത്തെ അതിജീവിച്ച  വ്യക്തിത്വങ്ങളിൽ നിന്നും അദേഹം കാലാതിവർത്തിയായ ചിത്രങ്ങളിലേക്കും ഇടയ്ക്കു ചുവടുമാറ്റി. അങ്ങനെയാണ് രവിവർമചിത്രങ്ങളായ വിളക്കേന്തിയ വനിത, ഹംസവും ദമയന്തിയും, അച്ഛനെ കാത്തുനിൽക്കുന്ന കുട്ടി എന്നീ ചിത്രങ്ങൾ നൂലിന്റെ മനോഹാരിതയിൽ ഒരുക്കിയെടുത്തത്. ഇടയ്ക്ക് രാജേഷ് സാമൂഹിക പ്രസക്തമായ വിഷയങ്ങളും വർണങ്ങളിൽ കോർത്തെടുത്തു. വരൾച്ച, ഹർത്താൽ, കണ്ണൂരിലെ അക്രമ രാഷ്ടീയം എന്നിവയൊക്കെ പ്രമേയമാക്കി ശ്രദ്ധേയമായ ചിത്രങ്ങളാണ് അദേഹം നിർമിച്ചെടുത്തത്.

പകൽ ജീവൽ പ്രശ്നങ്ങളുമായി ഓടുമ്പോഴും രാത്രി സ്വപ്‌നങ്ങൾക്കു പിന്നാലെ പായുമ്പോഴും രാജേഷിൽ ചില ദുഃഖങ്ങൾ ബാക്കിയാകുന്നു. കഷ്ടപ്പാടുകൾക്കുള്ള വില അംഗീകരിക്കപ്പെടുന്നില്ല എന്നുള്ള വിഷമം. ചിത്ര പ്രദർശനങ്ങൾ നടത്തുമ്പോൾ തന്റെ കഷ്ടപ്പാടുകളുടെ ഒരു അംശം മാത്രം തുകയായി ചിത്രങ്ങളുടെ വിലയായി ഇട്ടാലും അത് വലിയ തുകയാണെന്നാണ് പലരും പറയുന്നത്. പല രാത്രികളിലും ഉറക്കമിളച്ചിരുന്ന് സസൂക്ഷ്മം നൂലുകൾ ചേർത്തുവച്ചാലെ ചിത്രങ്ങൾ രൂപപ്പെടുകയുള്ളൂ എന്ന് അദേഹം വിശദീകരിക്കാൻ പോകാറില്ല. കാരണം രാജേഷിന് തന്റെ ചിത്രങ്ങൾ സ്വപ്‌നങ്ങൾ കൂടിയാണ്. സാമ്പത്തിക ബാധ്യതകൾ വരുമ്പോഴും അവ തനിക്കൊപ്പമുണ്ടല്ലോ എന്ന് അദേഹം അപ്പോൾ ആശ്വസിക്കുന്നു.
സർക്കാർ തലത്തിൽ ചിത്രകാരൻമാർക്കുള്ള സഹായങ്ങൾക്കായി അപേക്ഷിക്കാൻ തന്റെ ചിത്രകലാ മാധ്യമം അനുവദിക്കുന്നില്ല എന്നുള്ള വിഷമമാണ് രാജേഷിനെ കൂടുതൽ ദുഃഖിതനാക്കുന്നത്. പരമ്പരാഗത കലകളെ സർക്കാർ അംഗീകരിച്ച് അവയ്ക്ക് സഹായം ചെയ്യുമ്പോഴും രാജേഷ് ഉപയോഗിക്കുന്ന കട്ട് ത്രെഡ് ആർട്ട് അവയുടെ നിർവചനങ്ങളിൽ പെടുന്നില്ല എന്നാണ് അധികാരികളുടെ പക്ഷം.
ബുദ്ധിമുട്ടുകൾ മനസിലാക്കാമെങ്കിലും സഹായം ചെയ്യാനാകില്ല എന്ന് എല്ലാവരും കൈമലർത്തുന്നു. പോരാടാൻ രാജേഷ് ഒറ്റയ്ക്കായതിനാൽ അധികൃതരുടെ നൂലാമാലകൾക്കു പിറകെ ഓടിത്തളരുകയാണിന്ന് അദേഹം. പക്ഷെ കൂടെയിരുന്ന് സാന്ത്വനിപ്പിക്കാൻ ഭാര്യ പ്രജിനയും അഞ്ചാംക്ലാസ് വിദ്യാർഥിയായ അദ്വൈദും ഒരു വയസുകാരി ആൻവികയും ഉള്ളപ്പോൾ എല്ലാം ശുഭപ്രതീക്ഷയെന്ന് രാജേഷ്.

രാജേഷിന്റെ ഫോൺ നമ്പർ-9847596924

വിനിൽ ജോസഫ്

More like this
Related

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...
error: Content is protected !!